പേരന്‍പ്, ഹൃദയത്തിന്‍റെ ഭാഷ…

Web Desk
Posted on February 06, 2019, 10:29 am

കെ കെ ജയേഷ്

മഞ്ഞുപുതച്ച ആ ഹില്‍സ്‌റ്റേഷനിലെ വീട്ടിലെ ഏകാന്തത.. ചെന്നൈ നഗരത്തിന്റെ തിരക്കിന് നടുവിലുള്ള ജീവിതം.. അമുദന്റെയും (മമ്മൂട്ടി), കൗമാരക്കാരിയും സ്പാസ്റ്റിക്ക് പരാലിസിസ് എന്ന രോഗമുള്ള മകള്‍ പാപ്പയുടെയും (സാധന) ജീവിത നിമിഷങ്ങളിലൂടെ കടന്ന് ഹൃദയത്തിന്റെ ഭാഷയില്‍ പ്രേക്ഷകരോട് സംസാരിക്കുകയാണ് പേരന്‍പിലൂടെ റാം എന്ന സംവിധായകന്‍.
തിരക്കൊന്നുമില്ലാതെ വളരെ സാവധാനം നീങ്ങുന്ന ക്യാമറ.. മാറി വരുന്ന ഋതുക്കള്‍ക്കൊപ്പം പ്രകൃതിയെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള കഥ പറച്ചില്‍.. കച്ചവട സിനിമകളുടെ ബഹളങ്ങളെയും മസാലക്കൂട്ടുകളെയും മാറ്റി നിര്‍ത്തിക്കൊണ്ട് ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുകയാണ് പേരന്‍പ്. രോഗിയായ കുട്ടിയുടെ വേദന നിറച്ചുവെച്ച വെറുമൊരു കണ്ണീര്‍പ്പടമല്ല പേരന്‍പ്. പ്രേക്ഷകരെ കരയിപ്പിക്കാനായുള്ള ശ്രമങ്ങളേതുമില്ല. പക്ഷെ കടന്നുപോകുന്ന ഒരോ രംഗവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു വിങ്ങലായി വന്നു നിറയും. അമുദന്റെ ജീവിതാവസ്ഥകള്‍ ഓരോ പ്രേക്ഷകരുടേതുമായി മാറും. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും നന്മയുടെയും ഒറ്റപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും വഴിയിലൂടെ ചെന്ന് ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പോസിറ്റീവ് ചിത്രം കൂടിയാണ് പേരന്‍പ്.
അമുദന്‍ എന്ന കഥാപാത്രത്തിന്റെ നരേഷനില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. എന്റെ ജീവിതത്തില്‍ ഞാന്‍ കടന്നുപോയ സന്ദര്‍ഭങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും നിങ്ങളുടെ ജീവിതം എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് ആര്‍ദ്രതയോടെ പറഞ്ഞ് അമുദന്‍ പന്ത്രണ്ട് അധ്യായങ്ങളാക്കി തിരിച്ച അയാളുടെ കഥ പറഞ്ഞു തുടങ്ങുന്നു. വേദനയുടെയും ഒറ്റപ്പെടലിന്റെയും തിരിച്ചടികളുടെയും കഥ… നിസ്സഹായതയില്‍ നിന്ന് അതിജീവനത്തിന്റെ വഴികളിലൂടെയുള്ള യാത്ര..

പാപ്പയുടെ കൈപിടിച്ചുള്ള അമുദന്റെ യാത്രയില്‍ പലരും അയാളെ ചതിക്കുന്നുണ്ട്. അയാളെ ആട്ടിയകറ്റുന്നുണ്ട്. അയാളെ ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ തുരുത്തുതേടി യാത്രയാകുന്നുണ്ട്. അയാള്‍ക്ക് പക്ഷെ ആരോടും ദേഷ്യമില്ല. ഏകാനന്തതയിലും തിരക്കിനിടയിലും അയാള്‍ പാപ്പയുടെ കൈ മുറുകെ പിടിക്കുകയാണ്. പത്ത് വര്‍ഷത്തിലധികം ഗള്‍ഫില്‍ ജോലി ചെയ്ത് തിരിച്ചെത്തുമ്പോഴാണ് അയാളറിയുന്നത് കൗമാരത്തിലേക്ക് കടന്ന രോഗിയായ മകളെയും തന്നെയും തനിച്ചാക്കി ഭാര്യ മറ്റൊരാളുടെ കൂടെ പോയെന്ന്. നാവ് പുറത്തേക്ക് തള്ളി.. നടക്കാന്‍ പോലുമാവാത്ത മകളെ ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ അയാള്‍ മനുഷ്യന്‍മാര്‍ അധികം ഇല്ലാത്ത ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് യാത്രയാവുന്നു. ഇവിടെ വീട്ടുജോലിക്കാരിയായെത്തുന്ന അഞ്ജലിയുടെ വിജയലക്ഷ്മിയെന്ന കഥാപാത്രത്തില്‍ അയാള്‍ ആശ്വാസം കണ്ടെത്തുന്നുണ്ടെങ്കിലും അതിനും ആയുസ്സ് കുറവായിരുന്നു.

