Web Desk

ജയ്പൂർ:

March 07, 2020, 9:07 pm

പെഹ്‌ലു ഖാന്റെ കൊലപാതകം; പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി

Janayugom Online

പശുക്കളെ കടത്തിയെന്നാരോപിച്ച് ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ കുറ്റക്കാരെന്ന് കോടതി. രാജസ്ഥാൻ ആൽവാറിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിൽ ഉടൻ വിധി പറയും.

കേസുമായി ബന്ധപ്പെട്ട് ആറു പ്രതികളെ വെറുതെ വിട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 2017ലാണ് കാലിക്കടത്ത് ആരോപിച്ച് ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നത്. ആൽവാർ ജില്ലയിൽ വച്ചായിരുന്നു മർദ്ദനം. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിസിഐഡിയും കേസ് അന്വേഷിച്ചു.

പെഹ്‌ലുഖാൻ പേരുപറഞ്ഞ ആറുപേരെയും സിബിസിഐഡി കുറ്റവിമുക്തരാക്കി. വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേറെ ഒമ്പതുപേർക്കെതിരെ വീണ്ടും കുറ്റപത്രം സമർപ്പിച്ചു. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. 2019 ഓഗസ്റ്റിൽ സംശയത്തിന്റെ ആനുകൂല്യം നൽകി ആറ് പ്രതികളേയും ആല്‍വാര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കി.

സെഷന്‍സ് കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ പാകപിഴകള്‍ സംഭവിച്ചതായി പ്രത്യേക അന്വേഷണവിഭാഗം രാജസ്ഥാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ENGLISH SUMMARY: Pehlu khan mur­der fol­low up

YOU MAY ALSO LIKE THIS VIDEO