പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയത്തിൽ പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരെ പ്രതിരോധം ശക്തമാക്കി പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ പതിനൊന്നാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി.
രാജ്യസഭ രാവിലെ സമ്മേളിച്ചയുടന്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. തുടര്‍ന്ന് 12 വരെ നിര്‍ത്തിവച്ച സഭ വീണ്ടും രണ്ടുമണി വരെ പിരിഞ്ഞു. രണ്ടുമണിക്ക് വീണ്ടും സമ്മേളിച്ച സഭയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്സി കോഡ് ഭേദഗതി ബില്‍ പാസാക്കി 2.40 ഓടെ പിരിയുകയാണുണ്ടായത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എം പി റൂള്‍ 267 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.
ലോക്സഭ ആരംഭിച്ചയുടന്‍ ചോദ്യവേള തടസപ്പെടുത്തിക്കൊണ്ട് പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചോദ്യവേള മുന്നോട്ടു കൊണ്ടുപോകാനാണ് സ്പീക്കര്‍ ഓം ബിര്‍ള ശ്രമിച്ചത്. തുടര്‍ന്ന് 12 വരെയും പിന്നീട് രണ്ടു വരെയും സഭ നിര്‍ത്തിവച്ചു. രണ്ടു മണിക്ക് ചേര്‍ന്ന സഭയില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ നാലുവരെ നിര്‍ത്തിവച്ച സഭയിലും സമാന രംഗങ്ങൾ ആവര്‍ത്തിച്ചു. തുടര്‍ന്ന് സഭ പിരിയുകയാണുണ്ടായത്.
ഡിഫന്‍സ് സര്‍വീസസ് മേഖലയില്‍ സമരങ്ങളും ലോക്കൗട്ടുകളും ലേ ഓഫുകളും തടയുന്നത് ലക്ഷ്യമിടുന്ന എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസസ് ബില്ലും ട്രൈബ്യൂണല്‍ റിഫോംസ് ബില്ലും ലോക്സഭ പാസാക്കി.
English : Pegasus phone tapping; protest in parliament
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.