Web Desk

ന്യൂഡൽഹി

January 12, 2021, 10:19 pm

ആറുമാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി

Janayugom Online

ആറുമാസം ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി. ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതിയുടെ നിർണായക വിധി. ഗർഭസ്ഥ ശിശുവിന് അനന്‍സെഫലി (തലയോട്ടി പൂർണമായും രൂപപ്പെടാത്ത അവസ്ഥ) ഉണ്ടെന്നും ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്നും എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭച്ഛിദ്രം നടത്തുന്നതാണ് നല്ലതെന്ന ഇവരുടെ നിർദ്ദേശം മാനിച്ചാണ് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങിയ കോടതി വിധി പ്രഖ്യാപനം നടത്തിയത്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി മാതാവ് തന്നെ സമർപ്പിച്ച ഹർജിയിലാണ് നടപടി.

1971 ലെ മെഡിക്കൽ ടെര്‍മിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം 20 ആഴ്ചയ്ക്ക് മുകളിലുള്ള ഗർഭച്ഛിദ്രം നിയമപരമായി കുറ്റകരമാണ്. ഈ നിയമം കൂടി ചോദ്യം ചെയ്തു കൊണ്ടായിരുന്നു യുവതിയുടെ ഹർജി. സാങ്കേതിക വിദ്യകൾ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ഗർഭച്ഛിദ്രം നടത്തുന്നത് സുരക്ഷിതമാണെന്നും ഇവർ വാദിച്ചിരുന്നു. 20 ആഴ്ച എന്ന പരിധി വിവേചനപരവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 എന്നിവയുടെ ലംഘനവുമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ENGLISH SUMMARY:Permission for abor­tion for a woman who is six months pregnant
You may also like this video