Saturday
19 Oct 2019

കൊച്ചിയില്‍ അന്താരാഷ്ട്ര സ്ഥിരം പ്രദര്‍ശനവേദി

By: Web Desk | Thursday 20 June 2019 12:33 AM IST


പി പ്രസാദ്

(സംസ്ഥാന ഹൗസിംഗ്~ ബോര്‍ഡ് ചെയര്‍മാന്‍)

പുരാതന കാലം മുതല്‍ക്കേ കേരളം ലോകത്തിന് മുന്നില്‍ അതിന്റെ സാധ്യതകള്‍ തുറന്നിട്ട ഒരു നാടാണ്. ആധുനിക കാലത്തിന് അനുയോജ്യമായി ഒരു ബ്രാന്‍ഡ് എന്ന നിലയ്ക്ക് ടൂറിസം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലും കേരളം അതിന്റെ വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ പോലെ ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര പ്രദര്‍ശന നഗരി കേരളത്തിലേക്ക് കൊണ്ടുവരുന്ന നിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും വികസനത്തിന്റെയും അളവ് വിസ്മയകരമായിരിക്കും. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍, കേരള ഡിസൈന്‍ ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ, കണ്‍വന്‍ഷനുകള്‍, മേളകള്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥിരം വേദികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അത്തരത്തിലുള്ള ഒരു പ്രദര്‍ശന നഗരി കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ രൂപംകൊള്ളുകയാണ്. ആകെ 3105 കോടി രൂപയുടെ ഒരു വന്‍പദ്ധതിക്കാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ഇതിനായി രൂപം കൊടുത്തിട്ടുള്ളത്. 17.9 ഏക്കര്‍ വിസ്തൃതിയില്‍ പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലാണ് ഈ സ്ഥിരം പ്രദര്‍ശന നഗരി ഒരുക്കുന്നത്. കേരളത്തിന്റെ കലയും സംസ്‌കാരവും പൈതൃകവും ചരിത്രവും ദൃശ്യമാക്കുന്ന കള്‍ച്ചറല്‍ ലിവിംഗ് മ്യൂസിയം/പൈതൃക ഗ്രാമം എന്നിവ ഇതിലെ പ്രതേ്യക ആകര്‍ഷണമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതിയുടെ ഔദേ്യാഗിക പ്രഖ്യാപനം ഇന്ന് നിര്‍വ്വഹിക്കുന്നു.
ഇതോടൊപ്പം കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അതിന്റെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിച്ചതിന്റെ ഫലമായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അവാര്‍ഡ് ചെയ്യുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കേഷന് അര്‍ഹമായതിന്റെ പ്രഖ്യാപനവും ഈ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു.
സഹ്യനും അറബിക്കടലും അതിരിടുന്ന കേരളമെന്ന ഈ ഭൂപ്രദേശം ഹരിത സമൃദ്ധി കൊണ്ടും സന്തുലിത കാലാവസ്ഥ പ്രതേ്യകതകള്‍ കൊണ്ടും ടൂറിസം സൗഹൃദ അന്തരീക്ഷംകൊണ്ടും ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഒന്ന് അലങ്കരിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. ഇതിനു പുറമെ നമ്മുടെ രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ കൊച്ചിക്കും വളരെ വലിയ സ്ഥാനമുണ്ട്. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും തിരുശേഷിപ്പുകളോടൊപ്പം മറൈന്‍ ഡ്രൈവും മറ്റൊരു വിനോദ ആകര്‍ഷണ കേന്ദ്രമാണ്.
