Janayugom Online
hemachandran

ജനങ്ങളുടെ പ്രതികരണ ശേഷിയാണ് ദുരന്ത സ്ഥലത്തെ ശക്തി

Web Desk
Posted on September 07, 2018, 9:44 pm
പ്രളയത്തിൽ മികച്ച സേവനം കാഴ്ചവെച്ച അഗ്നിശമന സേനാഗങ്ങളെ ആദരിക്കുന്നതിനായി എറണാകുളം ഗാന്ധിനഗർ ഫയർസ്റ്റേഷനിൽ നടന്ന ചടങ്ങിനെത്തിയ ഡി ജി പി എ ഹേമചന്ദ്രനെ വേദിയിലേക്കാനയിക്കുന്നു

കൊച്ചി: ജനങ്ങളുടെ പ്രതികരണ ശേഷിയാണ് ദുരന്ത സ്ഥലത്തെ ശക്തിയെന്ന് ഫയർ ആൻഡ് റെസ്ക്യൂ മേധാവി എ. ഹേമചന്ദ്രൻ. പ്രളയത്തെ തുടർന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ രക്ഷാ പ്രവർത്തനം നടത്തിയ സേനാംഗങ്ങളെ ആദരിക്കുകയായിരുന്നു അദ്ദേഹം. ഉണർന്നു പ്രവർത്തിക്കാൻ കേരള സമൂഹത്തിനുള്ള കഴിവ് മാതൃകാ പരമാണ്. സമൂഹത്തിന്‍റെ ഈ സേവനസന്നദ്ധത പ്രയോജനപെടുത്താന്‍ കഴിയണം. അംബൂരിയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായപ്പോള്‍ ജനങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ടു. അംബൂരി സംഭവത്തെക്കുറിച്ച് നാഷ്ണല്‍ പൊലീസ് അക്കാദമിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ ജനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു.

ദുരന്തസ്ഥലങ്ങളില്‍ ജനങ്ങളെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കുന്നതിനായി കമ്യൂണിറ്റി റസ്‌ക്യൂ വോളന്‍ററി സ്‌കീം എന്നൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. സേവനസന്നദ്ധരായ പ്രാദേശികവാസികളെ അവരുടെ മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കൊടുത്ത് സജ്ജരാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി ശക്തിപെടുത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എറണാകുളം, ഇടുക്കി ജില്ലകളിലെ ഫയര്‍ ആൻഡ് റസ്‌ക്യൂ യൂണിറ്റുകള്‍ക്കുള്ള ഉപഹാരങ്ങളും എ. ഹേമചന്ദ്രന്‍ സമ്മാനിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ക്ക് 50 ഫൈബര്‍ ബോട്ടുകള്‍ എത്തിച്ച് നല്‍കിയ ലിസി ആശുപത്രിയിലെ പീഡിയാട്രിക്ക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യു, ഫയര്‍ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ക്കൊപ്പം ചെലവഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ തോട്ടക്കാട്ടുകര വട്ടപ്പറമ്പില്‍ വി.ജെ. ആന്‍ഡ്രൂ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. കേരളാ ഫയര്‍ ആൻഡ് റസ്‌ക്യൂ സര്‍വീസസ് ഡയറക്റ്റര്‍ ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു.എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി. ദീലീപന്‍, റെജി വി. കുര്യാക്കോസ്, എ.എസ്. ജോജി, ടി.ബി. രാമകൃഷ്ണന്‍, പി.എ. സജാദ്, ആര്‍. പുഷ്പരാജ്, എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.