സൗദിയില്‍ മലയാളിയടക്കം ദുരിതക്കയത്തില്‍; തിരിഞ്ഞുനോക്കാനാളില്ല

Web Desk
Posted on October 02, 2019, 1:15 pm

ദമാം:  സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറില്‍ എട്ടുമാസത്തിലേറെയായി ഇക്കാമയും ജോലിയും ശമ്പളവമില്ലാതെ അറുപതിലധികം ഇന്ത്യക്കാര്‍. ദമാം അല്‍കോബാര്‍ മുഖ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ കോദരി ക്ലീനിങ്ങ് കമ്പനിയുടെ അറാര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, യു പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരാണ് പ്രവാസ ഭൂമിയില്‍ ദുരിതത്തിലായത്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും കൈ നീട്ടേണ്ടി വരുന്ന അവസ്ഥയിലാണിവര്‍. പരാതിയുമായി പലകുറി ഇന്ത്യന്‍ എംബസിയെ സമീപിച്ചിട്ടും അവഗണിക്കപ്പെട്ടെന്നും ഇവര്‍ പറയുന്നു.അറാറിലെ ക്ലീനിങ്ങ് ജോലിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്ന കമ്പനിയുടെ കോണ്‍ട്രാക്ട്  ഇക്കഴിഞ്ഞ ജനുവരിയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു.

കൃത്യമായ ശമ്പളം നല്‍കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ജോലി ചെയ്യാകൃത്യമായ ശമ്പളം നല്‍കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ജോലി ചെയ്യാതിരുന്നപ്പോഴാണ് മുന്‍സിപ്പല്‍ അധികൃതര്‍ ഇടപെട്ട് കമ്പനിയുടെ കോണ്‍ട്രാക്ട് റദ്ദാക്കിയത്.

അഞ്ചും പത്തും വര്‍ഷമായി കമ്പനിയില്‍ സര്‍വ്വീസുള്ള ഇവരില്‍ സ്വന്തം നാട് കണ്ടിട്ട് വര്‍ഷങ്ങളായി. പലരും രോഗികളും പ്രായമായവരുമാണ് .കമ്പനി വാഹനത്തില്‍ മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട് കൈപ്പത്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട തെലുങ്കാന സ്വദേശി സതീഷും പുറത്ത് ഭക്ഷണത്തിന് വേണ്ടി അന്വേഷിച്ചിറങ്ങിയപ്പോള്‍ അജ്ഞാത വാഹനം തട്ടി ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ നയീം എന്ന ബീഹാര്‍ സ്വദേശിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു ശമ്പള കുടിശ്ശികയും മറ്റാനുകൂല്യവും ലഭ്യമാക്കി നാട്ടില്‍ പോവാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ പലരുടെയും ഇക്കാമ രണ്ടും മൂന്നും വര്‍ഷം കാലാവധി കഴിഞ്ഞതാണ്. പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈവശമുണ്ട്. മലയാളികളടക്കം നൂറിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പലരും പല വഴി നാടണഞ്ഞു.

ഇപ്പോള്‍ അവശേഷിക്കുന്ന ഏക മലയാളി കമ്പനിയുടെ മെഡിക്കല്‍ വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് കൊല്ലം കൊട്ടിയം മുഖത്തല സ്വദേശി സുധീഷാണ്. കമ്പനിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാനുണ്ടെങ്കിലും സ്വന്തം നിലയില്‍ ഇക്കാമ പുതുക്കിയാണ് സുധീഷ് കഴിയുന്നത്.

നിയമ വിധേയമായി എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്ത് ജോലി ലഭിക്കാതാവുമോ എന്ന ഭയമാണ് സുധീഷിന്. ഭാവിയെ ബാധിക്കുമെന്ന ഭയത്തിലാണ് നാട്ടില്‍ നിന്നടക്കം പണം വരുത്തി സുധീഷ് ഇക്കാമ പുതുക്കാന്‍ പണമടച്ച് കാത്ത് നില്‍ക്കുന്നത്.അദ്ദേഹത്തിന് വൈകാതെ എക്‌സിറ്റ് ലഭിക്കുമെന്നുറപ്പുണ്ട്.

