June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ബജറ്റിനുമെതിരെ ജനകീയ പ്രക്ഷോഭം

By Janayugom Webdesk
February 9, 2020

മാസം 12 മുതൽ 18വരെ ഒരാഴ്ച നീളുന്ന പ്രതിഷേധത്തിൽ മറ്റ് ഇടത് പാർട്ടികൾക്കൊപ്പം അണിചേരാൻ രണ്ട്, മൂന്ന്, നാല് തിയതികളിൽ കൊൽക്കത്തയിൽ ചേർന്ന സിപിഐ ദേശീയ കൗൺസിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. കൊൽക്കത്തയിലെ ഭുപേഷ് ഗുപ്ത ഭവനിൽ സിപിഐ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി സ്വപൻ ബാനർജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക സംഭവങ്ങൾ, പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ട് എന്നിവ പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ യോഗത്തിൽ അവതരിപ്പിച്ചു. പാർട്ടി സംഘടനയുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. സമഗ്രമായ ചർച്ചകൾക്കൊടുവിൽ പാർട്ടിയുടെ നേതൃത്വത്തിലും ആഭിമുഖ്യത്തിലും നടക്കുന്ന പ്രതിഷേധ സമര പരിപാടികൾക്ക് രൂപം നൽകി.

ഈമാസം 12 മുതൽ 18വരെ-കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധം

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യം മറ്റ് ഇടത് പാർട്ടികളുമായി ചർച്ച ചെയ്ത് തീരുമാനമെടുത്തു. ഇക്കാര്യം പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികൾ വൻ വിജയമാക്കാനും പാർട്ടി സഖാക്കളുടെയും അനുഭാവികളുടെയും ശക്തമായ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കണം.

ഫെബ്രുവരി 22 മുതൽ മാർച്ച് 23വരെ- രാഷ്ട്രീയവും ആശയപരവുമായ ശക്തമായ ക്യാമ്പയിൻ

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂർണമായും തകർന്നു. രാജ്യത്തെ പ്രശ്നങ്ങളുടെ പടുകുഴിയിലാക്കുന്ന തീരുമാനങ്ങളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വർഗീയ ധ്രുവീകരണം നടത്തുന്നതിനുമായുള്ള എല്ലാ തന്ത്രങ്ങളും ബിജെപിയും സംഘപരിവാറും സ്വീകരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു, ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ തീരുമാനങ്ങൾ ഇതൊക്കെ തന്നെ മതേതര ജനാധിപത്യ ഇന്ത്യയെ ഒരു മതരാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ തന്ത്രങ്ങളാണ്. ഈ നിലപാടുകൾ രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യ വ്യവസ്ഥ, ഫെഡറലിസം, മതേതരത്വം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

വലതുപക്ഷ, ഫാസിസ്റ്റ് ശക്തികൾ സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിനെതിരെ ശക്തമായ ദേശവ്യാപകമായ പ്രതിഷേധം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയവും ആശയപരവുമായ ഒരു മാസം നീളുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ദേശീയ കൗൺസിൽ യോഗം തീരുമാനിച്ചു. 1946ൽ റോയൽ ഇന്ത്യൻ നേവിയുടെ പ്രതിഷേധ ദിനമായ ഫെബ്രുവരി 22 മുതൽ ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനമായ മാർച്ച് 23വരെയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി കശ്മീർ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, സിഎഎ, എൻപിആർ,എൻആർസി എന്നീ മൂന്ന് ബുക്ക് ലെറ്റുകൾ പ്രസിദ്ധീകരിക്കും. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും എത്തിക്കുന്നതിനായി പുസ്തകങ്ങൾ എല്ലാ പ്രാദേശിക ഭാഷകളിലേയ്ക്കും മൊഴിമാറ്റം ചെയ്യണം. കൂടാതെ എല്ലാ പാർട്ടി അംഗങ്ങളും ദേശീയ തലത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവ വികാസങ്ങളും അതിനോടുള്ള പാർട്ടി നിലപാടുകളും സംബന്ധിച്ച് ബോധവാൻമാരാകണം.

ഫെബ്രുവരി 20- യുക്തി, യുക്തിബോധം എന്നിവയുടെ ദിനം

യുക്തിവാദിയും മഹാരാഷ്ട്രയിൽ നിന്നുള്ള പാർട്ടി നേതാവുമായ ഗോവിന്ദ് പൻസാരെ വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ആക്രണത്തിൽ കൊല്ലപ്പെട്ടത് 2015 ഫെബ്രുവരി 20നാണ്. ഇപ്പോഴും പൻസാരെയുടെ ഘാതകരെ സർക്കാർ അറസ്റ്റ് ചെയ്തിട്ടില്ല. ഈ ദിവസം യുക്തി, യുക്തിബോധം എന്നിവയുടെ ദിനമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് ആചരിക്കും.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

1848 ഫെബ്രുവരി 21നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 21ന് ആശയപരമായ പ്രചാരണങ്ങൾ സംഘടിപ്പിക്കും. സോഷ്യലിസം, ഇടതു പക്ഷം എന്നിവയുടെ അസ്തിത്വത്തെ വർഗശത്രുക്കൾ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ അവർക്ക് ആശയപരമായ യോജിച്ച മറുപടി നൽകാൻ ഈ അവസരം വിനിയോഗിക്കണം.

