ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സാമൂഹിക അകലം ലംഘിക്കപ്പെടുന്നു. സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് കടകൾ തുറക്കാനുൾപ്പെടെ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്ന് കൃത്യമായി നിഷ്ക്കർച്ചിരുന്നു. എന്നാൽ ആദ്യ ദിവസങ്ങളിൽ ഇതെല്ലാം കൃത്യമായി ആളുകൾ പാലിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാം തകിടം മറിയുന്ന സ്ഥിതിയാണുള്ളത്. കടകളിലും മാർക്കറ്റുകളിലും ആളുകൾ അകലം പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ കൂട്ടം കൂടി നിൽക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ബസുകൾക്ക് ഓടാൻ സംസ്ഥാനത്ത് അനുമതി നൽകിയിരുന്നു. എന്നാൽ ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അമിതമായി യാത്രക്കാരെ കയറ്റിക്കൊണ്ട് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്ന സ്ഥിതിയുണ്ട്. പതിനെട്ട് പേർക്ക് യാത്ര ചെയ്യാൻ അനുവാദമുള്ള ബസിൽ 51 പേരെ കയറ്റി സർവ്വീസ് നടത്തിയ ബസ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നിന്ന് പെരുമണ്ണയിലേക്ക് വരികയായിരുന്ന കെ എൽ 11 എ സി, 4727 സ്വകാര്യ ബസാണ് തൊണ്ടയാട് ജംഗ്ഷനടുത്ത് കാവ് ബസ് സ്റ്റോപ്പിൽ വെച്ച് പൊലീസ് പിടികൂടിയത്. പല ബസ്സുകളിലും നിരവധി പേർ നിന്നുപോലും യാത്ര ചെയ്യുന്ന അവസ്ഥയും പലയിടത്തുമുണ്ട്.
കോഴിക്കോട് എളേറ്റിൽ എം ജെ ഹൈസ്കൂളിന് മുന്നിൽ കഴിഞ്ഞ ദിവസം എസ് എസ് എൽ സി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്കൂളിന് മുന്നിലുള്ള റോഡിൽ സാമൂഹിക അകലമോ മറ്റ് സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ തടിച്ചു കൂടിയ സ്ഥിതിയുമുണ്ടായി. നടുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്തും രക്ഷിതാക്കൾ തടിച്ചു കൂടിയിരുന്നു. ഇത്തരം വിഷയങ്ങളിൽ പൊലീസിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് എ ടി എം കൗണ്ടറിനു മുന്നിൽ കാലിയായ കുപ്പി തൂങ്ങിക്കിടക്കുന്നു
കോവിഡ് രോഗബാധ ഭീഷണി വർധിക്കുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന രീതിയിൽ പെരുമാറുന്നവർ സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. മുഖാവരണം പോലും പലരും ഗൗരവപൂർവ്വമല്ല ധരിക്കുന്നത്. കഴുത്തിലേക്കും താടിയിലേക്കുമൊക്കെ താഴ്ത്തിയാണ് പലരും മാസ്ക്ക് ധരിക്കുന്ത്. സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും ഹാൻഡ് വാഷ് ഉപയോഗിക്കുന്ന കാര്യത്തിലും പിന്നാക്കം പോകുന്നു. സാനിറ്റൈസർ ഉപയോഗിക്കുന്ന കാര്യത്തിലും കോവിഡ് റിപ്പോർട്ട് ചെയ്ത കാലത്തെ താത്പര്യം കാണിക്കുന്നില്ല. ആർക്കും മേഞ്ഞുനടക്കാവുന്ന വിധമാണ് പല കടകളുടെയും സ്ഥിതി. നേരത്തെ കടക്കുള്ളിൽ ഉപഭോക്താക്കൾ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അകലം വിട്ടു നിൽക്കുന്നതിനും സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ അവയൊന്നും പൂർണമായി പാലിക്കുന്നില്ല. കടകൾക്കു മുന്നിലൊന്നും കൈ കഴുകൽ സംവിധാനമില്ല. കടകളിൽ ശരിയായ രീതിയിൽ മുഖാവരണം ധരിക്കാതെയിരിക്കുന്നവരുമുണ്ട്.
പലയിടങ്ങളിലുള്ള ആളുകൾ എത്തുന്ന മീൻ, പച്ചക്കറി മാർക്കറ്റുകളിലും യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥയാണ്. ഹാർബറിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പതിവുകാഴ്ചയാണ്. രോഗലക്ഷണമുള്ള ആരെങ്കിലും ഇവിടെ എത്തിയാൽ സംഗതി ഗുരുതരമാകും. നിരത്തുകളിൽ തുപ്പുന്നതിനും ശമനമായിട്ടില്ല. പോസ്റ്റ് ഓഫീസ് ഉൾപ്പടെയുള്ള എ ടി എം കൗണ്ടറുകളിൽ സാനിറ്റൈസറുകൾ ഇല്ലാതായിട്ട് ഏറെ നാളുകളായി. അധികൃതരുടെ ഭാഗത്തു നിന്നുള്ള ശ്രദ്ധയും കുറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ ഓടുന്ന വാഹനങ്ങളുമുണ്ട്. ജനങ്ങൾ ഏതാണ്ട് പൂർണതോതിൽ പുറത്തിറങ്ങിത്തുടങ്ങി. ജനങ്ങളും അധികൃതരും ജാഗ്രത കാണിച്ചില്ലെങ്കിൽ കാര്യങ്ങൾ വൻ വിപത്തിലേക്കാവും പോവുക.
ENGLISH SUMMARY: people violate lock down restrictions
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.