Web Desk

ന്യൂഡല്‍ഹി

July 18, 2021, 11:11 pm

പെഗാസസിസ് ഫോണ്‍ ചോര്‍ത്തിയത് ബിജെപിയുടെ അറിവോടെ; റിപ്പോർട്ട് പുറത്ത്

Janayugom Online

ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന് റിപ്പോർട്ട്. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് വിശദവിവരങ്ങൾ ദ വൈർ, വാഷിംഗ്ടൺ പോസ്റ്റ്, ​ഗാർഡിയൻ എന്നീ വെബ്സൈറ്റുകൾ രാത്രി ഒൻപതരയോടെ പുറത്തു വിട്ടു.

മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഇതില്‍ മലയാളിയായ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. മോഡി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും ചോര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കെെമാറുന്നവരാണ്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെ​ഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്.

ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെ​ഗാസസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്.

മോഡി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി പെ​ഗാസസിനെ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇത് ഉപയോഗിച്ചോയെന്നും വ്യക്തമാകേണ്ടതുണ്ട്. നാളെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഈ വിശയം ഉന്നയിക്കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. മോഡി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്റ്റ് വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്റ്റ് വെയറുണ്ടെന്ന് ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരിക്കുന്നു. 

ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍, മോഡി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്‌എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ചാണ് ചോര്‍ത്തല്‍. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച്‌ ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്.

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വാര്‍ത്തയെ ശരിവെക്കുന്ന വിധത്തില്‍ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെഗാസസ് എന്ന ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച്‌ ഇന്ത്യക്കാരായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്‌ആപ്പ് ആണ് അന്ന് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

Eng­lish sum­ma­ry: Pega­sus Pro­jec­tA glob­al investigation

You may also like this video: