റെജി കുര്യന്‍

ന്യൂഡല്‍ഹി

January 01, 2021, 5:32 pm

കൊവിഷീല്‍ഡിന് അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Janayugom Online

റെജി കുര്യന്‍

അടിയന്തര ഘട്ടത്തില്‍ ഓക്സ്ഫഡ് കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു ഇതുമായി ബന്ധപ്പെട്ട് ശുപാര്‍ശ നല്‍കി. ഇന്ന് ചേര്‍ന്ന വിദഗ്ദ്ധ സമിതി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനക്കയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്. വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ക്കാരും തമ്മില്‍ ഇനിയും വില്‍പന കരാറുകളില്‍ ഏര്‍പ്പെട്ടിട്ടില്ല. ആഭ്യന്തര വിപണിക്കാകും മുന്‍ തൂക്കം നല്‍കുകയെന്നും അതിനു ശേഷമേ വാക്‌സിന്‍ കയറ്റുമതിക്ക് ഊന്നല്‍ നല്‍കുകയുള്ളൂ എന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

കമ്പനി ഇതുവരെ 50 ദശലക്ഷം ഡോസുകള്‍ ഉല്പാദിപ്പിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യുട്ടീവ് അഡാര്‍ പൂനാവാല പറഞ്ഞു. മാര്‍ച്ചോടെ 100 ദശലക്ഷം ഡോസുകളാണ് കമ്പനിയുടെ ഉല്പാദന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു കുത്തിവയ്പുകളടങ്ങിയതാണ് കോവിഷീൽഡ് വാക്സിൻ. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടനില്‍ കോവിഷീല്‍ഡ് വാക്സിന് അനുമതി നൽകിയിട്ടുണ്ട്.

ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ബയോടെക്കുമായി യോജിച്ച് വികസിപ്പിച്ച കോവാക്‌സിന്‍, ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ എന്നിവയാണ് ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഉന്നതതല സമിതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഫൈസര്‍ വാക്‌സിനാണ് ലോകത്താദ്യമായി അനുമതി ലഭിച്ചത്. ലോകാരോഗ്യസംഘടനയും ഫൈസർ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. മറ്റ് രണ്ട് കമ്പനികളും വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ബുധനാഴ്ച സമിതിക്കു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ഫൈസര്‍ ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

ഡിജിസിഐയുടെ അനുമതി നേടിയാലുടന്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്കു ലഭ്യമാക്കാനുള്ള പരിപാടിക്ക് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റണ്‍ നടത്തും. രാജ്യത്തെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ ആദ്യം ലഭ്യമാകുക. ആദ്യഘട്ടത്തില്‍ ആറുമുതൽ എട്ടുവരെ മാസംകൊണ്ട് 30 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

ENGLISH SUMMARY: per­mis­sion grant­ed for covisheld

YOU MAY ALSO LIKE THIS VIDEO