2020 മാർച്ച് 20- ഡൽഹിയിലെ ബികെഎംയു റാലി

ബികെഎംയു മാർച്ച് 20ന് സംഘടിപ്പിക്കുന്ന കർഷക തൊഴിലാളികളുടെ റാലിക്ക് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരിക്കും ഇത്.

മെമ്പർഷിപ്പ് വിതരണം

പാർട്ടിയിൽ പുതിയ അംഗങ്ങളെ ചേർക്കുക, പാർട്ടി അംഗത്വം പുതുക്കുക തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. 20 ശതമാനം അംഗത്വം വർധിപ്പിക്കുകയാണ് ലക്ഷ്യം. പാർട്ടി അതിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഒരു ദശലക്ഷം അംഗത്വമാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ദേശീയ കൗൺസിൽ ചർച്ച ചെയ്തു. ഇക്കാര്യങ്ങൾ സംഘടനാ റിപ്പോർട്ടിനൊപ്പം ഉടൻ ലഭ്യമാക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർന്നുവെന്ന് കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ ചൂണ്ടിക്കാ­ട്ടി­യി­രുന്നു. തൊഴിലില്ലായ്മ ഗണ്യമായി വർധിക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധി, ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം, വരുമാനത്തിലെ വ്യതിയാനം എന്നിവയും അനിയന്ത്രിതമായി വർധിക്കുന്നു. ഇക്കാര്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ആദ്യം തയ്യാറായില്ല. ഇപ്പോൾ യാഥാർഥ്യം അംഗീകരിക്കുന്നു. സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾ ഇപ്പോഴത്തെ ബജറ്റിലും പ്രകടമാണ്. ബജറ്റിലെ ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നിലപാടുകൾക്കെതിരെ പ്രമേയം പാസാക്കി. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം, പ്രത്യേകിച്ചും ബിപിസിഎൽ, എൽഐസി എന്നീ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി.

ജിഎസ്‌ടി നടപ്പാക്കിയതിലൂടെ പ്രത്യക്ഷ- പരോക്ഷ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള തീരുമാനം. ഈ തീരുമാനം രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ഇത് ഭാവിയിൽ രാജ്യത്തുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശേഷി രാജ്യത്തിന് നഷ്ടമാക്കും. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കിയത്. മുത്തലാഖ് നിരോധനം, ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്, ന്യൂനപക്ഷങ്ങൾ, സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾ എന്നിവർക്കിടയിൽ ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെ എൻആർസി, എൻപിആർ തുടങ്ങിയവ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളും സർക്കാർ നടപ്പാക്കി. രാജ്യത്താകമാനം, പ്രത്യേകിച്ചും രാജ്യതലസ്ഥാനം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സർക്കാരിന്റെ വിഭാഗീയ അജണ്ടകൾക്കെതിരെ നടക്കുന്ന സമരങ്ങൾ എന്നിവ ദേശീയ കൗൺസിൽ യോഗം ഏറെ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്തത്. യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ എന്നിവർ നടത്തുന്ന ശക്തമായ പ്രതിഷേധ സമരങ്ങളെ മറികടന്ന് സർക്കാരിന് സിഎഎ, എൻആർസി തുടങ്ങിയ സംഘപരിവാർ അജണ്ടകൾ നടപ്പാക്കാൻ കഴിഞ്ഞില്ല. സമരത്തെ ഹിന്ദു- മുസ്‌ലിം വിഷയമാക്കി വർഗീയവല്ക്കരിക്കാനുള്ള ശ്രമങ്ങളും വിജയം ക­ണ്ടില്ല. ജാമിയ, ഷഹീൻബാഗ് എന്നിവിടങ്ങളിൽ നടത്തിയ വെടിവയ്പ്പ് അപകടത്തെയാണ് സൂചിപ്പിക്കുന്നത്.

രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുക, ഭരണഘടനാ വിരുദ്ധ നടപടികളെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പാർട്ടി ദേശീയ കൗൺസിൽ യോഗം പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ മേഖലയാകെ പ്രശ്നമുഖരിതമാണ്. കശ്മീർ താഴ്‌വരിയിലെ സ്ഥിതി ഇപ്പോഴും സങ്കീർണമായി തുടരുന്നു. മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ആയിരക്കണക്കിന് പേർ ഇപ്പോഴും വീട്ടുതടങ്കലിലാണ്. മോഡി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് 18,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജമ്മു കശ്മീർ ചേമ്പർ ഓഫ് കൊമേഴ്സ് പറയുന്നു. തടങ്കലിൽ പാർപ്പിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഇന്റർനെറ്റ് സംവിധാനങ്ങൾ പുനസ്ഥാപിക്കുക, ജനാധിപത്യ പ്രക്രിയകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും പാർട്ടി മുന്നോട്ടുവച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കപ്പെടണം. അസമിൽ മാത്രം 1500 പേർ അറസ്റ്റിലാണ്. സമഗ്രമായ ചർച്ചകൾക്ക് ശേഷം സംഘടനാ റിപ്പോർട്ട് ദേശീയ കൗൺസിൽ അംഗീകരിച്ചു. ബിജെപി- ആർഎസ്എസ് ഫാസിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ പോന്ന വിധത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന നിശ്ചയദാർഢ്യത്തോടെയും ഊർജ്ജസ്വലതയോടെയുമാണ് ദേശീയ കൗൺസിൽ അംഗങ്ങൾ സമ്മേളനം കഴിഞ്ഞ് തിരികെ പോയത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.