മാലിദ്വീപില്‍ വീണ്ടുമൊരു ജനകീയഭരണം

Web Desk
Posted on April 13, 2019, 10:44 pm
lokajalakam

കേരളീയര്‍, പ്രത്യേകിച്ചും തലസ്ഥാന നഗരമായ തിരുവനന്തപുരത്തുള്ളവര്‍ മാലി എന്ന് പറയുന്നത് ശ്രീലങ്കയോട് തൊട്ടുകിടക്കുന്ന ഒരു ദ്വീപക്കൂട്ടത്തെപ്പറ്റിയാണ്. എന്നാല്‍ മാലി എന്ന ഇതേ പേരില്‍ ആഫ്രിക്കയിലും പുരാതനമായ ഒരു രാജ്യമുണ്ടെന്ന് പലര്‍ക്കും നിശ്ചയമുണ്ടാവില്ല. ‘മാല്‍ദിവ്‌സ്’ എന്നാണ് മാലിയുടെ ശരിക്കുള്ള പേര്. ആദ്യം ഡച്ചുകാരുടെയും, പില്‍ക്കാലത്ത് ബ്രിട്ടീഷുകാരുടെയും അധീനതയിലായിരുന്നു. ഇവിടെ ഒരു സുല്‍ത്താന്‍ ഭരണമാണ് ദീര്‍ഘകാലം നിലനിന്നത്. 1965ല്‍ വിദേശികള്‍ അവിടെനിന്നു കെട്ടുകെട്ടിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായത് 2005ല്‍ മാത്രമാണ്.

2004ല്‍ നടന്ന ഒരു വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കിയത്. 2008ല്‍ പുതിയ ഭരണഘടന പ്രകാരമുള്ള തെരഞ്ഞെടുപ്പിലാണ് ആറ് പ്രാവശ്യമായി മുപ്പത് സംവത്സരങ്ങള്‍ പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗയൂമിന്റെ ഭരണം അവസാനിച്ചതും മൊഹമ്മദ് നഷീദ് എന്ന യുവാവ് പ്രസിഡന്റ് പദവിയിലെത്തിയതും. പക്ഷെ, അദ്ദേഹത്തെ അട്ടിമറിച്ച് 2012ല്‍ ആ സ്ഥാനം കൈക്കലാക്കിയ അബ്ദുള്ള യമീന്‍ ഏകാധിപത്യത്തിന്റെയും കടുത്ത അഴിമതിയുടെയും ഒരു വാഴ്ചയ്ക്കാണ് തുടക്കമിട്ടത്. മാലിദ്വീപ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ (എംഡിപി) ജനസമ്മതനായ പ്രസിഡന്റ് മൊഹമ്മദ് നഷീദിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം പുതിയ പ്രസിഡന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ആ പാര്‍ട്ടിയുടെ എംപിമാരെ കോടതിയുടെ സഹായത്തോടെ അയോഗ്യരാക്കുകയും ചെയ്തു. ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് പോകാന്‍ കോടതിയുടെ അനുമതി കിട്ടിയ നഷീദ് ഇക്കാലമത്രയും ഒരു പ്രവാസിയായാണ് കൊളംബൊയിലും ലണ്ടനിലും കഴിഞ്ഞിരുന്നത്. ആറ് മാസം മുമ്പുനടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എംഡിപിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സ്ഥാനാര്‍ഥി ഇബ്രാഹിം സോലിഹ് വിജയിച്ചതിന് ശേഷമാണ് അദ്ദേഹം വീണ്ടും സ്വദേശത്ത് എത്തിയത്.

അബ്ദുള്ള യമീന്‍ അധികാരത്തിലിരുന്നുകൊണ്ട് ചെയ്തുകൂട്ടിയ തോന്ന്യാസങ്ങള്‍ക്ക് കണക്കില്ല. പ്രതിപക്ഷത്തുള്ള എംപിമാരെ അയോഗ്യരാക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റസിനെയും മറ്റൊരു ജഡ്ജിയെയും പോലും പിരിച്ചുവിട്ട് ജയിലിലടയ്ക്കാന്‍ പോലും ധിക്കാരം കാണിച്ച ഒരു ഭരണാധികാരിയാണ് യമീന്‍. ആ ഭരണത്തിന്‍കീഴില്‍ തടവിലാക്കപ്പെട്ട അസംഖ്യം പ്രമുഖരില്‍ മുപ്പതുവര്‍ഷം പ്രസിഡന്റായിരുന്ന ഗയൂം പോലും ഉള്‍പ്പെട്ടിരുന്നു. മുന്‍ പ്രസിഡന്റ് ഗയൂം ഈ ഏകാധിപതിയുടെ ഒരു അര്‍ധസഹോദരന്‍ കൂടിയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. തന്റെ ഏകാധിപത്യ വാഴ്ച നിലനിര്‍ത്താന്‍ അദ്ദേഹം എന്തുചെയ്യാനും മടിക്കില്ലെന്നതിന് മറ്റൊരു ദൃഷ്ടാന്തം തേടിപ്പോകേണ്ടതില്ലല്ലൊ.

മുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള മാലദ്വീപ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണെന്ന് പറയാനാവില്ല. ഇറ്റലിയുടെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന 61 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള സാന്‍മാറിനൊയ്ക്കുപോലും ആ ഒന്നാം സ്ഥാനം അവകാശപ്പെടാന്‍ കഴിയുമോ എന്ന് സംശയമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിലൂടെ കേരളത്തിന് മുമ്പ് കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയത് അവിടെയാണെന്നത് പ്രസ്താവ്യമാണ്. പക്ഷെ, മാലദ്വീപിന്റെ മുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ 1192 കൊച്ചുതുരുത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ്. ഒരു മാല പോലെ നീണ്ടുകിടക്കുന്നതുകൊണ്ടാണോ അതിന് മാലദ്വീപ് എന്ന പേരു കിട്ടിയതെന്ന് പറയാനാവില്ല. ഈ തുരുത്തുകളില്‍ തന്നെ 19 പവിഴപ്പുറ്റുകളിലായി സ്ഥിതിചെയ്യുന്ന ഇരുന്നൂറോളം തുരുത്തുകളില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത്. ആകെ ജനസംഖ്യ തന്നെ നാലു ലക്ഷത്തില്‍ താഴെയാണ്. അങ്ങനെയൊരു കുട്ടിരാജ്യത്തില്‍ ഏപ്രില്‍ ആറിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എങ്ങനെ ലോകശ്രദ്ധ പിടിച്ചുപറ്റിയതെന്ന് വിവരിക്കാന്‍ പ്രയാസമാണ്. രാജ്യത്തിന്റെ വലിപ്പമോ സാമ്പത്തികശേഷിയോ അല്ല അതിന്റെ ലോകപ്രശസ്തിക്ക് കാരണമെന്ന് 1957ല്‍ കേരളത്തിലും അതിന് ഒരു ദശവര്‍ഷം മുമ്പ് സാന്‍ മാറിനൊയിലും ഒരു കമ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നപ്പോള്‍ നാം കണ്ടതാണല്ലൊ. മാലദ്വീപും ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ജനാധിപത്യത്തിന് വേണ്ടി അവിടെ നടന്ന പോരാട്ടങ്ങള്‍ വഴിയാണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടല്ലൊ.

ആ പോരാട്ടത്തിന്റെ ആദ്യ വിജയം ആറുമാസം മുമ്പ് സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ്. സുപ്രീം കോടതി ജഡ്ജിമാരെ പോലും പിരിച്ചുവിടാനും ജയിലിലടയ്ക്കാനും മടി കാണിക്കാതിരുന്ന അബ്ദുള്ള യമീനെന്ന ഒരു ഏകാധിപതിയെ തറപറ്റിക്കാന്‍ ജനങ്ങള്‍ ഒന്നടങ്കം അണിനിരന്നതിന്റെ ഫലമായാണ് എംഡിപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇബ്രാഹിം സോളിഹിന് വമ്പിച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. പക്ഷെ, നിലവിലുള്ള പാര്‍ലമെന്റംഗങ്ങളില്‍ ബഹുഭൂരിപക്ഷവും അധികാരമോഹിയായ മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ അകമ്പടിക്കാരായിരുന്നു. പാര്‍ലമെന്റിന്റെ സ്പീക്കറും ആ നിലപാടുകാരനായിരുന്നതുകൊണ്ട് പല നിയമനിര്‍മാണ നടപടികളും മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ല. ആറ് മാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് അതിനുള്ള സുവര്‍ണാവസരമാണെന്ന് ബോധ്യപ്പെട്ട ഇതര പാര്‍ട്ടി അനുയായികളും മനസിലാക്കിയതുകൊണ്ട് എംഡിപിയുമായി അവരും കൈകോര്‍ത്തുപിടിക്കാന്‍ തയാറായിരുന്നു.

