മഹാകവി ചങ്ങമ്പുഴയുടെ ജന്മദിനാഘോഷം കവിതകളുടെ പെണ്ണരങ്ങാല്‍ വേറിട്ടതായി

Web Desk
Posted on October 11, 2019, 6:31 pm

ഷാജി ഇടപ്പള്ളി

കൊച്ചി : മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 109 മത് ജന്മദിനാഘോഷങ്ങള്‍ കവിതകളുടെ പെണ്ണരങ്ങാല്‍ വേറിട്ട അനുഭവമായി. കവിതയെ ജനകീയമാക്കിയ കാല്പനിക കവിയും ഗന്ധര്‍വ ഗായകനുമായ ചങ്ങമ്പുഴയുടെ ഓര്‍മ്മകള്‍ തുടിക്കുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കേരളത്തിന്റ വിവിധ ഇടങ്ങളില്‍ നിന്നും കാവ്യലോകത്ത് അറിയപ്പെടുന്ന കവയിത്രികള്‍ ഒത്തുകൂടി കവിതകള്‍ ആലപിച്ചപ്പോള്‍ കാവ്യാസ്വാദകര്‍ക്ക് അതൊരു നവ്യാനുഭവമായി. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് ചങ്ങമ്പുഴ പാര്‍ക്കില്‍ വ്യത്യസ്തമായ ആഘോഷപരിപാടികള്‍ക്ക് വേദിയായത്.

രാവിലെ നോര്‍ത്ത് ഇടപ്പള്ളി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം സി സന്തോഷിന്റെ നേതൃത്വത്തിലെത്തിയ വോളണ്ടിയര്‍മാരും കവികളും സാഹിത്യകാരന്മാരും ഗ്രന്ഥശാല പ്രവര്‍ത്തകരും ചങ്ങമ്പുഴയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ്ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. മഹാകവിക്ക് പുതുകാലത്തിന്റെ അര്‍ച്ചനയായി ചങ്ങമ്പുഴ പാര്‍ക്കിലെ ഇലഞ്ഞിമരചുവട്ടില്‍ നടത്തിയ കനകതാളം കവിതകളുടെ പെണ്ണരങ്ങ് ഡെപ്യൂട്ടി കലക്ടര്‍ വൃന്ദ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും സദാചാര പൊലീസും ഫാസിസ്റ്റ് നിലപാടുകളുമെല്ലാം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.

ഇത്തരത്തില്‍ നമ്മള്‍ കേള്‍ക്കാത്ത വാക്കുകളും സംഭവങ്ങളും സമൂഹത്തില്‍ ഇടംപിടിക്കുകയാണ്. പ്രണയ നൈരാശത്താല്‍ ചുട്ടെരിക്കപ്പെടുന്ന കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രതിരോധത്തിന്റെ ഭാഷയാകണം സാഹിത്യത്തിന്റേതെന്ന് വൃന്ദ മോഹന്‍ദാസ് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.  വിജരാജ മല്ലിക അദ്ധ്യക്ഷത വഹിച്ചു . ശ്രീകല മോഹന്‍ദാസ്, സുഗത പ്രമോദ്, മിനിത സൈബു അടൂര്‍,സബിത ബിജു, കമല പത്തനംതിട്ട, അജിത കല്യാണി, പ്രിയ ഷൈന്‍, അപര്‍ണ്ണ ഉണ്ണികൃഷ്ണന്‍, ശ്രീക്കുട്ടി കുറ്റിപ്പുഴ, രാധാമണി പരമേശ്വരന്‍, നിഷ പാലമൂട്ടില്‍ , നവ്യ എസ്, ജ്യോതി മദന്‍, ലത അനില്‍, ബിന്ദു കെ എസ് , വസുമതി വര്‍മ്മ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു . അനില്‍ മുട്ടാര്‍, ഗ്രന്ഥശാല പ്രസിഡന്റ് പ്രഫ ടി എം ശങ്കരന്‍, സെക്രട്ടറി വി ഡി ഷജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.