ആര്‍ക്കും വരാം, ചിത്രങ്ങളെടുക്കാം, പക്ഷേ വെള്ളത്തില്‍ ഇറങ്ങരുത്; അധികൃതരുടെ മുന്നറിയിപ്പ് ഇങ്ങനെ

Web Desk
Posted on July 22, 2019, 3:05 pm

മാഡ്രിഡ്: സ്പെയിനിലെ മോണ്‍ഡേ നീമി, കാഴ്ചയില്‍ മനം കുളിര്‍പ്പിക്കുമെങ്കിലും ഈ തടാകത്തെക്കുറിച്ച് ആര്‍ക്കും അധികം അറിയാത്ത ചിലതുണ്ട്. സോഷ്യല്‍ മീഡിയകളിലെ സ്ഥിരം സാന്നിധ്യമാണ് ഈ തടാകത്തിന് അരികെനിന്ന് ചിത്രങ്ങളെടുക്കാന്‍ സഞ്ചാരികളുടെ തിരക്കാണിവിടെ.

എന്നാല്‍, ചിത്രങ്ങളെടുക്കാനും സ്ഥലം സന്ദര്‍ശിക്കാനും എത്തുന്ന സഞ്ചാരികള്‍ പലര്‍ക്കും അബദ്ധം പറ്റിയിരിക്കുകയാണ് ഇപ്പോള്‍. തടാകത്തിലെ വെള്ളത്തിലിറങ്ങിയവരില്‍ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് തടാകത്തിന്‍റെ മനോഹാരിതയ്ക്ക് പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ സഞ്ചാരികള്‍ മനസ്സിലാക്കിയത്.

തടാകത്തിലെ വെള്ളത്തിലിറങ്ങിയ രണ്ട് വിനോദസഞ്ചാരികള്‍ ശരീരത്തില്‍ രൂക്ഷമായ ചൊറിച്ചിലും തിണര്‍പ്പും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലായത് കഴിഞ്ഞ ആഴ്ചയാണ്. മറ്റു നിരവധി പേര്‍ക്കും സമാനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. വെള്ളത്തിലിറങ്ങി കുളിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ദേഹമാസകലം തടിപ്പും അനുഭവപ്പെട്ടു. തടാകത്തിലെ വിഷാംശം കലര്‍ന്ന വെള്ളമാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മുന്‍പ് ടങ്‌സ്റ്റെന്‍ ലോഹം ഘനനം ചെയ്തിരുന്ന ഘനിയായിരുന്നു ഈ തടാകം ഉള്‍പ്പെടുന്ന പ്രദേശം. ചില രാസഘടകങ്ങള്‍ കലര്‍ന്ന വെള്ളമാണ് ഈ തടാകത്തിലേത്. ഇതാണ് വെള്ളത്തിന് പ്രത്യേക നീല നിറം നല്‍കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണംകൊണ്ടുതന്നെ ഈ സ്ഥലം പ്രാദേശികമായി അറിയപ്പെടുന്നത് ‘ഗാലിഷ്യന്‍ ചെര്‍ണോബില്‍’ എന്നാണ്.

You May Also Like This: