പെരിഞ്ഞനം പഞ്ചായത്തംഗം ബിജെപിൽ നിന്ന് രാജിവെച്ചു

Web Desk
Posted on November 28, 2019, 4:11 pm

പെരിഞ്ഞനം: ബിജെപിയുടെ നിസ്സഹകരണത്തിൽ മനം മടുത്ത് രാജിവെക്കുന്നതായി പെരിഞ്ഞനം പഞ്ചായത്ത് വാർഡ് മെമ്പർ. പെരിഞ്ഞനം പഞ്ചായത്ത് 13ാം വാർഡ് മെമ്പർ കവിത സജീവനാണ് ബിജെപിയിൽ നിന്ന് രാജിവെക്കുന്നതായി അറിയിച്ചത്. പഞ്ചായത്തംഗമായി നാല് വർഷം പിന്നിട്ടിട്ടും പാർട്ടിയുടെ ഭാഗത്തു നിന്നും യാതൊരു വിധ സഹകരണവുമുണ്ടായിട്ടില്ലെന്നും മാനസികമായി തളർത്തുന്ന സമീപനമാണ് പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കവിത സജീവൻ ആരോപിച്ചു. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയുടെ സഹകരണത്തോടെ ഒട്ടനവധി പ്രവർത്തനങ്ങൾ വാർഡിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്നും കവിത പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.

അതേസമയം തുടർന്നുള്ള ഒരു വർഷം പഞ്ചായത്തംഗമായി തുടരും. ബിജെപിയുടെ അംഗത്വം തനിക്ക് താൽപര്യമില്ലെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തം നടപ്പാക്കുമെന്നും കവിത സജീവൻ വ്യക്തമാക്കി. കൂടാതെ മറ്റൊരു പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്തിൽ ബിജെപിയുടെ ഏക മെമ്പറാണ് കവിത.