എത്രമാത്രം വേദനാജനകവും ദൈന്യതയേറിയതുമാണ് ഭിന്നശേഷി കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവിതമെന്ന് പേരന്‍പ് കാട്ടിത്തരുന്നു. മകളുടെ മുഖത്ത് ഒരു നിമിഷമെങ്കിലും പുഞ്ചിരി വിരിയാന്‍ അവള്‍ക്ക് മുമ്പില്‍ ഗോഷ്ടികള്‍ കാട്ടുന്ന ഒരച്ഛന്‍.. അയാള്‍ തന്നെയാണ് മകള്‍ക്കുവേണ്ടി ഒരു പുരുഷ വേശ്യയെ കിട്ടുമോ എന്നറിയാന്‍ യാത്ര തിരിക്കുന്നത്. അമുദന്റെ മുഖത്തേറ്റ അടി സ്വന്തം മുഖത്ത് കിട്ടിയ അനുഭവമായിരിക്കും ഈ രംഗത്ത് പ്രേക്ഷകര്‍ അനുഭവിച്ചിരിക്കുക. ഒരച്ഛന്‍ ഇങ്ങനെയെല്ലാം ചിന്തിക്കുമോ എന്ന ചോദ്യത്തിന് നിസ്സഹായനായ മനുഷ്യന്റെ ചിന്തകള്‍ അമുദനെപ്പോലെ വിചിത്രവും സങ്കീര്‍ണ്ണവുമായ വഴികളിലൂടെ സഞ്ചരിക്കുമായിരിക്കും എന്ന് വിശ്വസിക്കാം. ഇത്തരമൊരു അനുഭവ പരിസരം ജീവിതത്തിലില്ലാത്തതുകൊണ്ട് തന്നെ അമുദനോട് ആ നിമിഷം തോന്നിയ ദേഷ്യം പല ജീവിതങ്ങളും കേട്ടറിഞ്ഞപ്പോള്‍ അലിഞ്ഞില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം.
പാപ്പയ്ക്ക് പാഡ് വെച്ചുകൊടുക്കുന്ന അമുദന്‍. മകളില്‍ ഉടലെടുക്കുന്ന ലൈംഗിക തൃഷ്ണകളും മാനസിക സംഘര്‍ഷങ്ങളുമെല്ലാം അയാള്‍ക്ക് ആദ്യം തിരിച്ചറിയാന്‍ കഴിയുന്നില്ല. അമ്മ കൂടെയില്ലാത്ത, ബുദ്ധിപരവും ശാരീരികവുമായ പരിമിതികളുള്ള മകളുടെ ആത്മസംഘര്‍ഷങ്ങള്‍ എളുപ്പത്തില്‍ അയാള്‍ക്കെന്നല്ല ഒരു പുരുഷനും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. ശാരീകികവും ലൈംഗികവുമായ വളര്‍ച്ചയുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനോ ഒളിച്ചുവെക്കാനോ ഒന്നും പാപ്പയ്ക്കറിയില്ല. ലോഡ്ജ് മുറിയിലെ ടി വിയില്‍ കണ്ട ചെറുപ്പക്കാരന് സ്‌ക്രീനില്‍ ചേര്‍ത്ത് അവള്‍ ഉമ്മ കൊടുക്കുന്നുണ്ട്. റോഡ് മുറിച്ചു കടന്നുവരുന്ന സുന്ദരനായ യുവാവിനെ ജാലകപ്പഴുതിലൂടെ അവള്‍ കൊതിയോടെ നോക്കുന്നുണ്ട്. മകള്‍ക്ക് ഒരു വിവാഹബന്ധം പോലും സാധ്യമാവില്ലെന്ന് അറിയാവുന്ന അമുദന്‍ തിരിച്ചറിവുകള്‍ക്ക് മുമ്പില്‍ പതറുന്നു.

മകളെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അയാള്‍ അവള്‍ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ജയിലിന് സമാനമായ ചിട്ടകളും ശിക്ഷാ രീതികളുമില്ല അവിടെ മകള്‍ സുരക്ഷിതയല്ലെന്ന് അയാള്‍ തിരിച്ചറിയുന്നു. മറ്റ് വഴികളെല്ലാമടയുന്ന അയാള്‍ ആര്‍ത്തലയ്ക്കുന്ന കടലിലേക്ക് മകളുടെ കൈപിടിച്ച് നടക്കുകയാണ്. എന്നാല്‍ ആത്മഹത്യയില്‍ തീര്‍ന്നുപോവേണ്ടതല്ല അമുദന്റെയും പാപ്പയുടെയും ജീവിതം. ജീവിതത്തിന്റെ ഒരു സ്‌നേഹസ്പര്‍ശം മരണമുഖത്ത് അവരെ തലോടുന്നു.
അതീവ സങ്കീര്‍ണ്ണമായ പ്രമേയമാണെങ്കിലും വളരെ ലളിതമായാണ് റാമിന്റെ കഥ പറച്ചില്‍. പ്രേക്ഷകരെ അകറ്റി നിര്‍ത്താതെ അവരെ കൂടെ നിര്‍ത്തിയാണ് റാം അമുദന്റെയും പാപ്പയുടെയും കഥ പറയുന്നത്. കുരുവികള്‍ മരിക്കാത്ത ഒരിടത്തേക്ക് മകളെയും കൊണ്ട് യാത്രയാവുന്നു എന്നത് പോലുള്ള സാഹിത്യവാചകങ്ങള്‍ വിരസമാവാതെ കാവ്യാത്മകമായി എഴുതിച്ചേര്‍ത്ത റാം തിരക്കഥാ രചനയിലും തന്റെ പ്രതിഭ തെളിയിക്കുന്നു. തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമിന്റെ ഏറ്റവും മികച്ച ചിത്രമാണ് പേരന്‍പ് എന്ന് നിസ്സംശയം പറയാം. കാക്കമുട്ടൈയും പരിയേറും പെരുമാളും 96 മെല്ലാം പിറന്ന തമിഴില്‍ പുതിയ വസന്തങ്ങള്‍ ചിറകടിക്കുകയാണന്ന് പേരന്‍പിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടെ ഹൃദയസ്പര്‍ശിയായ സംഗീതം ജീവിതാവസ്ഥകള്‍ക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. മഞ്ഞുപുതച്ച കൊടൈക്കനാലും അവിടെ ഒറ്റപ്പെട്ട തീരത്തെ അമുദന്റെ വീടും മാറി വരുന്ന ഋതുക്കളും അമുദനെ വലയം ചെയ്ത ഏകാന്തതയുമെല്ലാം തേനി ഈശ്വറിന്റെ ക്യാമറാക്കണ്ണുകള്‍ അതിമനോഹരമായി ഒപ്പിയെടുക്കുന്നു. തിരക്കേറിയ നഗരത്തിലെത്തുമ്പോഴും അമുദനെ വലയം ചെയ്ത് ഏകാന്തതയുണ്ട്. ആള്‍ക്കൂട്ടത്തിലും അയാള്‍ തനിയെ ആണ്. പാപ്പയെ ഹോട്ടല്‍ മുറിയില്‍ അടച്ചിട്ട് ജോലിയ്ക്ക് പോകുന്ന അമുദന്റെ നിസ്സഹായാവസ്ഥയും ചെന്നൈയിലെ രാത്രികാല ജീവിതവുമെല്ലാം സ്വാഭാവിക കാഴ്ചകളായി മാറുന്നു.വൈരമുത്തുവിന്റെയും സുമതി റാമിന്റെയും കരുണാകരന്റെയും പാട്ടുകള്‍ നേര്‍ത്ത തെന്നല്‍ പോലെ മനസ്സില്‍ ഒഴുകിപ്പടരുന്നു.

