കോവിഡ് പ്രതിരോധത്തിൽ കേരളീയര്‍ ഏറെ സംതൃപ്തര്‍

Web Desk

കൊച്ചി

Posted on September 08, 2020, 5:30 pm

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് ഇന്ത്യയിലെ പ്രധാന സംസ്‌ഥാനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ‘കോവിഡ്-19 സ്വാധീന സർവ്വേ’ യിൽ മഹാമാരിക്കെതിരെ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച പ്രതിരോധ നടപടികളിൽ കേരളത്തിൽ നിന്നുള്ളവർ വലിയ സംതൃപ്തി പ്രകടിപ്പിച്ചതായി കണ്ടെത്തി. കോവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും, പ്രതിസന്ധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്ന അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കുന്നതിനും, ജനങ്ങളുടെ ധാരണകൾ, പ്രതിരോധ ശീലങ്ങൾ, സർക്കാരുകളുടെ പ്രതിരോധ നടപടികൾ എന്നിവയിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നു.

ലോക്ക്ഡൗണിന് മുമ്പും ലോക്ക്ൺഡൗൺ ഘട്ടത്തിലും ജനങ്ങളുടെ യാത്രാ രീതികളെക്കുറിച്ച് പരിശോധിക്കുകയും, പൊതുഗതാഗതത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണയിൽ വന്ന മാറ്റം വിലയിരുത്തുകയും ചെയ്തു. പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിൽ കേരള സർക്കാരിന്‍റെ നടപടികൾക്ക് 5 എന്ന സ്കെയിലിൽ 4.11 ശരാശരി റേറ്റിംഗ് ലഭിച്ചു. സർവ്വേയ്‌ക്ക് മുമ്പും സർവ്വേ സമയത്തും കേരള സർക്കാറിന്‍റെ സമയോചിതമായ ഇടപെടലുകൾ മൂലം അണുബാധ നിരക്ക് കുറക്കാനായതാകാം ഇതിന് കാരണം. എന്നാൽ കേന്ദ്ര ഗവണ്മെന്റിന്‍റെ നടപടികൾക്ക് 2.44 റേറ്റിംഗാണ് ലഭിച്ചത്.

എല്ലാ സംസ്ഥാന സർക്കാരുകളുടെയും ആകെ ശരാശരി റേറ്റിംഗ് 3.32 ആണ്.സർവ്വേയിൽ ഉൾപ്പെടുത്തിയ പ്രധാന ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ വച്ച് സംസ്‌ഥാന ഗവൺമെന്റുകളുടെ കോവിഡ്-19 പ്രതിരോധ നടപടികളിൽ കൂടുതൽ സംതൃപ്തി പ്രകടിപ്പിച്ചത് കേരളത്തിൽ നിന്നുള്ളവരാണ്. അൺലോക്ക് ഒന്നാം ഘട്ട കാലയളവിൽ, ജൂൺ 16 മുതൽ 30 വരെ, ഇന്ത്യയിലുടനീളം 500 പേർക്കിടയിലാണ് സർവ്വേ നടത്തിയത്. 2020 ഫെബ്രുവരി മുതൽ ഇന്ത്യയിൽ താമസിച്ചുവരുന്ന 18 വയസ്സിന് മുകളിലുള്ളവരും, 22 സംസ്ഥാനങ്ങളിലും, 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്.

ഇതിൽ 41% പേർ കേരളത്തിൽ നിന്നുള്ളവരാണ്.കോവിഡ്-19 മഹാമാരിയുടെ ആഘാതം താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ പ്രതിസന്ധിയെന്നതിനേക്കാൾ അത് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാക്കിയ ആഘാതം കൂടുതൽ ഗുരുതരമാണെന്ന് സർവ്വേയിൽ പങ്കെടുത്തവർ കണക്കാക്കുന്നു.2020 മാർച്ച് 24 ന് ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക്ഡൗൺ ന്യായീകരിക്കാവുന്നതാണെന്ന് മൂന്നിൽ രണ്ട് വിഭാഗം ആളുകളും വിശ്വസിക്കുന്നു.പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾ സ്ഥിരമായി പ്രതിരോധ ശീലങ്ങൾ പാലിക്കുന്നവരായി കണ്ടെത്തി.

ENGLISH SUMMARY:People from Ker­ala have expressed their sat­is­fac­tion with the state gov­ern­men­t’s covid-19 defense mea­sures
You may also like this video