Web Desk

March 17, 2020, 1:36 pm

നാവിക സേനയിലും വനിതകൾക്ക് തുല്യ അവകാശം- ഉത്തരവുമായി സുപ്രീംകോടതി

Janayugom Online

ഇന്ത്യന്‍ നാവിക സേനയിൽ വനിതാ ഓഫീസര്‍മാരുടെ പെര്‍മനന്റ് കമ്മീഷന് വഴിയൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി. കരസേനയ്ക്ക് പിന്നാലെയാണ് നാവിക സേനയിലും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനിൽ തുല്യത ഉറപ്പുവരുത്തണമെന്ന് വിധിച്ചിരിക്കുന്നത്. നിലവിൽ ഷോർട്ട് സർവീസ് കമ്മീഷൻ അനുസരിച്ചാണ് സ്ത്രീകൾ നാവിക സേനയിൽ തുടരുന്നത്. നാവിക സേനയിൽ സ്ത്രീകൾക്ക് തുടരാനുള്ള പരമാവധി കാലാവധി 14 വർഷമായിരുന്നു. എന്നാൽ പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ഈ സ്ഥിതി മാറും.  2008ന് മുന്‍പ് സൈന്യത്തില്‍ എത്തിയ വനിതാ ഓഫീസര്‍മാര്‍ക്ക് നേവിയില്‍ പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ നയം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ വിധി. നേവിയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ പെര്‍മനന്റ് കമ്മീഷന്‍ നടപ്പാക്കാനും സുപ്രീംകോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

യുദ്ധക്കപ്പലുകളില്‍ വനിതാ ഓഫീസര്‍മാര്‍ ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നിഷേധിക്കുന്നത് നീതി നടപ്പാക്കുന്നതില്‍ വരുന്ന ഗുരുതരമായ ലംഘനമാകുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് കൊച്ചി നേവല്‍ ബേസില്‍ ഓപ്പറേഷനല്‍ ഡ്യൂട്ടിയില്‍ ആദ്യത്തെ വനിതാ നേവല്‍ പൈലറ്റായി സബ് ലെഫ്റ്റനന്റ് ശിവാംഗി സേവനം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ ഡോര്‍ണിയര്‍ നിരീക്ഷണ വിമാനമാണ് ശിവാംഗി പറത്തുന്നത്.

Eng­lish Sum­ma­ry: Perme­nent com­mis­sion to women offi­cers in navy

You may also like this video