Web Desk

ന്യൂഡൽഹി

March 01, 2020, 10:52 pm

രാജ്യതലസ്ഥാനത്ത് നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല

Janayugom Online

കോടികൾ സെസ് ഇനത്തിൽ പിരിച്ചെടുത്തിട്ടും ഡൽഹിയിലെ നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. നിലവിൽ 3900 രൂപ വീതമാണ് പെൻഷൻ ഇനത്തിൽ പ്രതിമാസം ലഭിക്കുന്നത്. കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ തികഞ്ഞ നിസംഗതയെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നിർമ്മാണ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ലക്ഷ്യമിട്ട് 1996ൽ രണ്ട് നിയമങ്ങളാണ് പാസാക്കിയത്. ഇത് പ്രകാരമാണ് സെസ് ഈടാക്കാൻ തീരുമാനിച്ചത്.

2018 ജൂൺ മാസത്തെ കണക്കുകൾ പ്രകാരം സെസും അതിന്റെ പലിശ ഇനത്തിലും 37,473 കോടി രൂപയാണ് സർക്കാർ പിരിച്ചെടുത്തത്. ഇതിൽ രാജ്യത്തെ ഒരു കോടി നിർമ്മാണ തൊഴിലാളികൾക്കായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി 9,492 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ഇത്രയധികം തുക സർക്കാരിന്റെ പക്കലുണ്ടായിട്ടും തങ്ങൾക്ക് പെൻഷൻ നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് പ്രായംചെന്ന തൊഴിലാളികൾ ആരോപിക്കുന്നു. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് തങ്ങൾ ജീവിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

തൊഴിൽ നിയമങ്ങളിൽ മോഡി സർക്കാർ വരുത്തിയ ഭേദഗതികളും തങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ 1996ലെ ചട്ടങ്ങൾ പ്രകാരം അടിയന്തരമായി ലഭ്യമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിക്കാൻ മോഡി സർക്കാർ ഇനിയും തയ്യാറായിട്ടില്ല. പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണം തുടരുന്നുവെന്ന പേരിലും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇപ്പോൾ വിവിധ തൊഴിലാളി യൂണിയൻ നേതാക്കളെ അഴിമതി കേസിൽ കുടുക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ‍് യൂണിയൻ നാഷണൽ കോഡിനേറ്റർ സുഭാഷ് ഭട്നഗർ പറഞ്ഞു.

ENGLISH SUMMARY:Pen­sion ben­e­fits are not avail­able for con­struc­tion work­ers in the country

YOU MAY ALSO LIKE THIS VIDEO