വയനാട്ടില്‍ വിവിധ കേസുകളിലായി രണ്ട് പേരെ പോക്‌സോ നിയമ പ്രകാരം ശിക്ഷിച്ചു

Web Desk
Posted on April 20, 2018, 8:40 pm

കല്‍പറ്റ: പ്രായപൂര്‍ത്തിയാവാത്തതും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കല്‍പറ്റ ചുഴലി ഈരാകോട്ടുവയല്‍ ശ്രീനിലയം ഉണ്ണിക്കൃഷ്ണ (70)നെ 32 വര്‍ഷത്തെ കഠിന തടവിനും, 50,000 രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇത് കൂടാതെ കേരള വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയില്‍ നിന്നും ഇരയായ പെണ്‍കുട്ടിക്ക് രണ്ട് ലക്ഷം രൂപ പോക്‌സോ നിയമപ്രകാരം നഷ്ടം പരിഹാരം നല്‍കുന്നതിനും കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം ഉത്തരവിട്ടു.
2015‑ലാണ് കേസിനാസ്പദമായി സംഭവം നടന്നത്. പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയം കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൊബൈള്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം തുടര്‍ച്ചയായി പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചുചെന്ന അധ്യാപികയോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. പോക്‌സോ നിയമപ്രകാരമാണ് കല്‍പറ്റ പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ്, എം.ജി. സിന്ധു എന്നിവര്‍ ഹാജരായി.

കല്‍പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാത്ത സമയം പീഡിപ്പിച്ച കേസില്‍ മുത്തങ്ങ കോളൂര്‍ കാട്ടുനായ്ക്ക കോളനിയിലെ മാധവന്‍ (ചണ്ണന്‍ 39)നെ കല്‍പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം മൂന്ന് വര്‍ഷത്തെ കഠിന തടവിനും 20,000 രൂപ പിഴ നല്‍കുവാനും വിധിച്ചു. ചെറുപ്പത്തിലെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിയെയാണ് ഇയാല്‍ പീഡിപ്പിച്ചത്.
കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരവും പോക്‌സോ നിയമം കേരള വിക്ടീം കോമ്പന്‍ഷന്‍ സ്‌കീം പ്രകാരവും ആകെ നാലുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2016‑ല്‍ പോക്‌സോ നിയമപ്രകാരം സുല്‍ത്താന്‍ബത്തേരി പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്.
പോക്‌സോ നിയമപ്രകാരം മേപ്പാടി പൊലീസ് രജിസ്?റ്റര്‍ ചെയ്ത കേസില്‍ പ്രതി മേപ്പാടി കടച്ചിക്കുന്ന് പാറക്കല്‍ പ്രജീഷി(36)നെ ഏഴ് വര്‍ഷം കഠിന തടവിനും 70000 രൂപ പിഴയടക്കുവാനും സ്‌പെഷ്യല്‍ കോടതി ജഡ്ജി അയൂബ്ഖാന്‍ പത്തനാപുരം വിധിച്ചു. കേരള വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ്, എം.ജി. സിന്ധു എന്നിവര്‍ ഹാജരായി.

Pic Cour­tesy: Jagaran Josh