Web Desk

ലഖ്നൗ:

June 06, 2020, 6:48 pm

യുപിയിൽ എട്ട് ആശുപത്രികളി‍ൽ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണി മരിച്ചു

Janayugom Online

ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയടക്കം എട്ട് ആശുപത്രികളി‍ൽ ചികിത്സ നിഷേധിക്കപ്പെട്ട ഗർഭിണി ആംബുലൻസിൽ മരിച്ചു. എട്ടുമാസം ഗർഭിണിയായ നീലം (30) എന്ന യുവതിയാണ് വിവിധ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട് 13 മണിക്കൂറോളം അലഞ്ഞതെന്ന് പിടിഐ റിപ്പോർട്ടുചെയ്തു. ഗ്രേറ്റർ നോയ്ഡയിലെ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിലാണ് യുവതി മരിച്ചത്.
നോയ്ഡ — ഗാസിയാബാദ് അതിർത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭിണിയായശേഷം നീലം പതിവായി പോയിരുന്നത്. ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ച ദമ്പതികൾ അവിടെ എത്തിയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെയാണ് ഭർത്താവ് വിജേന്ദർ സിങ്ങിനൊപ്പം യുവതി ചികിത്സ തേടി അലയേണ്ടിവന്നത്. സംഭവത്തിൽ ഗൗതംബുദ്ധ് നഗർ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
ഗ്രേറ്റർ നോയ്ഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് , ഇഎസ്ഐ ഹോസ്പിറ്റൽ, സെക്ടർ 30 ലെ ചൈൽഡ് പിജിഐ ഹോസ്പിറ്റൽ, ശാരദ ഹോസ്പിറ്റൽ, തുടങ്ങിയവയെ ദമ്പതികൾ സമീപിച്ചു. ഇതിനുശേഷം നാല് സ്വകാര്യ ആശുപത്രികളെയും ദമ്പതികൾ സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
യുപിയിൽ യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ മനുഷ്യജീവൻ നഷ്ടപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. ഗൗതംബുദ്ധ് നഗറിൽ മെയ് 25 ന് ചികിത്സതേടി മാതാപിതാക്കൾ വിവിധ ആശുപത്രികളിലേക്ക് ഓടുന്നതിനിടെ നവജാത ശിശു മരിച്ചിരുന്നു.

 

ENGLISH SUMMARY: Per­ganant lady died in noi­da due to denied treatment

you may also like this video