Sunday
20 Oct 2019

കാട്ടന ശല്യം: നാട്ടുകാര്‍ സംസ്ഥാന പാത ഉപരോധിച്ചു

By: Web Desk | Wednesday 29 August 2018 9:14 PM IST


സുനില്‍ കെ കുമാരന്‍ 
നെടുങ്കണ്ടം: ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു. ഉടുമ്പന്‍ചോല ശാന്തരുവി മേഖലയിലാണ് കഴിഞ്ഞ ആറ് ദിവസമായി കാട്ടനകള്‍ ജനവാസമേഖലകളില്‍ നിലയുറപ്പിച്ചതോടെയാണ് നാട്ടുകാര്‍ പൊറുതിമുട്ടിയത്. മൂന്നോളം കാട്ടാനകളാണ് കല്ലുപാലം, നമരി, പാപ്പന്‍പാറ, ശാന്തരുവി, മണത്തോട്, വെള്ളക്കല്‍തേരി, ചതുരംഗപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശനഷ്ടം വരുത്തുകയിരിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകള്‍  ഇറങ്ങുവാന്‍ തുടങ്ങിതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കാട്ടില്‍ നിന്ന് എത്തിയ ആനകളെ ഒടിക്കുവാന്‍ അധികാരികള്‍ യാതൊരു നടപടികളും സ്വീകരിക്കുവാന്‍ തയ്യാറാകാത്തതില്‍ പ്രക്ഷേധിച്ചാണ് ജനകീയസമിതിയുടെ നേത്യത്വത്തില്‍ ഇന്നലെ ഉടുമ്പന്‍ചോല ടൗണില്‍ കുമളി-മൂന്നാര്‍ സംസ്ഥാനപാത ഉപരോധിച്ചത്. ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ നിബു കിരണിന്‍റെ നേത്യത്വത്തില്‍ ജനകീയ സമരസമതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച റോഡ് ഉപരോധം ഒന്നരയോടെയാണ് അവസാനിച്ചത്. ഉപരോധത്തിനെ തുടര്‍ന്ന് ആവശ്യ സര്‍വ്വീസുകള്‍ ഒഴികെ എല്ലാ വാഹനങ്ങളും സമരസമതി തടഞ്ഞിട്ടു.
തമിഴ്‌നാട് വനത്തില്‍ നിന്നിറങ്ങിയതെന്ന് കരുതുന്ന ആനകളെ നാട്ടുകാരുടെയും വനം വകുപ്പ് ആര്‍ആര്‍ ടീമിന്‍റെയും സംയുക്തനേത്യത്വത്തില്‍  തിരികെ കാട്ടിലേയ്ക്ക് ഇറക്കി വിടുവാനുള്ള ശ്രമം ആരംഭിക്കുവാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം കുങ്കി ആനകളെ എത്തിച്ച് കാട്ടാനകളെ എത്രയും പെട്ടെന്ന് തിരികെ കാട്ടിലേയ്ക്ക് കടത്തി വിടും. അതുവരെ ആര്‍ആര്‍ടി യുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സേവനം നാട്ടില്‍ ലഭ്യമാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട് വനമേഖലയില്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ നേത്യത്വത്തില്‍ ട്രഞ്ച് നിര്‍മ്മിക്കുന്നതായി സൂചനയുണ്ട്. തമിഴ്‌നാടുമായി ബന്ധപ്പെട്ടതിന് ശേഷം ഇതിന്‍റെ നിര്‍മ്മാണം താല്കാലികമായി നിര്‍ത്തിവെപ്പിക്കുകയും അതിന് ശേഷം കാട്ടാനുകളെ ട്രഞ്ചുകളുടെ മറുവശത്ത് എത്തിക്കുവാനാണ് പദ്ധതി.
ഒരുമാസത്തിനുള്ളില്‍ ആനകളെ കാടിറക്കി വിടുകയും ആനകള്‍ വീണ്ടും കയറി വരാത്ത വിധം നടപടികള്‍ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം കുടുതല്‍ ശക്തമായ സമരം നടത്തുമെന്ന സൂചന നല്‍കിയാണ് ഉപരോധം അവസാനിപ്പിച്ചത്. റോഡ് ഉപരോധത്തിന് ജനകീയ സമിതിയ്ക്ക് വേണ്ടി സജോയി, സോണി വര്‍ഗ്ഗീസ്, കനകരാജ്, അനീഷ് പി എസ്, ബേബിച്ചന്‍, ഗണേശന്‍, ജയിംസ് പുള്ളേലില്‍ എന്നിവര്‍ നേത്യത്വം നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി 250 ഹെക്ടറില്‍ അധികം സ്ഥലത്ത് കാട്ടനകള്‍ ക്യഷി നാശം വിതച്ചുകഴിഞ്ഞു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കുമാര്‍ എന്ന വ്യക്തിയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. ഇപ്പോള്‍ കാട്ടാനകളെ പേടിച്ച് ക്യഷി ചെയ്യുവാനോ, ആളുകള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാനോ കഴിയാത്ത അവസ്ഥയിലാണ്.  ശാന്തന്‍പാറ എസ്‌ഐ വിനോദ് കുമാര്‍, ഉടുമ്പന്‍ചോല സെക്ഷന്‍ ഫോറസ്റ്റര്‍ വിദ്യാധരന്‍, ഫോറസ്റ്റ് ഗാര്‍ഡുമാരായ സുഭാഷ്, മധു, ഷിജു എന്നിവര്‍ സമാധന ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News