മലേഷ്യന്‍ വിനോദസഞ്ചാരമേഖലയായ പെനാങിന്റെ പ്രചരണാര്‍ത്ഥം പെനാങ്ങ് കണ്വെന്ഷന് & എക്സിബിഷന് ബ്യൂറോ (പി സി ഇ ബി) കൊച്ചിയില്‍ പ്രത്യേകപരിപാടി സംഘടിപ്പിച്ചു. വിനോദ സഞ്ചാരമേഖലയുടെ ഉന്നമനത്തിനായി നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നേരിട്ടെത്തി പെനാങ് അധികൃതര്‍ പ്രത്യേക അവതരണങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ പെനാങ്ങിനെ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 15 അംഗ സംഘത്തെ നയിക്കുന്നത് പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെന്‍, പി സി ഇ ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അശ്വിന് ഗുണശേഖരന് എന്നിവരാണ്. ഹോട്ടലുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനികള്‍, പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് സംഘാടകര്‍, ഈവന്റ്റ് പ്ലാനര്‍മാര്‍ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുത്തു.
ജനപ്രതിനിധിയായ സതീശ് മുനിയാണ്ടിയും ടി ഐ എന്‍ മീഡിയ, ബി 2 ബി ട്രാവല്‍ ഇന്‍ഡസ്ട്രി മീഡിയ, മലേഷ്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്. മലേഷ്യയിലെ വടക്കന്‍ സംസ്ഥാനമായ പെനാങ്ങ് ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മനോഹരമായ ഈ ദ്വീപ് നഗരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിബിഡമായ മഴക്കാടുകളും സുന്ദരമായ മലമ്പ്രദേശങ്ങളും ഷോപ്പിംഗ് ഉത്സവങ്ങളും രുചികരമായ വിഭവങ്ങളുമായി ലോക ടൂറിസം ഭൂപടത്തില്‍ പെനാങ്ങ് ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. പെനാങ്ങിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൂടി പരിഗണിച്ചാണ് രാജ്യത്തെ നാലു പ്രധാന നഗരങ്ങളില്‍ റോഡ്ഷോ നടത്തുന്നത്. ബി 2 ബി സെഷനുകളോടൊപ്പം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചകളും നടന്നു. ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത പെനാങ്ങ് സ്പെഷ്യലിസ്റ്റ് പ്രോഗ്രാമായിരുന്നു പ്രധാന ആകര്‍ഷണം.
ബി 2 ബി സെഷനൊപ്പം ഒരു മുഴുവന്‍ ദിന ഏകദിന ശില്പശാലയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍ക്കൊപ്പം മീറ്റിങ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, എക്സിബിഷന്(എം ഐ സി ഇ), വെഡ്ഡിങ്, സിനിമാ ചിത്രീകരണ ഏജന്‍സികളും ശില്പശാലയുടെ ഭാഗമാകുന്നുണ്ട്. പെനാങ്ങ് ട്രോപ്പിക്കല്‍ സ്പൈസ് ഗാര്ഡന് എം ഡി കാതറിന് ച്വാ ആണ് ശില്പശാല നയിക്കുന്നത് . പെനാങ്ങിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ധനവ് വന്നിട്ടുണ്ടെന്ന് പെനാങ്ങ് കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് ബ്യൂറോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അശ്വിന് ഗുണശേഖരന് അഭിപ്രായപ്പെട്ടു. ‘2019 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പെനാങ്ങിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം 61, 847 ആണ്. പെനാങ്ങ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും സ്വെറ്റ്നം തുറമുഖം വഴിയും എത്തിയവരുടെ കണക്കാണിത്. ഇതേകാലയളവില്‍ 2018ല്‍ എത്തിയവരുടെ എണ്ണം 43,537 ആയിരുന്നു. 42 % വര്‍ധനവാണ് വന്നിരിക്കുന്നത്. ഇതേവരെ കൈവരിച്ചതില്വെച്ച് ഏറ്റവും ആരോഗ്യകരമായ വളര്‍ച്ചയാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.
English summary: Penang convention and exhibition bureau visit at kochi