പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതില്ലെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഉത്തരം നല്‍കുന്നതിന് തീയതി നിശ്ചയിച്ച ചോദ്യംപോലും പരിഗണിക്കരുതെന്നാണ് നിര്‍ദ്ദേശം. ഓഗസ്റ്റ് 12 ന് ഉത്തരം നല്‍കുമെന്നറിയിച്ച സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തിന്റെ ചോദ്യമാണ് പരിഗണിക്കരുതെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിന് നിര്‍ദ്ദേശം നല്‍കിയത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയില്‍ മറുപടി നല്‍കേണ്ടതില്ലെന്നാണ് വിശദീകരണം. രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗീകരിച്ച ശേഷം മറുപടി നല്കുന്നതിനായുള്ള വിശദീകരണം തേടിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാടെടുത്തത്.
വിദേശ കമ്പനികളുമായി സര്‍ക്കാരുണ്ടാക്കിയ കരാറുകളുടെ വിശദാംശങ്ങള്‍, ഭീകര പ്രവര്‍ത്തന നിയന്ത്രണങ്ങളുടെ ഭാഗമായി സൈബര്‍ സുരക്ഷ ലക്ഷ്യമിട്ട് വിദേശ കമ്പനികളുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, എന്‍എസ്ഒ ഗ്രൂപ്പുമായി ധാരണാ പത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.
പുറമേ മറ്റു എംപിമാരും ഇതേ വിഷയത്തിലുള്ള ചോദ്യം രാജ്യസഭാ സെക്രട്ടേറിയറ്റിന് എഴുതി നല്‍കിയിരുന്നുവെങ്കിലും കേന്ദ്ര നിലപാടിനെ തുടര്‍ന്ന് അവ ഉത്തരം നല്‍കുന്നതിനായി തീയതി നിശ്ചയിക്കാതെ മാറ്റുകയായിരുന്നു. രാജ്യസഭയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടം 47(19) അനുസരിച്ച് ചോദ്യങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അംഗീകരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.
അതേസമയം പൊതുതാല്പര്യ പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ കോടതിയുടെ പരിഗണനയിലാണെങ്കിലും അക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് ലോക്സഭ മുന്‍ ജനറല്‍ സെക്രട്ടറി പിഡിടി ആചാരി അഭിപ്രായപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതികമായല്ല, പൊതു താല്പര്യം പരിഗണിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അത്തരം ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.
വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാമത്തെ ആഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭനം തുടരുകയാണ്. ഇന്നലെയും ഇരു സഭകളും പലവട്ടം നിര്‍ത്തിവച്ച ശേഷം ഒടുവില്‍ തിങ്കളാഴ്ചത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ടാക്സേഷന്‍ നിയമ ഭേദഗതി ബില്ലും സെന്‍ട്രല്‍ യൂണിവേഴ്സിറ്റീസ് ഭേദഗതി ബില്ലും ലോക്സഭ പാസാക്കി.
നടപ്പു സമ്മേളനത്തില്‍ പാസാക്കിയ നിയമ നിര്‍മ്മാണങ്ങള്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും മിനിട്ടുകളിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണ് കാണാനായത്. പ്രതിപക്ഷ എതിര്‍പ്പുകളെ മറികടക്കാന്‍ സഭയിലെ ഭരണപക്ഷ ഭൂരിപക്ഷം മുതലെടുക്കുന്ന മോഡി സര്‍ക്കാര്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
English Summary: Pegasus: Questions remain unanswered, Parliament continues to stagnate
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.