കുട്ടനാട്ടില്‍ ബ്ലോഗെഴുതിയും സ്റ്റാറായ പുള്ളിക്കാരനുമെല്ലാമായി കുറേക്കാലമായി തളച്ചിടപ്പെട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യതകള്‍ കുറേക്കാലത്തിന് ശേഷം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ് പേരന്‍പ്. മകളുടെ പ്രിയപ്പെട്ട പപ്പയായി വന്നപ്പോഴും താരപരിവേഷം അശേഷം കൈവിടാതിരുന്ന ഡേവിഡ് നൈനാനിയില്‍ നിന്നും താരത്തിന്റെ യാതൊരു ആര്‍ഭാടവും ഇല്ലാതെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ് മമ്മൂട്ടിയുടെ അമുദന്‍. ആരോടും വെറുപ്പില്ലാതെ.. പരിഭവങ്ങളില്ലാതെ.. തന്റെ വേദനകളെല്ലാം നെഞ്ചില്‍ ഒരുക്കിവെച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന അമുദന്റെ ഏറെക്കാലത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ അസാധാരണമായ കഥാപാത്രം തന്നെയാണ്. ഇനിയും ഒരുപാട് വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ബാക്കിയുണ്ടെന്ന് അമുദന്റെ ഭാവപ്പകര്‍ച്ചകള്‍ പേരന്‍പ് വ്യക്തമാക്കിത്തരുന്നു. ശാരീരികവും മാനസികവുമായ വൈകല്യങ്ങളുള്ള പാപ്പയെ അസാധാരണമാക്കിയിരിക്കുകയാണ് സാധന. മമ്മൂട്ടിയ്‌ക്കൊപ്പം നിന്നുള്ള അത്യുഗ്രന്‍ പ്രകടനം. അത്രയധികം സ്വാഭാവികമാണ് ഈ പെണ്‍കുട്ടിയുടെ പാപ്പയായുള്ള വേഷപ്പകര്‍ച്ച. അവളുടെ നിലവിളി ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. മലയാളിയായ അഞ്ജലി അമീര്‍ മീര എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി മികവുറ്റ പ്രകടനം കാഴ്ച വെച്ചു. അമുദന്റെ ജീവതത്തിലേക്ക് സ്‌നേഹത്തിന്റെ നിലാവു പോലെയാണ് അവളെത്തുന്നത്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് അയാളെയും പാപ്പയെയും അവള്‍ കൈപിടിച്ചുയര്‍ത്തുന്നു. ദുരന്തങ്ങള്‍ക്ക് മുമ്പില്‍ പകച്ച് നില്‍ക്കുന്നവരോട് ഒന്നും അവസാനമല്ലെന്ന് അവള്‍ പറയുന്നു. വരാനിരിക്കുന്ന പുലരിയിലേക്ക് വേദന നിറഞ്ഞ ജീവിതത്തെ കാത്തുസൂക്ഷിക്കാന്‍ പേരന്‍പ് നമ്മള്‍ ഓരോരുത്തരോടും പറയുന്നു. ഡോക്ടര്‍ ധനപാലനായി ചെറുവേഷത്തില്‍ സമുദ്രക്കനിയും ചിത്രത്തിലുണ്ട്.
പന്ത്രണ്ടാം അധ്യായത്തിനൊടുക്കം നന്മയുടെ.. പച്ചപ്പിന്റെ തീരത്ത് ജീവിതം വിജയിച്ചു മുന്നേറാന്‍ തീരുമാനിച്ച അമുദന്റെ പുഞ്ചിരി കാണാം.. പാപ്പയുടെ കൈപിടിച്ച് മീര നടന്നുവരുന്നത് കാണാം.. പ്രകൃതിയുടെ മടിത്തട്ടില്‍ പുതിയ പുലരികള്‍ പിറക്കുന്നു.. ജീവിതത്തിന്റെ പ്രതീക്ഷകളും നന്മകളും ആ നിമിഷത്തില്‍ പ്രേക്ഷകര്‍ക്ക് ചുറ്റും ചിറകടിക്കുന്നു. ആ ചിറകടിയൊച്ചകള്‍ക്കിടെ ഹൃദയത്തിന്റെ ഭാഷയില്‍ പേരന്‍പ് പ്രേക്ഷകരെ സ്‌നേഹത്തോടെ ആശ്ലേഷിക്കുന്നു..