27 March 2024, Wednesday

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ കുടുങ്ങും

Janayugom Webdesk
തിരുവനന്തപുരം
June 10, 2023 9:58 pm

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. നിയമലംഘനം അറിയിക്കുന്ന വ്യക്തികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി ലഭിക്കുക. പൊതുഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ഉത്തരവില്‍ പറയുന്നു.

മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ഭാഗമായാണ് പാരിതോഷികം നല്‍കുന്നത്.
മാലിന്യം നിക്ഷേപിച്ച സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ക്ലിപ്പ് എന്നിവയുള്‍പ്പെടെയുള്ള തെളിവുകളാണ് നല്‍കേണ്ടത്. ഇതിനായി ഒരു വാട്സ്ആപ്പ് നമ്പറും ഇ‑മെയില്‍ ഐഡിയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന് സാക്ഷിയാകുന്നവര്‍ നിയമലംഘനം നടത്തുന്നവരെയോ അവരുടെ വാഹനങ്ങളെയോ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. ഇത്തരത്തില്‍ പരാതി കിട്ടിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനുള്ളില്‍ പാരിതോഷിക തുകയെത്തും. മാലിന്യം വലിച്ചറിയുന്നതിനെതിരെയും നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നത് സംബന്ധിച്ചും ബോധവല്‍ക്കരണ കാമ്പയിനുകള്‍ വ്യാപകമാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍എസ്ജിഐകളുടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനിന്റെ ആദ്യഘട്ടം മാര്‍ച്ച് 13 മുതല്‍ ജൂണ്‍ അഞ്ച് വരെ നടന്നു. 2024 ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഘട്ടങ്ങളിലായി ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്‍ നടത്തുന്നത്. കാമ്പയിനിന്റെ രണ്ടാം ഘട്ടം ഒക്ടോബര്‍ 31 ന് സമാപിക്കും.

Eng­lish Summary:People who throw garbage in pub­lic places will be caught
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.