Janayugom Online
periyar janayugom

പെരിയാര്‍ തീരദേശ വാസികള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

Web Desk
Posted on July 29, 2018, 10:42 pm

സ്വന്തം ലേഖകന്‍
കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതോടെ ഓരോ നിമിഷവും വെള്ളപ്പൊക്ക ഭീഷണിയുടെ ആശങ്കയിലാണ് പെരിയാര്‍ തീരദേശ വാസികള്‍. ഡാമുകള്‍ തുറക്കുന്നതിന് മുന്നോടിയായിട്ടുള്ള ആദ്യ മുന്നറിയിപ്പു മാത്രമാണ് ഇതിനകം വന്നിട്ടുള്ളതെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇനിയും തുടര്‍ന്നാല്‍ ഏതു നിമിഷവും വീട് വിട്ടൊഴിയേണ്ടിവരുമെന്ന ഭീതിയിലാണ് പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍.മൂന്നാം മുന്നറിയിപ്പ് നല്‍കി 24 മണിക്കൂറിനു ശേഷം മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളുവെന്ന കളക്ടറുടെ ഉത്തരവിന്റെ ഏക ആശ്വാസത്തിലാണ് നെഞ്ചിടിപ്പോടെയാണെങ്കിലും ഇവര്‍ വീടുകളില്‍ കഴിയുന്നത്.ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി താമസിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ മാസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എഴുപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്.പിന്നീട് മലങ്കര, ഭൂതത്താന്‍കെട്ട് ഡാമുകളുടെ ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നു വിട്ടപ്പോഴും പെരിയാര്‍ തീരദേശ വാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളെ അഭയം പ്രാപിക്കേണ്ടി വന്നു. പൂര്‍ണമായും ക്യാമ്പുകള്‍ അവസാനിപ്പിച്ചിട്ടുമില്ല. ഇനി ഇടുക്കി ‚ഇടമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതിനേക്കാള്‍ വലിയ വെളളപ്പൊക്കമാവും ഉണ്ടാവുകയെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിലെ ഫര്‍ണിച്ചറുകളും സാധന സാമഗ്രികളും കുട്ടികളുടെ പഠനോപകരണങ്ങളും വിലപ്പെട്ട രേഖകളും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു. ജോലിക്കു പോകാന്‍ കഴിയാത്തതും വസ്ത്രങ്ങള്‍ മാറാന്‍ പോലും ഇല്ലാത്ത സ്ഥിതിവിശേഷവും തീരദേശവാസികളെ അലട്ടുന്നുണ്ട്. കെട്ടിടങ്ങള്‍ക്ക് ബലക്ഷയവും ഇഴജന്തുക്കളുടെ ശല്യവും മാലിന്യ ദുര്‍ഗന്ധവും ഇവര്‍ നേരിടുകയാണ്.
ഇതിനിടയിലാണ് വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പും പെരിയാര്‍ തീരദേശ വാസികളെയും വ്യാപാരികളെയുമൊക്കെ ഭയപ്പെടുത്തുന്നത്. ഇന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗവും ചേരുന്നുണ്ട്.