Thursday
23 May 2019

ബിജെപിയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു

By: Web Desk | Thursday 14 March 2019 10:26 PM IST


കോട്ടക്കല്‍: നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് കൂട്ടത്തോടെ പൊയ്‌ക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാതെ വന്നിരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോട്ടക്കലില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ഒടുവില്‍ ടോം വടക്കനും കോണ്‍ഗ്രസ്സ് വിട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിനുവേണ്ടി രണ്ട് പതിറ്റാണ്ടുകാലത്തോളം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും അവരുടെ നാക്കായി നിലകൊള്ളുകയും ചെയ്ത വടക്കനെപ്പോലൊരാള്‍ നിര്‍ണ്ണായക സമയത്ത് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ്സിന്റെ കെട്ടുറപ്പില്ലായ്മയേയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലൊരു പാര്‍ട്ടിയെ മുന്‍നിര്‍ത്തി സുപ്രധാന രാഷ്ട്രീയ പോരാട്ടം നടത്താന്‍ കഴിയില്ലെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിന്റെ കുഴലൂത്തുകാരായ ലീഗും ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമാണ്. പൊന്നാനിയില്‍ എല്‍ഡിഎഫ് ജയം അനിവാര്യമാണ്, കോടിയേരി പറഞ്ഞു.

പ്രവാസികളുടെ പങ്കാളിത്തമുളള വികസനമാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രവാസികളുടെ ക്ഷേമത്തിന്നായി ഗള്‍ഫ് ഉള്‍പ്പെടയുള്ള രാജ്യങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് ബന്ധപ്പെടുകയും സഹായം ഉറപ്പാക്കുകയും ചെയ്തത് രാജ്യത്തെ ആദ്യസംരഭമാണ്. വികസന നേട്ടം പാവങ്ങളുടെ കുടിലിലേക്കെത്തിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ 1000 ദിവസത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടം. 51 ലക്ഷം കുടുംബങ്ങള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ആനുകൂല്യം നല്‍കാന്‍ കഴിയുന്നതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ മാസം 25 മുതല്‍ വിഷു വരെയുള്ള ദിവസങ്ങളില്‍ കുടിശ്ശികയായി കിടക്കുന്ന മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കാന്‍ ഗവണ്‍മെന്‍റ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 7500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ എല്‍ഡിഎഫിന് എളുപ്പത്തില്‍ വിജയിക്കാവുന്ന മണ്ഡലമാണ് പൊന്നാനിയെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രി കെടി ജലീല്‍ അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണി മുകളിലേക്ക് മാത്രം കയറാനുള്ളതല്ലെന്ന് യുഡിഎഫ് മനസ്സിലാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു.

കോണിയിലൂടെ കീഴ്‌പ്പോട്ടും വരാമെന്ന് ലീഗുകാര്‍ പൊന്നാനിയില്‍ നിന്നും പഠിക്കാന്‍ പോവുകയാണ്. ബിജെപിക്കെതിരായി ശക്തമായ രാഷ്ട്രീയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന എല്‍ഡിഫിനൊപ്പമായിരിക്കും പൊന്നാനി ഇക്കുറി. ആ ജനമുന്നേറ്റത്തില്‍ മുസ്ലീംലീഗ് മുട്ടുകുത്തുക തന്നെ ചെയ്യും. വിചാരധാര മുന്നോട്ടുവക്കുന്ന ഏക മത കേന്ദ്രീകൃതമായ രാജ്യത്തിലേക്ക് നമ്മുടെ സുന്ദരവും വൈവിധ്യപൂര്‍ണ്ണവുമായ ഭാരതത്തെ വിട്ടുകൊടുക്കാന്‍ പോകുന്നില്ല. ജര്‍മ്മനിയാണ് ആര്‍എസ്സ്എസ്സിന്റെ മാതൃക. ഹിറ്റ്‌ലറാണവരുടെ മാര്‍ഗ്ഗദര്‍ശി. വെറുപ്പിന്റെ രാഷ്ട്രീയമാണ് അവരുടെ മുഖമുദ്ര. നമ്മുടെ രാജ്യത്തെ അത്തരത്തിലൊരു ക്രമത്തിലേക്ക് കൊണ്ടെത്തിക്കാനാണ് മോഡിയുടെ നീക്കം.

ഒരിക്കല്‍ കൂടി ഭരണം ലഭിച്ചാല്‍ ബിജെപി വിചാരധാരയുടെ വഴിയിലൂടെ രാജ്യത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിനുള്ള ആ ചുവടുകള്‍ ഈ സര്‍ക്കാര്‍ പുര്‍ത്തിയാക്കിയിട്ടുണ്ട്. ബ്രാഹ്മണന്റെ ചോരയാണ് ഏറ്റവും മഹനീയമെന്ന് വിശ്വസിക്കുന്ന, പ്രചരിപ്പിക്കുന്ന ബിജെപിയില്‍ ദേശസ്‌നേഹം പഠിക്കേണ്ട ആവശ്യം രാജ്യത്തിനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനു പുറമേ നേതാക്കളായ ആര്‍ മുഹമ്മദ് ഷാ, എ കെ ശശീന്ദ്രന്‍, എ ശിവപ്രകാശ്, സബാഹു പുല്‍പ്പറ്റ, കെ പി പീറ്റര്‍, അഹമ്മദ് ദോവര്‍കോവില്‍, ജോര്‍ജ് ഇടപ്പരത്തി, ജോര്‍ജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരങ്ങളാണ് നിര്‍ണ്ണായക രാഷ്ട്രീയപോരാട്ടത്തിന്റെ പടപ്പുറപ്പാടിന് സാക്ഷിയാകന്‍ ചരിത്രഭൂമിയായ കോട്ടക്കലിലെത്തിയത്.

Related News