December 2, 2022 Friday

Related news

July 29, 2022
May 19, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021

ലോക്ഡൗൺ കാലത്തും പെരിയാറിന് ശാപമോക്ഷമില്ല

ഷാജി ഇടപ്പള്ളി
കൊച്ചി
April 19, 2020 8:44 pm

ലോക്ഡൗൺ കാലയളവിലും പെരിയാറിന് ശാപമോക്ഷമില്ല. സംസ്ഥാനത്തെ പുഴകളിലും പ്രധാന ജലസ്രോതസുകളിലുമെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാലിന്യത്തോത് കുറഞ്ഞു വരുന്ന സന്ദർഭത്തിലും വിശാല കൊച്ചിയിലെ ആറു ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ള സ്രോതസുകൂടിയായ പെരിയാറിന്റെ മലിനീകരണത്തിനു മാത്രം യാതൊരു മാറ്റവുമില്ല. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ നദിയും വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതുമായ നദി കുടിയാണ് പെരിയാർ. ആലുവ, എടയാർ, ഏലൂർ വ്യവസായ മേഖലയിലെ ചെറുതും വലുതുമായ പൊതുമേഖല, സ്വകാര്യ വ്യവസായ ശാലകളെല്ലാം ലോക്ഡൗണിനെ തുടർന്ന് ഉല്പാദനം നിർത്തിവച്ചിരിക്കയാണ്. എന്നിട്ടും ഒരു മാസക്കാലയളവിൽ ഏലൂർ മേഖലയിൽ നാലുവട്ടം മത്സ്യക്കുരുതി ഉണ്ടായത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ജലനിരപ്പും ഒഴുക്കും കുറവായ ഈ സന്ദർഭത്തിൽ പുഴയുടെ തീരങ്ങളിൽ മത്സ്യത്തോടൊപ്പം മണ്ണിരകൾ പോലും ചത്തുപൊങ്ങിയത് പെരിയാറിന്റെ അടിത്തട്ടിൽ വരെ ഗുരുതരമായ മാലിന്യം അടിഞ്ഞുകൂടിയതിന്റെ തെളിവാണ്. ഓരോ ദിവസവും നിറം മാറിയും ദുർഗന്ധത്തോടും കൂടിയാണ് പെരിയാർ ഒഴുകുന്നത്. കറുത്ത മാലിന്യം കെട്ടിക്കിടന്നതിനാൽ കഴിഞ്ഞ ദിവസം ഏലൂർ പാതാളത്തെ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നാലു ഷട്ടറുകളും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഉയർത്തേണ്ടി വന്നിരുന്നു. ഷട്ടർ തുറന്നതോടെ താഴെതട്ടിലേക്ക് പുഴ കറുത്തിരുണ്ടാണ് ഒഴുകിയത്. കാർബൺ മാലിന്യമായിരുന്നു ജലനിരപ്പിൽ കറുത്തിരുണ്ട് കെട്ടിക്കിടന്നിരുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

ലോക്ഡൗണിന്റെ മറവിൽ അന്വേഷണത്തിനും നിരീക്ഷണത്തിനും ആരുമുണ്ടാകില്ലെന്ന നിഗമനത്തിൽ കരുതിക്കൂട്ടിയാണ് പെരിയാറിലേക്ക് ജൈവ മാലിന്യവും ഖര മാലിന്യവും ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ സംസ്കരിക്കാത്ത ജലവും തള്ളുന്നതെന്നാണ് അനുമാനിക്കേണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻവയൺമെന്റൽ സർവൈലൻസ് സെന്റർ ഏലൂരിൽ പ്രവർത്തിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ ഗുണനിലവാരം പ്രദർശിപ്പിക്കുന്ന കൂറ്റൻ ഡിസ്‌പ്ലേ ബോർഡും ഉണ്ട്. പക്ഷെ ഇത് പ്രവർത്തന രഹിതവുമാണ്. രാത്രികാലങ്ങളിൽ വ്യാപകമായ ദുർഗന്ധവും ഈ പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.