കല്ലടക്കെതിരെ ജനങ്ങളുടെ വല്ലാത്ത യുദ്ധം

Web Desk
Posted on April 22, 2019, 4:26 pm

കേരളത്തിനുപുറത്തേക്ക് രാത്രിസഞ്ചാരം നടത്തുന്ന കല്ലടബസുകള്‍ പ്രതിസന്ധിയിലേക്ക്. സഹനത്തിന്റെ നെല്ലിപ്പടിയില്‍ ജനം തിരിച്ചടിക്കുന്ന കാഴ്ചയാണ് കല്ലടയുടെ സൈറ്റുകളില്‍കാണുന്നത്. യാത്രകള്‍ക്ക് കല്ലട ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ചെയ്യുന്നതും റേറ്റിംങ് കുത്തനെ ഇടിയുന്നതും ആണ് പുതിയവാര്‍ത്ത.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നും ബാംഗ്ളൂരിന് തിരിച്ച ബസ് ബ്രേക്ക് ഡൗണായതിനെതുടര്‍ന്ന് കാര്യമാരായുകയും മൂന്നുമണിക്കൂറോളം നടപടി വൈകിയത് ചോദ്യംചെയ്ത യാത്രക്കാരെ ജീവനക്കാരും വാടക ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. മൂന്നു യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതു വാര്‍ത്തയായതിനു പിന്നാലെയാണ് കല്ലടയെ തകര്‍ക്കാന്‍ ജനം കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഒരു യാത്രക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്ബ്രഹ്മാസ്ത്രമായി മാറിയത്. അക്രമികളില്‍ മൂന്നു ജീവനക്കാരെ കൊച്ചിയില്‍ മരട് പൊലീസ് അറസ്റ്റുചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഈ ബസിന്റെ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്ത അധികൃതര്‍ മറ്റ് കല്ലടബസുകളുടെ പെര്‍മിറ്റുകളും നിയമലംഘനങ്ങളും പരിശോധിക്കുകയാണ്.
ഗതാഗതവകുപ്പ് മന്ത്രിയും പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഇതിനിടെ യുവജന സംഘടനകള്‍ കല്ലടയുടെ ഓഫീസുകളില്‍ ഉപരോധ സമരവും ആംഭിച്ചിട്ടുണ്ട്. കല്ലടയുടെ മാനേജരെ തിരുവനന്തപുരത്ത് ഡിജിപി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുമുണ്ട്.
കല്ലടയെ ബന്ധപ്പെട്ടിരിക്കുന്ന

റെഡ് ബസ് ആപിലേക്ക് പരാതിപ്രവാഹം വന്നതോടെ അവര്‍ കല്ലടയെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും സൂചനയുണ്ട.് കല്ലടയോട് റെഡ് ബസ് വിശദീകരണം ചോദിച്ചതായും അറിയുന്നു. വിവിധസംസ്ഥാനങ്ങളിലേക്കു ഗുണ്ടകളെ ഉപയോഗിച്ച് അതിവേഗബസുകള്‍ അയച്ചു വിജയിപ്പിച്ച ബിസിനസാണ് കുത്തനെതകരുന്നത്. ഒരു കാലത്ത് കേരളസര്‍ക്കാരിന്റെ ശേഷിക്കുറവ് മുതലാക്കിയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ ഈ രംഗം പിടിച്ചത്. പുതിയ ട്രയിനുകള്‍അനുവദിക്കാതെയും കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാതെയും പോലും പുഷ്‌കലമായി അധികൃതര്‍ വളര്‍ത്തിവലുതാക്കിയ സ്വകാര്യ ട്രാവല്‍ഗ്രൂപ്പിലൊന്നാണ് കല്ലട. വേഗം എന്ന ഒറ്റ ആശ്വാസത്തിലാണ് കല്ലട നിരത്തുപിടിച്ചടക്കിയത്. ആ സാമ്രാജ്യമാണ് ജനങ്ങളുടെ പോരാട്ടത്തില്‍ മുട്ടിടിച്ചുവീഴുന്നത്. എന്തായാലും യാത്രക്കാരെ മുള്ളാന്‍മുട്ടിയാല്‍പോലും ഇറക്കിവിടാത്ത കല്ലട മുട്ടേല്‍മുള്ളുന്നകാഴ്ച ജനത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.