ജനങ്ങളുടെ വിധി

Web Desk
Posted on May 23, 2019, 11:02 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന് ഭരണം ആവര്‍ത്തിക്കാനുള്ള മുന്‍തൂക്കമായി. കേരളത്തില്‍ ആലപ്പുഴ ഒഴികെയുള്ള എല്ലാ സീറ്റും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയില്‍ എ എം ആരിഫിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരമ്പരാഗത നെഹ്‌റു മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടു. അതേസമയം രണ്ടാം മണ്ഡലമായ വയനാട്ടില്‍ വലിയഭൂരിപക്ഷത്തോടെ രാഹുല്‍ വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് സിപിഐ പ്രതിനിധികള്‍ വിജയം വരിച്ചു.
301 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 348 സീറ്റുകളില്‍ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് 54 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 90 ഇടങ്ങളിലാണ് യുപിഎ മുന്നേറുന്നത്. എസ്പി-ബിഎസ്പി സഖ്യം 16 മണ്ഡലങ്ങളിലും സിപിഐ(എം) മൂന്നിടത്തും വിജയിച്ചു. മറ്റുകക്ഷികള്‍ 85 മണ്ഡലങ്ങളിലും മുന്നേറ്റം തുടരുന്നു.
തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സിപിഐയിലെ എം സെല്‍വരാജും തിരിപ്പൂരില്‍ സിപിഐയിലെ കെ സുബ്ബരായനുമാണ് വിജയിച്ചത്. സിപിഐ(എം) മത്സരിച്ച മധുരൈയില്‍ എസ് വെങ്കിടേഷും കോയമ്പത്തൂരില്‍ പി ആര്‍ നടരാജനും വിജയിച്ചു.
സഖ്യനീക്കം പരാജയപ്പെട്ട ബഗുസരായിയില്‍ തനിച്ചുമത്സരിച്ച സിപിഐ സ്ഥാനാര്‍ഥി കനയ്യകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. സിപിഐ തനിച്ചുമത്സരിച്ച ഇന്നര്‍ മണിപ്പൂരില്‍ ഡോ.എം നാരാ സിംഗ് 1.31 ലക്ഷത്തില്‍ അധികം വോട്ടുനേടി. കര്‍ണാടകയിലെ തുമക്കുരുവില്‍ എച്ച് ഡി ദേവഗൗഡ പരാജയപ്പെട്ടു. ത്രിപുര വെസ്റ്റില്‍ സിപിഐ (എം)ന്റെ സിറ്റിംഗ് എംപി ശങ്കര്‍ പ്രസാദ് ദത്ത രണ്ടാം സ്ഥാനത്തായി. ത്രിപുര ഈസ്റ്റിലെ സിപിഐ (എം) സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംപി ജിതേന്ദ്ര ചൗധരിക്കും വിജയിക്കാനായില്ല. റായ്ബറേലിയില്‍ സോണിയഗാന്ധിയും ഗാന്ധി നഗറില്‍ അമിത്ഷായും വിജയിച്ചു.
മെയിന്‍പുരിയില്‍ നിന്ന് മുലായംസിംഗ് തെരഞ്ഞെടുക്കപ്പെട്ടു. രാംപൂരില്‍ ജയപ്രദ രണ്ടാം സ്ഥാനത്തായി. രാജ്‌നാഥ് സിംഗ് ലഖ്‌നൗവില്‍ നിന്ന് വിജയിച്ചു. പട്‌ന സാഹിബില്‍ ശത്രുഘ്‌നന്‍ സിന്‍ഹ രണ്ടാം സ്ഥാനത്തെത്തി. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന് വിജയിക്കാനായില്ല. ഭോപ്പാലില്‍ മത്സരിച്ച മാലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാസിംഗ് ഠാക്കൂര്‍ വിജയിച്ചു. അസംഗറില്‍ അഖിലേഷ് യാദവ് വിജയിച്ചു.
ആന്ധ്രയില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നേറ്റം. ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാന ഭരണം ഉറപ്പിച്ചു. ആകെയുള്ള 175 മണ്ഡലങ്ങളില്‍ 123 സീറ്റുകളിലും ഇവര്‍ വിജയംവരിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്‌ദേശം പാര്‍ട്ടി 29 സീറ്റുകളിലേക്ക് ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് 88 സീറ്റുകളാണ് വേണ്ടത്. ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ വിജയമുറപ്പിച്ചു.
കേരളത്തില്‍ 19 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. ബിജെപിക്കും മോഡിക്കും എതിരെയുള്ള മതനിരപേക്ഷ വികാരമായി യുഡിഎഫിന്റെ വിജയം. എന്നാല്‍ വോട്ടര്‍മാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഇന്ത്യയുടെ ഹൃദയഭൂമികളില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. പാലക്കാട്, ആലത്തൂര്‍, കാസര്‍കോട്, തൃശൂര്‍, ആറ്റിങ്ങല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ അപ്രതീക്ഷിത മുന്നേറ്റം പോളിംഗിന് ശേഷം സ്വന്തം തോല്‍വി വിലയിരുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് ഇത്തവണയും കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കാനായില്ല. തിരുവനന്തപുരത്തുമാത്രമാണ് ഇവര്‍ക്ക് രണ്ടാം സ്ഥാനത്തെത്താനായത്.
വിവിപാറ്റ് രസീത് എണ്ണാനുണ്ടെന്നിരിക്കെ പലയിടത്തും അന്തിമഫലം പ്രഖ്യാപിക്കാന്‍ വൈകുമെന്നാണ് സൂചന.

ജാഗ്രത ആവശ്യപ്പെടുന്നു: സിപിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി നടത്തിയ വിധിയെഴുത്ത് അംഗീകരിക്കുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാരും ആര്‍എസ്എസും ബിജെപിയും കൈക്കൊണ്ട അനധികൃത നടപടികളും വോട്ടര്‍മാരുടെ ധ്രുവീകരണത്തിനായി സായുധസേനയുടെയും മതങ്ങളുടെയും പേര് ഉപയോഗിച്ച് നടത്തിയ കുതന്ത്രങ്ങളും മറന്നുകൂടാത്തതാണ്. തൊഴിലില്ലായ്മ, ഗ്രാമീണമേഖലയിലെ തകര്‍ച്ച, നോട്ടുനിരോധനവും ചരക്കുസേവന നികുതിയും പോലുള്ള വിനാശകാരിയായ നടപടികള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതില്‍ അവര്‍ക്ക് ജയിക്കാനായി. മാത്രവുമല്ല തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ബിജെപിക്ക് ജയിക്കാനായില്ലെന്നതും എടുത്തുപറയേണ്ടതാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ള വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുനേരെ കഴിഞ്ഞ അഞ്ചുവര്‍ഷവും തുടര്‍ച്ചയായുണ്ടായ കടന്നാക്രമണങ്ങള്‍ക്കെതിരെ പുലര്‍ത്തിയ ജാഗ്രത അതേ നിലവാരത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടന ഇപ്പോള്‍തന്നെ സ്തംഭനാവസ്ഥയിലാണ്. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവ് ആഗോള സമ്പദ്ഘടനയെയും സമ്മര്‍ദത്തിലാക്കിയിരിക്കുന്നു. ഇതെല്ലാം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്നുറപ്പാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടത് — മതേതര — ജനാധിപത്യ ശക്തികളുടെ യോജിപ്പ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തൊഴിലാളിവര്‍ഗത്തിന്റെ നിശ്ചയദാര്‍ഢ്യമുള്ള പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.