സംസ്ഥാനത്തെ പാര്‍പ്പിട മേഖലയില്‍ അഞ്ച് ദശാബ്ദങ്ങളായി സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കി വരുന്ന സ്ഥാപനമാണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്. സംസ്ഥാനത്തെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പാര്‍പ്പിട രംഗം വളരെയധികം മാറിയിരിക്കുന്നു. ഇതിനനുസരിച്ചുളള മാറ്റം ഭവന നിര്‍മ്മാണ ബോര്‍ഡിനും ആവശ്യമാണ്. ഈ തിരിച്ചറിവിലാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്ത് പുതിയ തലത്തിലേയ്ക്ക് ഭവന നിര്‍മ്മാണ ബോര്‍ഡ് ഉയരാന്‍ ശ്രമങ്ങള്‍ നടത്തുന്നത്.
1971-ല്‍ സ്ഥാപിതമായതിനുശേഷം പാവപ്പെട്ടവര്‍ക്ക് വീട് ഉണ്ടാക്കുവാന്‍ വലിയ ശ്രമങ്ങളാണ് ഹൗസിംഗ് ബോര്‍ഡ് നടത്തിയത്. ആദ്യകാലങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വീട് ഉണ്ടാക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ വലിയ പരിഗണന നല്‍കിയിരുന്നില്ല. മനുഷ്യ വികസന സൂചികയുടെ കാര്യത്തില്‍ പാര്‍പ്പിടത്തിനുളള പങ്ക് വലുതാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍പ്പിട ദൗര്‍ലഭ്യം പരിഹരിക്കാന്‍ വലിയ ശ്രമങ്ങളാണ് സര്‍ക്കാര്‍ തലങ്ങളില്‍ നടന്നുവരുന്നത്. നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സമഗ്രമായും വിജയകരമായും നടത്താന്‍ കഴിഞ്ഞ പദ്ധതിയാണ് എം എന്‍ ഗോവിന്ദന്‍ നായരിലൂടെ കേരളവും ഇന്ത്യയും കണ്ട ലക്ഷം വീട് പദ്ധതി. രാജ്യത്താകമാനം മാതൃകയായ വിധത്തില്‍ ഇത് നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞു. ലക്ഷം വീട് പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സ്ഥാപനമാണ് ഹൗസിംഗ് ബോര്‍ഡ്.
1970 മുതല്‍ ഭവന നിര്‍മ്മാണ രംഗത്ത് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യഥാര്‍ഥത്തില്‍ 1956-ല്‍ ആരംഭിച്ചതും 1970-ല്‍ രൂപപ്പെടുത്തിയതുമായ ഭൂപരിഷ്‌കരണ നിയമമാണ് ഭവന നിര്‍മ്മാണ മേഖലയില്‍ മുന്നേറ്റം നടത്തുന്നതിന് അടിത്തറ പാകിയത്. ഗള്‍ഫ് മേഖലയിലേയ്ക്കുളള മലയാളിയുടെ കുടിയേറ്റവും ഗള്‍ഫ് പണത്തിന്റെ വരവും ഭവന നിര്‍മ്മാണ മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികളും സംസ്ഥാന പദ്ധതികളും പ്രയോജനപ്പെടുത്തി സാമൂഹിക സാമ്പത്തിക ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വിവിധങ്ങളായ പാര്‍പ്പിട പദ്ധതികള്‍ നാം നടപ്പിലാക്കി. ഇതില്‍ ഹൗസിംഗ് ബോര്‍ഡ് നടപ്പിലാക്കിയ എം എന്‍ ലക്ഷം വീട് പദ്ധതി, മൈത്രി ഹൗസിംഗ് സ്‌കീം, സുനാമി പുനരധിവാസ പദ്ധതി, ഗൃഹശ്രീ പദ്ധതി, ഇന്നോവേറ്റീവ് ഹൗസിംഗ് സ്‌കീം, സാഫല്യം തുടങ്ങിയ പദ്ധതികള്‍ വന്‍ ജനസമ്മതി പിടിച്ചുപറ്റിയവയാണ്.
1971-ല്‍ സ്ഥാപിതമായതിനു ശേഷം ഏഴ് ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ സാമ്പത്തിക സാങ്കേതിക സഹായം നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ 6.3 ലക്ഷത്തോളം സാമൂഹിക സാമ്പത്തിക ദുര്‍ബ്ബല വിഭാഗത്തില്‍പ്പെട്ടവരാണ്. രാജീവ് ദശലക്ഷം ഭവന പദ്ധതിയില്‍ ഏകദേശം 5000 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാനുള്ള സാഹചര്യങ്ങള്‍ ഹൗസിംഗ് ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ദുരന്ത ദുരിതാശ്വാസ പദ്ധതി പ്രകാരം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ 168 വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അത്താണി പദ്ധതി അനുസരിച്ച് തൊഴിലാളികള്‍ക്ക് 100 ഫഌറ്റുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുവരുന്നു. ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ 340 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് മാറ്റിപ്പാര്‍പ്പിച്ചു. ഗൃഹശ്രീ പദ്ധതി പ്രകാരം ആയിരത്തിലധികം പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. എം എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി പ്രകാരം ലക്ഷം വീട് കോളനികളിലെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളായി മാറ്റി നിര്‍മ്മിക്കുന്ന പദ്ധതി പ്രകാരം ഇതുവരെ 13000 വീടുകള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്.
വലിയ തോതിലുളള നഗരവല്‍ക്കരണം നമ്മുടെ സംസ്ഥാനത്ത് ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. നമ്മുടെ സംസ്ഥാനത്തില്‍ നഗരവല്‍ക്കരണം നടത്തുന്നതില്‍ വലിയ പങ്കാണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വഹിച്ചത്. വിവിധ സ്ഥലങ്ങളില്‍ പ്രോജക്ടുകള്‍ നടപ്പിലാക്കിയതുവഴി നഗര വികസനത്തില്‍ വളരെ വലിയ പങ്ക് വഹിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്. വില്ലകളും ഫഌറ്റുകളും മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ബോര്‍ഡ് ആയിരുന്നു. തൃശൂര്‍ അയ്യന്തോളിലെ അശോക് നഗര്‍, കോഴിക്കോട് ചക്കോരത്തുകുളം ഹൗസിംഗ് സ്‌കീം, എറണാകുളത്തെ പനമ്പള്ളി നഗര്‍ ഹൗസിംഗ് സ്‌കീം, തിരുവനന്തപുരത്തെ പിടിപി നഗര്‍ എന്നീ ഹൗസിംഗ് കോളനികള്‍ സംസ്ഥാനത്ത് മാതൃകയാകുന്ന വിധത്തില്‍ രൂപപ്പെടുത്തിയെടുത്തത് ഹൗസിംഗ് ബോര്‍ഡാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ രൂപപ്പെടുത്തിയെടുത്തതായിട്ടുളള ഹൗസിംഗ് കോളനികള്‍ പ്രശസ്തി നേടുകയും ഇതിന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. മറ്റൊരു അര്‍ഥത്തില്‍ നഗര പ്രാന്തപ്രദേശങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ സംഭാവന ഹൗസിംഗ് ബോര്‍ഡ് നടത്തിയിട്ടുണ്ട്.
ഹഡ്‌കോയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ വായ്പയെടുത്താണ് വിവിധ വായ്പാ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. വായ്പയെടുത്ത ഗുണഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ അനുവദിച്ചുകൊണ്ട് 2004 മുതല്‍ നടപ്പാക്കിവരുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഭൂരിഭാഗം പേരും വായ്പ അടച്ചു തീര്‍പ്പാക്കിയിട്ടുണ്ട്. കൂടാതെ ദുര്‍ബ്ബല വിഭാഗങ്ങളില്‍പ്പെട്ട വായ്പ പദ്ധതികളില്‍ ഗുണഭോക്താക്കളുടെ വായ്പാ കുടിശിക സര്‍ക്കാര്‍ കാലാകാലങ്ങളില്‍ എഴുതിത്തള്ളിയിട്ടുണ്ട്. എന്നിരുന്നാലും സാമ്പത്തിക പ്രയാസങ്ങള്‍മൂലം ഏതാണ്ട് 2500 ഗുണഭോക്താക്കളില്‍ നിന്നും 213 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ഹൗസിംഗ് ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഗുണഭോക്താക്കളെ അവരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ വിവിധ തട്ടുകളിലാക്കി അര്‍ഹവും ആകര്‍ഷകവുമായ ഇളവ് നല്‍കി അദാലത്തുകള്‍ സംഘടിപ്പിച്ച് വായ്പ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും വായ്പ കുടിശിക നിവാരണ അദാലത്തുകള്‍ റവന്യു വകുപ്പിന്റെ സഹായത്തോടെ സംഘടിപ്പിച്ചു വരികയാണ്.

Related News