എന്നാല്‍ മറ്റുള്ളവരുടെ സ്ഥിതിയതല്ല. സ്വന്തം ശാരീരിക അദ്ധ്വാനം കൊണ്ട് ജീവിച്ച മനുഷ്യര്‍ ഇപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പുറം ലോകത്തോട് കൈ നീട്ടുകയാണ്. ഇക്കാമയും മറ്റ് രേഖകളും ഇല്ലാത്തത് കൊണ്ട് ഇവര്‍ക്ക്  പുറത്ത് പോയി ജോലി ചെയ്യാനാവില്ല.ആരും ജോലി കൊടുക്കാന്‍ തയ്യാറാവുകയുമില്ല
ഇവരുടെ കമ്പനി അറാറിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു കമ്പനി കരാര്‍ ഏറ്റെടുത്തു. ഇതോടെ നിലവിലുള്ള താമസ സൗകര്യം പോലും നഷ്ടപ്പെടും എന്ന ഭയത്തിലാണ് തൊഴിലാളികള്‍. എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ആരെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണവര്‍.

തൊഴിലാളികള്‍ ഒറ്റക്കും കൂട്ടായും അറാര്‍ ഗവര്‍ണറേറ്റിനെ സമീപിക്കുകയും അവരുടെ പരാതി അറാര്‍ തൊഴില്‍ വകുപ്പിലേക്ക് കൈമാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

കമ്പനി അധികൃതരുമായി ബന്ധപ്പെട്ട വകുപ്പ് ഇടപെടല്‍ നടത്തി അനുകുല തീരുമാനം ഉണ്ടാവുന്നെ പ്രതീക്ഷയിലാണിപ്പോള്‍. അടിയന്തരമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ക്യാമ്പ് സന്ദര്‍ശിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ലോക കേരള സഭ അംഗം കുഞ്ഞമ്മദ് കുരാച്ചുണ്ട്, അറാര്‍ പ്രവാസി സംഘം നേതാക്കളായ  സുനില്‍ അജിയാദ്, അക്ബര്‍ അങ്ങാടിപ്പുറം, അയൂബ് തിരുവല്ല, ഗോപന്‍ നടുക്കാട്, സുനില്‍ അരീക്കോട്, റഷീദ് പരിയാരം, ബിനോയ്, സഹദേവന്‍, സോമരാജ്, അനില്‍ മാമ്പ്ര, ദേവന്‍, ജനാര്‍ദ്ദനന്‍ പാലക്കാട്, ബോബി കൈലാത്ത് എന്നിവര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച് താല്‍ക്കാലികമായി ഭക്ഷണമെത്തിച്ചു.

പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളെ ലേബര്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറാറില്‍ നിന്ന് അല്‍കോബാറിലെ കമ്പനി ആസ്ഥാനത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് പലതവണ വിവരം ധരിപ്പിച്ചിട്ടും ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് പരാതി.

കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ കമ്പനി കഴിഞ്ഞ ദിവസമാണ് ഒരു തൊഴിലാളിക്ക് 150 റിയാല്‍ വെച്ച് വിതരണം ചെയ്തത്. അതില്‍ നിന്നും ഓരോ തൊഴിലാളിയും നൂറ് റിയാല്‍ വീതം ശേഖരിച്ചാണ് ദമാം യാത്രക്കുള്ള ബസ്സ് ഏര്‍പ്പാടാക്കിയത്.കമ്പനി ആസ്ഥാനമായ അല്‍കോബാറില്‍ എത്തിയാല്‍ തങ്ങളുടെ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും വാങ്ങി നാട്ടില്‍ പോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രവാസി വകുപ്പും പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.