Tuesday
19 Mar 2019

കര്‍ഷകര്‍ക്ക് പെന്‍ഷന്‍ വിഷുവിന് മുമ്പ്: കൃഷിമന്ത്രി

By: Web Desk | Thursday 12 April 2018 10:41 PM IST


കൊച്ചി:

കര്‍ഷകര്‍ക്ക് നല്‍കാനായി മൂന്ന് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിഷുവിന് മുന്‍പായി അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്നതിനായി 126 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വിഷുവിനോടനുബന്ധിച്ച് കൃഷിവകുപ്പ് സംസ്ഥാനത്തുടനീളം വിഷുക്കണി 2018 എന്ന പേരില്‍ സംഘടിപ്പിക്കുന്ന നാടന്‍ പഴം, പച്ചക്കറി ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിന്നു മന്ത്രി.

കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ 1,105 വിപണികളാണ് ആരംഭിക്കുന്നത്. പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്കി നേരിട്ട് സംഭരിച്ച്, ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുവാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ പച്ചക്കറി ഉല്‍പ്പാദനം 6 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 9 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പുതിയ ഷിപ്പിംഗ് പ്രോട്ടോകോള്‍ അനുസരിച്ച് കുറഞ്ഞ ചെലവില്‍ കാര്‍ഷിക വിളകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാവും. തൃശൂര്‍ കേന്ദ്രീകരിച്ച് 7 കോടി രൂപ മുതല്‍ മുടക്കി വാഴപ്പഴവും എറണാകുളം കേന്ദ്രീകരിച്ച് 3 കോടി രൂപ മുതല്‍ മുടക്കി പൈനാപ്പിളും കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നല്ലകൃഷി സമ്പ്രദായങ്ങള്‍ പാലിച്ചുകൊണ്ട് കൃഷി ചെയ്തിട്ടുള്ള നാടന്‍ ഉല്‍പ്പന്നങ്ങള്‍ ജിഎപി (ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്ടീസെസ്) സര്‍ട്ടിഫിക്കേഷനോടുകൂടി കേരള ഓര്‍ഗാനിക് എന്ന ബ്രാന്റ് നാമത്തില്‍ വിപണിയില്‍ ലഭ്യമാകും. രാസകീടനാശിനി പ്രയോഗം കൊണ്ടുണ്ടാവുന്ന അമിത ഉല്‍പ്പാദനമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സുരക്ഷിതമായ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കീടനാശിനി പ്രയോഗം 1250 മെട്രിക് ടണ്ണില്‍ നിന്നും 850 മെട്രിക് ടണ്ണായി കുറക്കുവാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും നിലവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിത്ത് ഇനങ്ങള്‍ രാസവള പ്രയോഗങ്ങളിലൂടെ ഉന്നത വിളവ് ലഭിക്കുന്നവയാണ്. ജൈവ പരിപാലന മുറകളിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയും അതിന്റെ കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് കാക്കനാട്ടുള്ള ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പിടി തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന് ഒരു മുറം പച്ചക്കറി നല്കി കൊണ്ട് മേയര്‍ സൗമിനി ജയിന്‍ ആദ്യ വില്‍പ്പന നടത്തി. കൃഷി ഡയറക്ടര്‍ എഎം സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ എം എം നാസര്‍, കൃഷി അഡീക്ഷണല്‍ ഡയറക്ടര്‍ പുഷ്പകുകുമാരി, വിഎഫ്പിസികെ സിഇഒ ജീജകുകുമാരി എസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ സ്വാഗതവും ഹോര്‍ട്ടികോര്‍പ്പ് എംഡി ഡോ. ബാബു തോമസ് നന്ദിയും പറഞ്ഞു.

കര്‍ഷകരില്‍ നിന്നും 10 ശതമാനം വില അധികം നല്കി സംഭരിക്കുന്ന നാടന്‍ പഴം, പച്ചക്കറികള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ജിഎപി സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ 20 ശതമാനം വില അധികം നല്കി സംഭരിച്ച് 10 ശതമാനം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തില്‍ ഉല്‍പ്പാദനമില്ലാത്ത പച്ചക്കറികള്‍ മാത്രം ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം പുറമേനിന്ന് സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കേരളത്തിന് പുറത്തുനിന്നും ശേഖരിക്കുന്ന പച്ചക്കറികള്‍ പ്രത്യേകം ലേബലിലായിരിക്കും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.