ആ ജനകീയ ഐക്യത്തിന്റെ ഫലമായാണ് ഒറ്റയ്ക്ക് മത്സരിച്ച എംഡിപിക്ക് 87ല്‍ 60 സീറ്റും നേടാനായെന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ പുനഃസ്ഥാപിക്കപ്പെട്ട ജനാധിപത്യത്തെ ഒരു ചുവടുകൂടി മുന്നോട്ടുവയ്ക്കാന്‍ സഹായിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ആകെയുള്ള രണ്ട് ലക്ഷം സമ്മതിദായകരില്‍ എണ്‍പതു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തുകളിലെത്തിയത് എംഡിപിക്കുള്ള ജനപിന്തുണയെയാണ് വിളിച്ചറിയിക്കുന്നത്.
മുന്‍ പ്രസിഡന്റ് യമീന്‍ നേതൃത്വം നല്‍കുന്ന ആര്‍പിഎം എന്ന പാര്‍ട്ടി ഇരുപത് സീറ്റുകളില്‍ മാത്രമാണ് മത്സരിക്കാന്‍ തയാറായത്. മറ്റ് പല സീറ്റുകളില്‍ അവര്‍ സ്വതന്ത്രന്‍മാരെ പിന്തുണയ്ക്കുകയായിരുന്നു. പരാജയഭീതികൊണ്ട് യമീന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നുമില്ല. ഫേസ്ബുക്ക് പോലുള്ള മറ്റ് മാധ്യമങ്ങളും ടെലിഫോണും വഴിയാണ് ആ പാര്‍ട്ടിയുടെ പ്രചാരവേല സംഘടിപ്പിച്ചിരുന്നത്.

യമീന്റെ അഴിമതിയും സ്വേച്ഛാപരമായ നടപടികളും മാത്രമായിരുന്നില്ല യമീനെതിരായ ജനരോഷം ആളിക്കത്തിച്ചത്. വിദേശാധിപത്യം അവസാനിച്ചതുമുതല്‍ക്ക് രാജ്യത്തിന്റെ പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗയൂം ഇന്ത്യയുമായുള്ള സൗഹൃദം ശക്തിപ്പെടുത്താനാണ് ശ്രമിച്ചിരുന്നതെങ്കില്‍ ഇന്ത്യാവിരുദ്ധ നടപടികള്‍ സ്വീകരിച്ചുകൊണ്ട് ചൈനയെ പ്രീണിപ്പിക്കാനാണ് യമീന്‍ നിരന്തരം ശ്രമിച്ചത്. ചൈന അത് വേണ്ടത്ര ഉപയോഗപ്പെടുത്തുകയും വിവിധ പദ്ധതികള്‍ക്ക് നല്‍കിയ ഭീമമായ വായ്പകളിലൂടെ രാജ്യത്തെ ഒരു കടക്കെണിയില്‍ കുടുക്കുകയും ചെയ്തു. രാജ്യത്തിന്റെ ജിഡിപി (മൊത്തം ദേശീയോല്‍പന്നം)യുടെ കാല്‍ഭാഗത്തോളമായി ഈ കടബാധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ദുരന്തങ്ങളെ നേരിടാന്‍ ഇന്ത്യ അവിടെ നിലനിര്‍ത്തിയിരുന്ന രണ്ട് ഹെലികോപ്റ്ററുകള്‍ തിരിച്ചെടുത്തുകൊണ്ടു പോകണമെന്ന് യമീന്‍ ആവശ്യപ്പെട്ടിരുന്നുവെന്നു പറഞ്ഞാല്‍ ഈ പ്രസിഡന്റിന്റെ ഇന്ത്യാവിരോധം എത്ര ആഴമേറിയതായിരുന്നുവെന്ന് സ്പഷ്ടമാകും.

മുന്‍ പ്രസിഡന്റ് ഗയൂമിനെ തട്ടിക്കൊണ്ടുപോകാന്‍ ഭീകരവാദികള്‍ നടത്തിയ ശ്രമത്തെ ഇന്ത്യ വിഫലമാക്കിയത് ഒരു മിന്നല്‍ പ്രത്യാക്രമണത്തിലൂടെയാണെന്ന വസ്തുത ഇന്ന് പലര്‍ക്കും ഓര്‍മയുണ്ടാവില്ല. ബംഗ്ലാദേശിനെ ഒരു സ്വതന്ത്ര രാജ്യമാകാന്‍ അന്നത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ നല്‍കിയ സഹായവുമായി മാലി ദ്വീപിലെ ഈ രക്ഷാപ്രവര്‍ത്തനത്തെ വിലമതിക്കുന്നവരാണ് മാലിദ്വീപിലെ അന്നത്തെ പ്രസിഡന്റ് ഗയൂമിനെപോലുള്ള ദേശസ്‌നേഹികള്‍. പുതിയ പ്രസിഡന്റ് സോളിഹും, മുന്‍ പ്രസിഡന്റിന്റെ പ്രതികാരത്തിന് ഇരയായി അഞ്ചുകൊല്ലക്കാലം പ്രവാസിയായി മറുനാടുകളില്‍ നരകജീവിതം നയിക്കേണ്ടി വന്ന മാലിയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റും എംഡിപിയുടെ അനിഷേധ്യനായ നേതാവുമായ മൊഹമ്മദ് നഷീദും ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന വസ്തുത ഇവിടെ എടുത്തുപറയേണ്ടതുണ്ട്.

പ്രസിഡന്റ് സോളിഹിന്റെ സത്യപ്രതിജ്ഞാചടങ്ങിന് മാലിയിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നുവെന്ന വസ്തുതയും അടിവരയിട്ട് സൂചിപ്പിക്കേണ്ടതുണ്ട്. പ്രസിഡന്റ് സോളിഹ് മാലിയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു. ഡിസംബറിലെ ആ സന്ദര്‍ശനത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പല സാമ്പത്തിക സഹകരാറുകളും ഒപ്പുവയ്ക്കപ്പെടുകയുണ്ടായി. എന്നു മാത്രമല്ല, 140 കോടി ഡോളര്‍ മാലിക്ക് സഹായധനം നല്‍കാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെടുകയുമുണ്ടായി. ഇതെല്ലാം ഇന്ത്യയും മാലിയുമായുള്ള സൗഹൃദ‑സഹകരണം സ്ഥായിയായി തുടരുമെന്നതിന് ഗ്യാരന്റിയുമാണ്.

ഇക്കഴിഞ്ഞ ദിവസം മാലിയുടെ വിദേശകാര്യ മന്ത്രി അബ്ദുള്ള ശഹീദ് ‘ഹിന്ദു’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിനിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സാധ്യതകളെപ്പറ്റിയും മാലിയുടെ ലോക വീക്ഷണത്തെപ്പറ്റിയും വിശദമായി സംസാരിക്കുകയുമുണ്ടായി. അതേസമയം തന്നെ ഇന്ത്യക്കെതിരായി ചൈന ഉയര്‍ത്തിപ്പിടിച്ചിരുന്ന യമീന്‍ ഭരണത്തിന്റെ നയതന്ത്രമല്ല തങ്ങള്‍ പിന്തുടരാന്‍ പോകുന്നതെന്ന് അദ്ദേഹം അടിവരയിട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു. മാലിദ്വീപിന്റെ പേരില്‍ ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കുന്ന ഒരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം തറപ്പിച്ചുതന്നെ പറഞ്ഞു. ഇന്ത്യയും ചൈനയും സൗഹൃദത്തിന്റെ പാതയിലൂടെ നീങ്ങുന്നതാണ് ലോകത്തിനുതന്നെ ഗുണകരമാവുകയെന്നും അദ്ദേഹം പറഞ്ഞു.
മാലിദ്വീപിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതിയ ജനകീയ ശക്തികള്‍ കൈവരിച്ച ഉജ്ജ്വലമായ നേട്ടം ആ രാജ്യത്തിനു മാത്രമല്ല ലോകത്തിലെ ജനാധിപത്യശക്തികളുടെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.