പെരിയയിൽ അക്രമങ്ങൾ തുടർകഥ; ലക്ഷകണക്കിന് രൂപയുടെ നഷ്ടങ്ങൾ

Web Desk
Posted on February 24, 2019, 1:44 pm

കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട് ഒരാഴ്ച കഴിഞ്ഞും ഈ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ക്ക് ശമനമായിട്ടില്ല. കഴിഞ്ഞദിവസം രാത്രി പെരിയില്‍ വീണ്ടും ആക്രമം. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.

അതേസമയം വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.
നാടെങ്ങും നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പണവും മലഞ്ചരക്കുകളും കൊള്ളയടിച്ചശേഷം കത്തിച്ച കടകൾ നാട്ടിലുണ്ട്. തീയിട്ടും തകർത്തും നശിപ്പിച്ച ഗ്രന്ഥാലയങ്ങളും പാർടി ഓഫീസുകളും. വെണ്ണീരായ ആയിരക്കണക്കിന‌് പുസ‌്തങ്ങളും അക്രമിത്തിനിരയായി. രക്തസാക്ഷികളുടെയും നേതാക്കളുടെയും സ‌്മാരകങ്ങൾ അക്രമികൾ തകർത്തെറിഞ്ഞു.

കല്യോട്ടെ ഭീകരതയുടെ മറ്റൊരു നേർചിത്രമാണ‌് ഓമനക്കുട്ടൻ എന്നയാളുടെ  വീട‌്. വാതിൽ തകർത്ത‌് അകത്തുകടന്ന അക്രമികൾ വീട്ടിനകത്തുള്ളതെല്ലാം കത്തിച്ച‌ു. അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കവർന്നു. കട്ടിലും മേശയും ടിവിയും അലമാരയും ഉൾപ്പെടെ വീട്ടിലുള്ളതെല്ലാം കത്തിച്ചാമ്പലായി. പെട്രോൾ ബോംബെറിഞ്ഞതിനാൽ വീടിന്റെ ചുമരുകൾ വിണ്ടുകീറി. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമാണുള്ളത‌്.