Editorial

December 30, 2020, 6:12 am

വിമർശനങ്ങൾ ഭയക്കുന്നവരുടെ അല്പത്തരങ്ങൾ

Janayugom Online

വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും ഭയക്കുന്നവർ പലപ്പോഴും അവയെ നേരിടാൻ വളഞ്ഞ വഴികളാണ് സ്വീകരിക്കുക. ഒന്നുകിൽ പേപ്പട്ടിയാണെന്ന് പറഞ്ഞ് തല്ലിയോടിക്കാൻ ശ്രമിക്കും. ഇല്ലാത്തതും ചെയ്യാത്തതുമായ കുറ്റങ്ങൾ ചുമത്തി വേട്ടയാടിയെന്നുമിരിക്കും. ഒരു വിഭാഗം ഭൃത്യരെ സൃഷ്ടിക്കുകയും അവരെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് മറ്റൊരു വഴി. ബംഗാളിൽ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ ജേതാവുമായ അമർത്യസെന്നിനെ അപമാനിക്കുന്നതിന് ആ വഴിയാണ് ബിജെപി ഉപയോഗിച്ചത്. സിനിമ എന്നാൽ എന്താണെന്നറിയാത്തവരെ കുത്തിനിറച്ച് വിമർശന — സാമൂഹ്യ സിനിമകൾക്ക് അംഗീകാരം നല്കാതിരിക്കുകയെന്ന മറ്റൊരു വഴിയാണ് വർത്തമാനം എന്ന സിനിമയ്ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. രണ്ടായാലും വിമർശനങ്ങളെ ഭയക്കുന്നവർ കാട്ടുന്ന അല്പത്തരങ്ങളായി കാണാം.

വിശ്വഭാരതി സർവകലാശാലയുടെ ഭൂമി അമർത്യ സെൻ ഉൾപ്പെടെയുള്ളവർകയ്യേറി കൈവശം വച്ചിരിക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. മറ്റൊരു നൊബേൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിൽ 1933ലാണ് സെൻ ജനിക്കുന്നത്. ടാഗോറിനൊപ്പം വിശ്വഭാരതി സ്ഥാപിക്കുന്നതിൽ അമർത്യയുടെ മുത്തച്ഛന്‍ ക്ഷിതിമോഹന്‍ സെന്‍ സജീവ പങ്ക് വഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹമുൾപ്പെടെ പ്രമുഖ വ്യക്തികൾക്ക് താമസിക്കുന്നതിനുള്ള സ്ഥലം ദീർഘകാല പാട്ടത്തിന് ടാഗോറിന്റെ കാലത്തുതന്നെ നല്കിയിരുന്നതാണ്. അതിന്റെ കാലാവധി അവസാനിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കേയാണ് അമർത്യസെന്നിനെ പേരെടുത്ത് പറഞ്ഞ് വൈസ് ചാൻസലർ കയ്യേറ്റക്കാരനായിചിത്രീകരിക്കുന്നതിന് ശ്രമിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിരിക്കുകയാണ്.

