November 30, 2022 Wednesday

Related news

August 25, 2022
August 25, 2022
August 2, 2022
July 18, 2022
May 20, 2022
April 30, 2022
February 24, 2022
February 22, 2022
February 6, 2022
February 4, 2022

പെഗാസസ്: എട്ടു മാസമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല

Janayugom Webdesk
July 18, 2022 10:09 pm

മോഡി സർക്കാരിനെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സ്വതന്ത്ര സമിതി എട്ടുമാസമായിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. ജൂൺ 20 വരെയായിരുന്നു കോടതി സമയം അനുവദിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കാനിരിക്കെ ഈ മാസം അവസാനം റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന.
പെഗാസസ് ചാര സോഫ്റ്റ്‍വേർ ഉപയോഗിച്ച് രാജ്യത്തെ 300 ലധികം മൊബൈൽ ഫോൺ നമ്പറുകൾ നിരീക്ഷിച്ചതായി വാഷിങ്ടൺ പോസ്റ്റ്, ഗാർഡിയൻ, ലെ മൊൺഡേ, ദി വയർ എന്നിവയുൾപ്പെടെ 17 മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇന്ത്യ, യുഎഇ, ഹംഗറി, സൗദി അറേബ്യ, റുവാൺഡ, മൊറോക്കോ, മെക്സിക്കോ, കസാഖിസ്ഥാൻ, ബഹ്റൈൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലുള്ളവരാണ് നിരീക്ഷിക്കപ്പെട്ടവരിലധികവും. അറുന്നൂറിലേറെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും, 189 മാധ്യമപ്രവർത്തകർ, 85 മനുഷ്യാവകാശപ്രവർത്തകർ, 64 ബിസിനസ് എക്സിക്യൂട്ടിവുമാർ, അറബ് രാജകുടുംബാംഗങ്ങൾ എന്നിവരാണ് നിരീക്ഷിക്കപ്പെട്ടത്. ചോർത്തൽ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ എൻഎസ്ഒ ഗ്രൂപ്പിന് നൽകുന്ന ക്ലൗഡ് സേവനങ്ങൾ ആമസോൺ വെബ് സർവീസസ് അവസാനിപ്പിച്ചിരുന്നു.
ഇന്ത്യയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, രണ്ട് കേന്ദ്ര മന്ത്രിമാർ, ഒരു മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ, സുപ്രീം കോടതിയിലെ രണ്ട് രജിസ്ട്രാർമാർ, ഒരു മുൻ ജഡ്ജി, മുൻ അറ്റോർണി ജനറലിന്റെ അടുത്ത സഹായി, 40 മാധ്യമപ്രവർത്തകർ എന്നിവർ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്തുണ്ടായിരുന്ന പ്രമുഖർ, ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (എഎഎസ്‍യു) നേതാവ് സമുജാൽ ഭട്ടാചാര്യ, ഉൾഫ നേതാവ് അനുപ് ചെതിയ, മണിപ്പുർ സാഹിത്യകാരൻ മാലെം നിങ്തുജ തുടങ്ങിയവരെയും നിരീക്ഷിച്ചു. തങ്ങളുടെ ഉപഭോക്താക്കൾ സർക്കാരുകളും അവരുടെ ഏജൻസികളും മാത്രമാണെന്ന് സോഫ്റ്റ്‍വേർ നിർമ്മാതാക്കളായ എൻഎസ്ഒ വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യക്കൊപ്പം മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരുടെത് ഉള്‍പ്പെടെ ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്. പെഗാസസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം കേന്ദ്രം നിഷേധിച്ചിരുന്നു. വിഷയത്തിൽ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ദേശീയ സുരക്ഷയാണ് പ്രശ്നമെന്നും കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതിയിൽ പറഞ്ഞു. തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.
മുന്‍ സുപ്രീം കോടതി ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി ഇക്കഴിഞ്ഞ മേയില്‍ ഇടക്കാല റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിക്ക് നൽകി. ചോർത്തലിന് ഇരയായെന്ന് പറയുന്ന 29 മൊബൈലുകൾ ലഭിച്ചതായും വിദഗ്ധ സമിതി അറിയിച്ചു. കൂടുതൽ സമയം വേണമെന്ന സമതിയുടെ ആവശ്യം പരിഗണിച്ചാണ് ജൂണ്‍ 20 വരെ നീട്ടി നല്കിയത്.

മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

റാഞ്ചി: ഝാർഖണ്ഡിലെ സ്വതന്ത്ര മാധ്യമപ്രവർത്തകനായ രൂപേഷ് കുമാർ സിങ് അറസ്റ്റിൽ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത രൂപേഷ് കുമാറിനെതിരെ യുഎപിഎ ചുമത്തി. പെഗാസസ് ഉപയോഗിച്ച് വിവരം ചോർത്താൻ ലക്ഷ്യംവെച്ച മാധ്യമപ്രവർത്തകരുടെ പട്ടികയില്‍ ഉൾപ്പെട്ടയാളായിരുന്നു രൂപേഷ് കുമാർ സിങ്. തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മാവോയിസ്റ്റ് നേതാവായ പ്രശാന്ത് ബോസ് എന്ന കിഷന്ദ പ്രതിയായ ഒരു കേസുമായി ബന്ധപ്പെട്ടാണ് രൂപേഷ് കുമാറിന്റെ അറസ്റ്റ്. രൂപേഷ് കുമാർ മാവോയിസ്റ്റുകൾക്കായി ഫണ്ട് ശേഖരിക്കാറുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. 2019ലും മാവോയിസ്റ്റ് ബന്ധമാരോപിച്ച് രൂപേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പൊലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതോടെ ജാമ്യം ലഭിച്ചിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുമായും പാർശ്വവല്ക്കരിക്കപ്പെട്ട സമുദായങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാലാണ് രൂപേഷ് കുമാറിനെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബവും മാധ്യമപ്രവർത്തകരും പറയുന്നു.
പൊലീസ് തങ്ങളുടെ വീട്ടിൽ ഒമ്പത് മണിക്കൂർ തിരച്ചിൽ നടത്തിയെന്ന് രൂപേഷിന്റെ ഭാര്യയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ഇപ്‍സ ശതാക്ഷി പറഞ്ഞു.

Eng­lish Sum­ma­ry: Pega­sus: Report not sub­mit­ted after eight months

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.