ഹെൽമെറ്റ് പരിശോധന കർശനം; ഇന്ന് മുതല്‍ പിഴ

Web Desk
Posted on December 02, 2019, 9:09 am

തിരുവന്തപുരം : സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ. രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഇരട്ടിയാകും.

വാഹനഉടമയിൽ നിന്നാണ് പിഴയീടാക്കുക. കുട്ടികളുള്‍പ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുന്‍പാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനം.

വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങൾ ഡിജിപി നല്‍കിയിട്ടുണ്ട്. നിയമലംഘനം ആവർത്തിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡിജിപി വ്യക്തമാക്കി.

you may also like this video;