ഭൂമി കയ്യേറിയെന്ന പരിഹാസ്യമായ പ്രസ്താവന ഉണ്ടായത് ഒരുസർവകലാശാല വൈസ്ചാൻസലറിൽ നിന്നാണെന്നത് ഭൃത്യനാകുമ്പോൾ ഉന്നത സ്ഥാനത്തുള്ള ഒരാൾ ഇത്രത്തോളം താഴാമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്. വിശ്വഭാരതി കേന്ദ്രസർവകലാശാലയുടെ ഭൂമി അമർത്യസെൻ കയ്യേറികൈവശം വച്ചിരിക്കുകയാണെന്ന് വി സി വിദ്യുത് ചക്രവർത്തി വിളിച്ചു പറയുന്നത് ഭൃത്യതയെന്ന അവസ്ഥ അദ്ദേഹത്തിലെ വിവേകത്തെ ഇല്ലാതാക്കിയെന്നതുകൊണ്ടാണ്. അല്ലെങ്കിൽ സർവകലാശാലയുടെ അധിപനായ വ്യക്തി ഇത്തരം ഒരു പ്രസ്താവന നടത്തുക ഇല്ലായിരുന്നു. അങ്ങനെ സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കുകയോ പ്രശ്നപരിഹാരത്തിന് രമ്യമായസാധ്യതകൾതേടുകയോ ആയിരുന്നു വേണ്ടിയിരുന്നത്. അതിന് പകരം കേന്ദ്രസർക്കാരിന്റെ വിമർശകനായ അമർത്യ സെന്നിനെതിരെ വാസ്തവവിരുദ്ധമെന്ന് വ്യക്തമായ പ്രസ്താവന നടത്തി പ്രീണിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. അതിനുള്ള പ്രത്യുപകാരം സമീപഭാവിയിൽതന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാള സിനിമയായ വർത്തമാനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ സമീപനവും ഈ അല്പത്തരത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സംവിധായകന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞ് സിനിമയ്ക്ക് അംഗീകാരം നല്കാതിരിക്കാനുള്ള കാരണം നിരത്തുന്ന സെൻസർ ബോർഡ് അംഗം സ്വയം പരിഹാസ്യ കഥാപാത്രമാവുകയായിരുന്നു ഇവിടെ. സെൻസർ ബോർഡിന്റെ മേഖലാ ഓഫീസ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതിന് മുമ്പ് തന്നെ ബിജെപിക്കാരനായ അംഗം സിനിമ ദേശവിരുദ്ധമാണെന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു. അംഗമെന്ന നിലയിൽ താൻ വർത്തമാനം എന്ന സിനിമ കണ്ടുവെന്നും ദളിതരും മുസ്‌ലിങ്ങളും നേരിടുന്ന വേട്ടയാടലുകളും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പ്രക്ഷോഭവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്നും അതുകൊണ്ടുതന്നെ താൻ അംഗീകാരം നല്കുന്നതിനെ എതിർത്തുവെന്നും സിനിമയുടെ ഇതിവൃത്തം ദേശവിരുദ്ധമാണെന്നതിൽ സംശയമില്ലെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ബിജെപിയുടെ പോഷകസംഘടനയുടെ നേതാവായ അദ്ദേഹത്തിന് സിനിമയുമായുള്ള ബന്ധമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. മാത്രവുമല്ല പതിവിന് വിപരീതമായി ഒരു അംഗം ഇത്തരത്തിൽ നിലപാട് പരസ്യമായി പറയുന്നത് തന്നെ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. സെൻസർ ബോർഡിൽ അംഗത്വം കിട്ടുന്നതിനുള്ള യോഗ്യത ബിജെപിയുടെ പോഷക സംഘടനാ ഭാരവാഹിത്വം മാത്രമാണെന്നു വരുന്നത് ലജ്ജാകരമാണ്. ഉന്നതരായ സിനിമാ പ്രവർത്തകരും നിരൂപകരുമൊക്കെയാണ് ഇതുവരെ സെൻസർ ബോർഡിൽ അംഗങ്ങളാകാറുള്ളതെങ്കിലും അതിന് വിരുദ്ധമായി സംഭവിക്കുന്നത് ബിജെപി ഭരണത്തിൻകീഴിൽ നമ്മുടെ സാംസ്കാരിക മേഖലയ്ക്ക് സംഭവിക്കുന്ന അപചയത്തിന്റെ കൂടി ഉദാഹരണമാണ്. സിനിമയെ കുറിച്ച് ധാരണയുള്ള രണ്ട് അംഗങ്ങൾ വർത്തമാനം എന്ന സിനിമയ്ക്ക് അംഗീകാരം നല്കുന്നതിന് അനുകൂലമായിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ രാഷ്ട്രീയ നിയമനം നേടിയവരുടെ ഭൂരിപക്ഷത്തിൽ അംഗീകാരം നല്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വിമർശനങ്ങളെ ഭയക്കുന്നവർ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളെയും സെൻസർ ബോര്‍ഡ്പോലുള്ള സുപ്രധാന സ്ഥാപനങ്ങളെയും ഉപയോഗിച്ച് കാട്ടുന്ന അല്പത്തരങ്ങൾ മാത്രമാണ് ഇവയൊക്കെ. നമ്മുടെ സാംസ്കാരിക — വിദ്യാഭ്യാസസ്ഥാപനങ്ങളെ ഇത്തരത്തിൽ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള ഉപകരണങ്ങൾ ആക്കുന്നത് ജനാധിപത്യത്തിന്റെ മാത്രമല്ല സാംസ്കാരിക സ്വാതന്ത്ര്യത്തിന്റെയും മരണത്തെയാണ് ഓർമിപ്പിക്കുന്നത്.