ജോമോൻ ജോസഫ്

കല്പറ്റ:

April 06, 2020, 8:49 pm

കർണ്ണാടക-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലുള്ളവർ ചികിത്സയ്ക്ക് കേരളത്തിലേയ്ക്ക്

അത്യാഹിത വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് വയനാട്ടിലെ ആശുപത്രികളിൽ ചികിത്സാസൗകര്യം
Janayugom Online

കൊവിഡ് 19 ഭീതിയുടെ മറവിൽ കർണ്ണാടക കേരളവുമായുള്ള അതിർത്തികൾ മനുഷത്വ രഹിതമായി അടയ്ക്കുകയും ചികിത്സ പോലും നിഷേധിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ മനുഷ്യത്വത്തിന്റെ പുതുരൂപമായി കേരളം. വയനാടുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകയുടെ വിവിധ ജില്ലകളിൽ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയിൽ നിന്നുമുള്ള അത്യാഹിത വിഭാഗത്തിൽപ്പെടുന്ന രോഗികളാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സ നടത്തുന്നതിനെത്തുന്നത്. ഇവരുടെ യാത്രയ്ക്ക് ഒരു തടസവും പാടില്ലെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല നിർദ്ദേശം നൽകിയിരിക്കുകയാണ്. കർണ്ണാടകയിലെ ദൊഡ്ഡ ബൈരക്കുപ്പ പഞ്ചായത്തിലെ എല്ലാ രോഗികൾക്കും വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടാം. ഈ പ്രദേശങ്ങളിലുള്ളവർ കർണ്ണാടകയിൽ ചികിത്സക്കായി 100 കിലോമീറ്ററിലധികം മൈസുരുവരെയും നീലഗിരിക്കാർ 100 കിലോമീറ്റർ അപ്പുറമുള്ള ഊട്ടി ജില്ലാ ആശുപത്രി വരെയും സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു.

നീലഗിരിയിൽ നിന്നുള്ള അത്യാഹിത വിഭാഗത്തിലെ രോഗികൾക്കാണ് നിലവിൽ വയനാട്ടിൽ ചികിത്സക്ക് സൗകര്യമൊരുക്കിയത്. മറ്റ് രോഗികൾക്ക് കൂടി ചികിത്സ ഉറപ്പാക്കാമെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചെങ്കിലും ഇത് വേണ്ടെന്നും അത്യാഹിത വിഭാഗത്തിലെ രോഗികൾക്ക് ചികിത്സാ സൗകര്യമൊരുക്കിയാൽ മതിയെന്നും നീലഗിരി ജില്ലാ കലക്ടർ ജെ ഇന്നസെന്റ് ദിവ്യ അറിയിക്കുകയായിരുന്നു. ഇതോടെ നീലഗിരിയിൽ നിന്നുള്ള അത്യാഹിത രോഗികൾക്ക് മാത്രമായി ചികിത്സ നിജപ്പെടുത്തുകയായിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ദുരിതത്തിലായത് കേരള-കർണാടക, തമിഴ്‌നാട് അതിർത്തിയിലെ നൂറുകണക്കിന് അത്യാഹിത രോഗികളായിരുന്നു. ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളുള്ളവരും കാൻസറടക്കമുള്ള മാരക രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരുമായ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്നത് വയനാട്ടിലെ വിവിധ ആശുപത്രികളെയായിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപനത്തിനൊപ്പം അതിർത്തികൾ അടയ്ക്കപ്പെട്ടതോടെ പല രോഗികൾക്കും തുടർ ചികിത്സകൾ മുടങ്ങുമെന്ന സ്ഥിതിയുണ്ടായെങ്കിലും കേരളത്തിലെത്തുന്ന അതിർത്തി ജില്ലകളിലുള്ള രോഗികൾക്ക് തടസമുണ്ടാവുന്നില്ല.

മംഗലാപുരത്തേയ്ക്കുള്ള യാത്ര തലപ്പാടിയിൽ കർണ്ണാടക തടയുന്നുവെങ്കിലും വയനാട്ടിലെ അതിർത്തി തടയരുതെന്ന് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകുകയായിരുന്നു. കർണാടകയിലെ വിവിധ പ്രദേശത്തുള്ളവർ 100 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള മൈസുരുവിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു. ഇതിനിടെയാണ് വയനാട് ജില്ലാ കലക്ടർ അദീല അബ്ദുല്ലയുടെ ശ്രദ്ധയിൽ വിഷയം വരുന്നത്. ഇതോടെ ഇവരുടെ ചികിത്സക്കായി അതിർത്തികൾ തുറക്കാൻ ഉത്തരവിടുകയായിരുന്നു.

ENGLISH SUMMARY: Peo­ple from bor­der vil­lages of Kar­nata­ka and Tamil Nadu come to Ker­ala for treatment

YOU MAY ALSO LIKE THIS VIDEO