Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

July 20, 2021, 5:26 am

പെഗാസസ് വിരല്‍ചൂണ്ടുന്നത് അരക്ഷിതനായ സ്വേച്ഛാധിപതിയിലേക്ക്

Janayugom Online

ന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ന്യായാധിപരും മാധ്യമപ്രവര്‍ത്തകരും ബിസിനസുകാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അഭിഭാഷകരും അവകാശ പ്രവര്‍ത്തകരുമടക്കം മുന്നൂറില്‍പരം പ്രമുഖര്‍ അജ്ഞാത സര്‍ക്കാര്‍ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന ആരോപണം മോഡി ഭരണകൂടത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനശൈലിയും സ്വേച്ഛാധിപത്യ പ്രവണതയുമാണ് തുറന്നുകാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രി ആരോപണങ്ങള്‍ നിഷേധിക്കുമ്പോഴും ലോകത്തെ നിരവധി ഏകാധിപത്യ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു എന്നത് കേവലം യാദൃശ്ചികതയല്ല. പെഗാസസ് ചാരനിരീക്ഷണ സോഫ്റ്റ്‌വേര്‍ സര്‍ക്കാരുകള്‍ക്കും അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രം വില്ക്കുന്ന എന്‍എസ്ഒ എന്ന ഇസ്രയേല്‍ കമ്പനി 40 രാജ്യങ്ങളിലായി 60 സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സോഫ്റ്റ്‌വേര്‍ വിറ്റതായി സമ്മതിക്കുന്നു. കച്ചവടത്തില്‍ രഹസ്യസ്വഭാവം പുലര്‍ത്തുന്ന അവര്‍ ഏതൊക്കെ രാജ്യങ്ങള്‍ക്കും ഏജന്‍സികള്‍ക്കുമാണ് അവ വിറ്റതെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നു. ഇന്ത്യയിലെ തങ്ങളുടെ നിരവധി ഉപഭോക്താക്കള്‍ പെഗാസസ് ചാരസോഫ്‌റ്റ്‌വേര്‍ നിരീക്ഷണത്തിലാണെന്ന് 2019ല്‍ വാട്സ് ആപ്പ് പരാതിപ്പെട്ടിരുന്നു. അത് വസ്തുതാവിരുദ്ധമാണെന്നായിരുന്നു ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ നിലപാട്. ഇപ്പോള്‍ 17മാധ്യമ സ്ഥാപനങ്ങള്‍ പാരീസ് ആസ്ഥാനമായുള്ള ഫൊര്‍ബിഡന്‍ സ്റ്റോറീസ് എന്ന ലാഭരഹിത മാധ്യമ സംഘടനയുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ടൊറാന്റോ സര്‍വകലാശാലയുടെ സിറ്റിസണ്‍‍ ലാബിന്റെയും പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണം മോഡി സര്‍ക്കാരടക്കം പത്ത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നടത്തിവരുന്ന നിയമവിരുദ്ധ ചാരനിരീക്ഷണ പദ്ധതികളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ നിഷേധിച്ച പുതിയ വാര്‍ത്താവിനിമയ ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവയും മോഡി മന്ത്രിസഭയിലെ ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും ചാരനിരീക്ഷണവിധേയരില്‍ ഉള്‍പ്പെടുന്നു.

വിമര്‍ശകരെയും ഭിന്നാഭിപ്രായക്കാരെയും നിരീക്ഷണവിധേയമാക്കുകയും അവര്‍ക്കെതിരെ കൃത്രിമ സൈബര്‍ തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുക എന്നത് മോഡി ഭരണത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു കലയും ശാസ്ത്രവുമായി വികസിപ്പിച്ചതിന് തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. എല്‍ഗര്‍ പരിഷദ് കേസില്‍ തടവിലാക്കപ്പെട്ട റോണാ വില്‍സനടക്കം അവകാശ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ച് അവരുടെ കമ്പ്യൂട്ടറുകളില്‍ കടത്തിവിട്ടതാണെന്ന് യുഎസിലെ ഡിജിറ്റല്‍ ഫോറന്‍സിക് കണ്‍സല്‍ട്ടിങ് കമ്പനി ആഴ്‌സണല്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളാവട്ടെ ഒരു പടികൂടി കടന്ന് തനിക്കു ചുറ്റുമുള്ളവരെപോലും നരേന്ദ്രമോഡി സംശയത്തോടെയും ഭയപ്പാടോടെയുമാണ് വീക്ഷിക്കുന്നതെന്നതാണ് തെളിയിക്കുന്നത്. മോഡി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കു പുറമെ വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ, സ്മൃതി ഇറാനിയുടെ സഹായി സഞ്ജയ് കച്ചൂര്‍, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് അവസ്തി തുടങ്ങി സംഘ് പരിവാര്‍ പാളയത്തിലെ പല ഉന്നതരും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. 2019ലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ അഞ്ച് സ്നേഹിതരും രണ്ട് സഹായികളും നിരീക്ഷണ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിയും പെഗാസസ് ചാര സോഫ്‌റ്റ്‌വേര്‍ നിരീക്ഷണത്തിലായി. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ഉപദ്രവം ആരോപിച്ച കോടതി അസിസ്റ്റന്റിന്റെയും അവരുടെ കുടുബാംഗങ്ങളുടെയും പതിനൊന്ന് മൊബൈല്‍ ഫോണുകളും നിരീക്ഷണ വിധേയമായതായി ആംനസ്റ്റിയുടെ ടെക്‌നിക്കല്‍ ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ വാര്‍ത്ത പോര്‍ട്ടല്‍ ‘ദ വയറി‘ല്‍ സ്ഥിരമായി എഴുതുന്ന രോഹിണി സിങ്ങടക്കം 40 ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും പെഗാസസ് ചാര നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷാ, നരേന്ദ്രമോഡിയുമായി ഉറ്റബന്ധമുള്ള നിഖില്‍ മര്‍ച്ചന്റ്, മോഡിയുടെ മന്ത്രിസഭാംഗമായ പിയൂഷ് ഗോയല്‍ എന്നിവരുടെ ബിസിനസ് ഇടപാടുകളെപ്പറ്റിയുള്ള രോഹിണി സിങ്ങിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അവര്‍ നിരീക്ഷണ വലയത്തിലായത്.

ശാസ്ത്രീയ പരിശോധനകളുടെയും അനിഷേധ്യമായ വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ അസംബന്ധമായി നിരാകരിക്കുക ഭരണകൂടത്തിന്റെ ആവശ്യമാണ്. നിയമാനുസൃതം രാജ്യസുരക്ഷയുടെ പേരില്‍ നടത്തുന്ന നിരീക്ഷണവും അനധികൃതമായി നടത്തുന്ന ചാരനിരീക്ഷണവും വ്യത്യസ്തങ്ങളാണ്. പെഗാസസ് ചാരസോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചുള്ള നിരീക്ഷണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ നടത്താനാവൂ എന്നിരിക്കെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ഭരണകൂടത്തെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അത് ഭരണകൂട കുറ്റകൃത്യവും പൗരന്റെ സ്വകാര്യതയെന്ന മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണ്. അവയെല്ലാം വിരല്‍ ചൂണ്ടുന്നത് അരക്ഷിത ബോധം വേട്ടയാടുന്ന സ്വേച്ഛാധിപതിയിലേക്കാണ്. മറിച്ചാണെങ്കില്‍ സംഭവത്തെപ്പറ്റി നിഷ്പക്ഷവും സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിനു തയ്യാറാവണം. കുറ്റവാളികള്‍ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട.