കെ ദിലീപ്

നമുക്ക് ചുറ്റും

February 18, 2020, 5:00 am

ജനഗണമന യാത്ര — ജനമുന്നേറ്റത്തിന്റെ കൊടുങ്കാറ്റ്

Janayugom Online

ഇന്ന് ഇന്ത്യയില്‍ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധം മുന്‍നിരയില്‍ നിന്നു നയിക്കുന്നത് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാറാണ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കെ കനയ്യകുമാര്‍ ഉണര്‍ത്തിയ ‘ആസാദി’ അഥവാ ‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഇന്ന് നഗരവീഥികളെയും ഗ്രാമഗ്രാമാന്തരങ്ങളെയും ഒരുപോലെ ആവേശഭരിതമാക്കുന്നു. ഇന്ത്യ മുഴുവന്‍ ആസാദിയുടെ സന്ദേശവുമായി കനയ്യകുമാര്‍ സഞ്ചരിക്കുകയുണ്ടായി. ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് ബിഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ ബിട്ടിഹാരയിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലം നീളുന്ന ജനഗണമനയാത്ര ആരംഭിച്ചിരിക്കുകയാണ്. 35 ജില്ലകളിലൂടെ സഞ്ചരിച്ച് ഫെബ്രുവരി 28ന് പറ്റ്നയിലെ ഗാന്ധിമൈതാനത്ത് സമാപിക്കും. യാത്രയിലുടനീളമുള്ള പൊ­തുസമ്മേളനങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് ജാഥയെ സ്വീകരിക്കാന്‍ അത്യാവേശപൂര്‍വം എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ ബിഹാറിലെ ചമ്പാരന്‍ പ്രദേശത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ മോഹന്‍ദാസ് കരംചന്ദ്ഗാന്ധി ഇന്ത്യയിലെ തന്റെ സത്യഗ്രഹ സമരമുറ ആദ്യമായി പ്രയോഗിച്ച് വിജയിച്ചത് ചമ്പാരനിലെ നീലം കര്‍ഷകരുടെ സമരം നയിച്ചുകൊണ്ടായിരുന്നു.

1917 ഏപ്രില്‍ മാസത്തിലായിരുന്നു ഗാന്ധിജി ചമ്പാരന്‍ സന്ദര്‍ശിച്ചത്. 1916 ലെ ലക്‌നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ചമ്പാരനിലെ നീലം കര്‍ഷകരുടെ ഒരു പ്രതിനിധി രാജ്കുമാര്‍ ശുക്ല ഗന്ധിയെ കണ്ട് കര്‍ഷകരുടെ ദുരിതത്തെക്കുറിച്ച് വിശദീകരിച്ചു. ചമ്പാരനിലെ കര്‍ഷകര്‍ അവരുടെ കൃഷിഭൂമിയിലെ നിശ്ചിത ഭാഗത്ത് ജന്മിക്കുവേണ്ടി നീലം കൃഷിചെയ്ത് വിളവെടുത്ത് നല്‍കുവാന്‍ ബാധ്യസ്ഥരായിരുന്നു. ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാനാവാതെ ജന്മിമാര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാരിനുമായി ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളില്‍ സൗജന്യമായി നീലം കൃഷി ചെ­യ്യാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഈ കര്‍ഷകര്‍. 1914 ല്‍ കിഴക്കന്‍ ചമ്പാരനിലെ പിപ്രായിലും 1916 ല്‍ തുര്‍കൗളിയിലും നടന്ന കര്‍ഷക സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. ഇക്കാര്യങ്ങള്‍ ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എത്രയും വേഗം താന്‍ ചമ്പാരന്‍ സന്ദര്‍ശിച്ച് പ്രശ്നം പഠിക്കാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് ഗാന്ധി കല്‍ക്കത്തവഴി 1917 ഏപ്രിലില്‍ കിഴക്കന്‍ ചമ്പാരനിലെത്തിയത്. ചമ്പാരനിലെത്തിയ ഗാന്ധി മോത്തിഹാര എന്ന ഗ്രാമത്തിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷെ ബ്രിട്ടീഷ് പൊലീസ് തടഞ്ഞു. പക്ഷെ ഗാന്ധിജി വഴങ്ങിയില്ല. അടുത്ത പടിയായി പൊലീസ് അടുത്ത ദിവസം കോടതിയില്‍ ഹാജരാവാനായി സമന്‍സ് നല്കി. 1917 ഏപ്രില്‍ 17ന് ഗാന്ധി കോടതിയില്‍ എത്തിയപ്പോള്‍ കോടതിയും പരിസരവും ജനനിബിഡമായിരുന്നു.

കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും പരിഹാരം കാണുവാനും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ എത്തിയതെന്നും സ്വന്തം മനസ്സാക്ഷിയുടെ തീരുമാനം അനുസരിക്കുവാന്‍ ബ്രിട്ടീഷ് നിയമം ലംഘിക്കുകയല്ലാതെ വേറെ പോംവഴി ഇല്ലെന്നും ഗാന്ധി കോടതിയില്‍ വാദിച്ചു. വിധിപറയുവാന്‍ ഏപ്രില്‍ 21 ലേക്ക് കേസ് മാറ്റിയ കോടതി ഗാന്ധിജിക്ക് 100 രൂപയുടെ ജാമ്യം അനുവദിച്ചു. പണമോ ജാമ്യം നല്കാന്‍ ആളോ ഇല്ല എന്ന് ഗാന്ധിജി അറിയിച്ചപ്പോള്‍ ജാമ്യമില്ലാതെ തന്നെ കോടതി വിട്ടയയ്ക്കുകയാണുണ്ടായത്. ചമ്പാരനിലെ ബിട്ടിഹാരയിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് 2020 ജനുവരി 20ന് ആണ് കനയ്യകുമാറിന്റെ ജനഗണമനയാത്ര ആരംഭിച്ചത്. യാത്ര തുടങ്ങുന്ന ദിവസം തന്നെ പൊലീസ് ഗാന്ധി ആശ്രമത്തില്‍‍ വച്ച് കനയ്യയെ അറസ്റ്റ് ചെയ്തു് അന്യായമായി തടങ്കലില്‍ വച്ചു. അവിടെ നടക്കുന്ന ഏതോ ആഘോഷത്തിന് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന അതി വിചിത്രമായ വാദമുന്നയിച്ചായിരുന്നു ഈ അറസ്റ്റ്. ഉദ്ഘാടന സമ്മേളനത്തിനെത്തിച്ചേര്‍ന്ന പതിനായിരങ്ങള്‍ പ്രതിഷേധിച്ചു. പൊലീസ് പിന്‍വാങ്ങി. ഗാന്ധിജി ഇന്ത്യയിലെ തന്റെ ആദ്യത്തെ സത്യഗ്രഹ സമരം ആരംഭിക്കുവാന്‍ ചമ്പാരനില്‍ 103 വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയപ്പോള്‍ ഉണ്ടായതിന് സമാനമായ സംഭവങ്ങള്‍ തന്നെയാണ് കനയ്യകുമാറിന്റെ ജനഗണമനയാത്ര ആരംഭിക്കുമ്പോഴും അര­ങ്ങേറിയത്. പൊലീസ് ആദ്യം തടഞ്ഞുവയ്ക്കുന്നു. പിന്നീട് ജനങ്ങളുടെ ബാഹുല്യം കണ്ട് വിട്ടയയ്ക്കുന്നു. അന്നും ഇന്നും ചമ്പാരനിലെ കര്‍ഷകന്റെ കണ്ണീര് തോര്‍ന്നിട്ടുമില്ല. പല പേരുകളില്‍ പല വേഷങ്ങളില്‍ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

ദരിദ്രന്റെ വാസസ്ഥലങ്ങള്‍ ഇന്നും മതില്‍ കെട്ടി മറയ്ക്കപ്പെടുന്നു. കോടികളുടെ പൂക്കള്‍ നിരത്തി ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന ഭരണാധികാരിക്ക് പരവതാനി ഒരുക്കപ്പെടുന്നു. പുരാണങ്ങളില്‍ ചമ്പാരന്‍ രാജര്‍ഷിയായ ജനകരാജാവിന്റെ വൈദേഹ രാജ്യത്താണ്. വാത്മീകി അടക്കമുള്ള മുനിമാരുടെ ആശ്രമങ്ങള്‍ ചമ്പാരനിലായിരുന്നെന്നും പറയുന്നു. യാജ്ഞവല്‍ക്യന്‍, ആരുണി, ഗാര്‍ഹി തുടങ്ങിയ വേദകാല പണ്ഡിതന്മാര്‍ ജനകന്റെ സദസ്യരുമായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. എന്നാല്‍ 1917 ല്‍ ഗാന്ധി എത്തിച്ചേര്‍ന്ന ചമ്പാരന്‍ കടുത്ത ജാതി വ്യത്യാസങ്ങളും അയിത്തവും പുലര്‍ന്നിരുന്ന പ്രദേശമായിരുന്നു. ദാരിദ്ര്യവും പട്ടിണിയും കാരണം ജനങ്ങള്‍ മരിച്ചുവീഴുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഗാന്ധി ചമ്പാരനില്‍ നടത്തിയത് ദീര്‍ഘമായ സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു. 2841 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ഗ്രാമീണരെ നേരില്‍ കേട്ട് അവരോരുത്തരുടേയും മൊഴി രേഖപ്പെടുത്തി അവരെ വായിച്ചു കേള്‍പ്പിച്ച് അവരുടെ വിരലടയാളം പതിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തി. 8000 പേജുള്ള ഒരു റിപ്പോര്‍ട്ടായി ഗാന്ധി തയാറാക്കി. 1917 ഒക്ടോബര്‍ മൂന്നിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒക്ടോബര്‍ ആറിന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഒക്ടോബര്‍ 29ന് ചമ്പാരന്‍ ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ടു. 1918 മാര്‍ച്ച് നാലിന് പാസായി. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസമുണ്ടായിരുന്നു. സമരത്തിന്റെ വിജയത്തോടെ ചമ്പാരനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയല്ല ചെയ്തത്.

ചമ്പാരനിലെ ഗ്രാമങ്ങളുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് ഗാന്ധിജി ശ്രദ്ധ കേന്ദ്രീകരിച്ചത്. ചമ്പാരനിലെ ഗ്രാമങ്ങളില്‍ സ്കൂളുകള്‍ സ്ഥാപിച്ചുകൊണ്ട് അയിത്താചരണത്തിനെതിരെയും ഹിന്ദു-മുസ്‌ലിം മൈത്രിക്കുമായുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം കൈവരുന്നത് ചമ്പാരനിലാണ്. ചമ്പാരനിലാണ് ഗാന്ധി യഥാര്‍ത്ഥ ഇന്ത്യന്‍ കര്‍ഷകനുമായി മുഖാമുഖം സംസാരിക്കുന്നത്- ഗ്രാമീണ ഇന്ത്യ എന്താണെന്നറിയുന്നത്. ഇന്ന് ബിഹാറിലെ നൂറിലധികം സംഘടനകളുമായി ചേര്‍ന്നാണ് കനയ്യകുമാറിന്റെ ജനഗണമനയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബിജെപിയെയും കൂട്ടാളികളെയും ഈ യാത്ര എത്രമാത്രം ഭയചകിതരാക്കിയിരിക്കുന്നു എന്നത് യാത്ര തുടങ്ങി രണ്ടാഴ്ച പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഏഴുതവണ ആക്രമിക്കപ്പെട്ടു എന്നതില്‍ നിന്നും വ്യക്തമാണ്. കിഷന്‍ഗംജിലും ഗയയിലും ബഹുസരായിലും മധുബനിയിലും ജഹനാബാദിലും മധേപുരയിലുമൊക്കെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും വലിയ ജനപിന്തുണ ഉറപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ജനഗണമനയാത്ര. കന്യാകുമാരിയില്‍ നിന്നാരംഭിച്ച് പഞ്ചാബിലെ ഫിരോസ്‌പൂര്‍ ജില്ലയിലെ ഭഗത്‌സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നീ ധീര രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഹുസൈനി വാലയില്‍ അവസാനിച്ച എഐവൈഎഫും എഐഎസ്എഫും സംഘടിപ്പിച്ച ലോങ് മാര്‍ച്ചിനു നേരെയും വ്യാപകമായ അക്രമം സംഘപരിവാര്‍ നടത്തിയിരുന്നു.

പക്ഷെ ലോങ് മാര്‍ച്ച് എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് യുവാക്കളുടെ വലിയ പിന്തുണയോടെ പൂര്‍ത്തിയാക്കുവാന്‍ യുവജനങ്ങള്‍ക്കായി. ബിഹാറിലെ ചമ്പാരനില്‍ ഗാന്ധിയുടെ ഇന്ത്യയിലെ സമരങ്ങള്‍ക്ക് ആരംഭം കുറിച്ച് 103 വര്‍ഷങ്ങള്‍ക്കിപ്പുറം ചമ്പാരനിലെ ബിട്ടിഹാറയിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് ഗാന്ധിജി സമൂഹത്തില്‍ നിന്ന് ഉച്ചാടനം ചെയ്യാന്‍ യത്നിച്ച ജാതിയും അയിത്തവും ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാന്‍ മതത്തിന്റെ പേരില്‍ ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ പോരാളി കനയ്യകുമാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യാത്ര ബിഹാറില്‍ ജനമുന്നേറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.