സ്വന്തം ലേഖകൻ

ന്യൂഡൽഹി

February 26, 2021, 11:34 am

സർക്കാർ ഇടപാടുകളിൽ സ്വകാര്യമേഖലയ്ക്ക് അനുമതി; പൊതുമേഖലാ ബാങ്കുകൾക്ക് വൻ തിരിച്ചടി

Janayugom Online

സർക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി ധനകാര്യ മന്ത്രാലയം.

നികുതിയും മറ്റ് റവന്യൂ പേയ്‌മെന്റ് സൗകര്യങ്ങളും പെൻഷൻ പേയ്‌മെന്റുകളും ചെറുകിട സമ്പാദ്യ പദ്ധതികളും പോലുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ നടത്താനാണ് സ്വകാര്യമേഖല ബാങ്കുകള്‍ക്ക് അനുമതി ലഭ്യമാക്കിയിട്ടുള്ളത്. ഇത് ഇടപാടുകാരുടെ സൗകര്യം കൂടുതൽ വർധിപ്പിക്കുമെന്നും ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

നിലവിൽ എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും സ്വകാര്യമേഖലയിലെ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകൾക്കുമായിരുന്നു അനുമതി ഉണ്ടായിരുന്നത്. നിലവിൽ ഫെ‍ഡറൽ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ സ്വകാര്യബാങ്കുകൾക്കും മന്ത്രാലയങ്ങളുടെ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്താനാകും.

അതേസമയം നഷ്ടം നേരിടുന്ന സ്വകാര്യമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ സ്വകാര്യബാങ്കുകളിൽ നിഷ്ക്രിയ ആസ്തി ഏറെ കൂടുതലാണ്. നിലവിൽ യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് ഉൾപ്പെടെയുള്ളവ തകർച്ചയെ നേരിടുകയാണ്. അതേസമയം ഇവയെ രക്ഷപെടുത്തുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പൊതുമേഖലാ ബാങ്കുകൾക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഐഡിബിഐ ബാങ്ക് ഉൾപ്പെടെ മൂന്ന് പൊതുമേഖല ബാങ്കുകളുടേയും എൽഐസിയുടേയും ഓഹരികൾ വിറ്റഴിച്ച് തുക കണ്ടെത്താനാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കിയിരുന്നു. ഇതോടെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തിരുന്നു.

ദുർബല വിഭാഗങ്ങൾക്കുള്ള വായ്പാവിതരണത്തെ ബാധിക്കും: പ്രതിഷേധിച്ച് എഐബിഇഎ

 

കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തി.

പൊതുമേഖലാ ബാങ്കുകൾക്ക് കുറഞ്ഞ പലിശയിൽ കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയവ നൽകാൻ കഴിയുന്നതിന് കരുത്തുപകരുന്നത് ഗവൺമെന്റിന്റെ ഇടപാടുകളാണ്. സർക്കാർ തങ്ങളുടെ ഇടപാടുകൾ സ്വകാര്യ ബാങ്കുകൾക്ക് കൂടി വിതരണം ചെയ്യുകയാണെങ്കിൽ, പൊതുമേഖലാ ബാങ്കുകൾക്ക് ദുർബലമായ, മുൻ‌ഗണനാ മേഖലകൾക്ക് വായ്പ നൽകുന്നത് പ്രയാസകരമാക്കും.

പാവപ്പെട്ട ജനങ്ങൾക്കായുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ജൻധൻ അക്കൗണ്ടുകളിൽ 42 കോടിയും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്. അതേസമയം സ്വകാര്യ ബാങ്കുകളിൽ വെറും 1.25 കോടി അക്കൗണ്ടുകൾ മാത്രമാണുള്ളത്. സ്വകാര്യമേഖലയ്ക്കും തുല്യ പ്രാധാന്യം വേണമെന്ന് വാദിക്കുന്ന ധനമന്ത്രാലയം ഈ അന്തരം കൂടി കണക്കിലെടുക്കണമെന്നും എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം ആവശ്യപ്പെട്ടു.

ഗ്രാമീണ ശാഖകൾ തുറക്കുക, മുൻഗണനാ വിഭാഗങ്ങൾക്ക് വായ്പകൾ നൽകുക തുടങ്ങിയ മേഖലകളിലേക്കും തുല്യപങ്കാളിത്തം കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

 

You may also like this video:

<