പുതുപ്പാടിയില്‍ ദുരന്തനിവാരണത്തിന് ഒറ്റക്കെട്ടായി സൈന്യവും ആളുകളും

ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനം
താമരശ്ശേരി (കോഴിക്കോട്): ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ ദുരന്തനിവാരണത്തിന് ആളുകളും സൈന്യവും ഒറ്റക്കെട്ടായി നിന്നു.
വിശിഷ്ട സേവാ മെഡല്‍ ജേതാവ് കമാണ്ടന്റ് കേണല്‍ അജയ് ശര്‍മ, ലെഫ്റ്റനന്റ് കേണല്‍ തീര്‍ത്ഥാങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പസിന്റെ 62 അംഗ സംഘമാണ് രംഗത്തുള്ളത്. 45 പേരടങ്ങുന്നതാണ് ദേശീയ ദുരന്ത നിവാരണസേന സംഘം. രാവിലെ 6.30 ന് സംഘം പ്രവൃത്തി ആരംഭിച്ചു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 374 പേരാണുള്ളത്.
പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്കൂളില്‍ 63 കുടുംബങ്ങള്‍ (116 പേര്), മണല്‍വയല്‍ എകെടിഎം സ്കൂളില്‍ 48 കുടുംബങ്ങള്‍ (174), തിരുവമ്പാടി പഞ്ചായത്തില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളില്‍ 15 കുടുംബങ്ങള്‍(48), മുത്തപ്പന്‍പുഴ എല്‍പി സ്കൂളില്‍ 3 കുടുംബങ്ങള്‍ (11), കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍.പി സ്കൂളില്‍ അഞ്ച് കുടുംബങ്ങള്‍(25) എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
മഴക്കെടുതിയില്‍ താമരശ്ശേരി താലൂക്കില്‍ 14 വീടുകള്‍ പൂര്‍ണമായും 95 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുതുപ്പാടി പഞ്ചായത്തില്‍ 10 വീടുകള്‍ പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൂടരഞ്ഞിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 75 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവമ്പാടി പഞ്ചായത്തിലെ ഇലന്തുകടവ് തുരുത്തില് മലവെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവരില്‍ ചിലര്‍ വെള്ളമിറങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തി ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനുണ്ട്. വില്ലേജ് അധികൃതരും സ്ഥലത്തുണ്ട്. വീടുകളുടെ രണ്ടര മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം കയറിയത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ഇലന്തുകടവ് തുരുത്ത് റോഡും മറിപ്പുഴ പാലവും റോഡും മഴവള്ളപ്പാച്ചിലില് തകര്‍ന്നു. മരങ്ങളും കല്ലുകളും നീക്കുന്ന പ്രവൃത്തി വൈകിട്ടോടെ പൂര്‍ത്തിയായി.