March 21, 2023 Tuesday

തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാൻ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2020 9:52 pm

തദ്ദേശീമായി ആറ് അത്യാധുനിക അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 42,000 കോടിയുടെ പ്രതിരോധ പദ്ധതിയാണ് ഇത്. മറ്റ് കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും കണ്ണില്‍ പെടാതെ സഞ്ചരിക്കാനുള്ള സ്റ്റെല്‍ത്ത് സംവിധാനങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധയിടുന്നത്. വിദേശ കമ്പനികളുടെ സഹകരണത്തോടെയാണ് നിർമ്മാണം.
അന്തര്‍വാഹിനി നിര്‍മ്മാണത്തിന് അടുത്ത മാസം ടെന്‍ഡര്‍ പുറപ്പെടുവിക്കും. പ്രോജക്ട് 75ഐ എന്ന് പേരിട്ടിരിക്കുന്ന അന്തര്‍വാഹിനി നിര്‍മ്മാണത്തിന് പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള മസഗോണ്‍ ഡോക്ക്‌സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താല്പര്യപത്രം ക്ഷണിക്കുക.
ആയുധങ്ങളുടെ തദ്ദേശവത്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2017‑ല്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പാര്‍ടണര്‍ഷിപ്പ് പോളിസി പ്രകാരമാണ് അന്തര്‍വാഹിനി നിര്‍മ്മിക്കുക.
താല്പര്യപത്രം അയച്ചുകഴിഞ്ഞാല്‍ ഈ കമ്പനികള്‍ക്ക് പ്രതിരോധമന്ത്രാലയം നേരത്തെ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്ള കമ്പനികളില്‍ നിന്ന് സാധന സാമഗ്രികള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെടാം. പ്രതിരോധ മന്ത്രി അടുത്തിടെ പ്രഖ്യാപിച്ച ആയുധ ഇറക്കുമതി നിയന്ത്രണ പട്ടികയില്‍ അന്തര്‍വാഹിനികളോ അവയുടെ ഘടകങ്ങളോ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ തടസ്സമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് നിഗമനം.
റഷ്യയിലെ റൂബിന്‍ ഡിസൈന്‍ ബ്യൂറോ, ഫ്രാന്‍സിലെ ഡിസിഎന്‍എസ്, ജര്‍മനിയിലെ തൈസന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം, സ്‌പെയിനിലെ നവന്‍തിയ, ദക്ഷിണ കൊറിയന്‍ കമ്പനിയായ ദീവു എന്നിവയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുള്ള കമ്പനികള്‍. പദ്ധതി പ്രകാരമുള്ള കരാര്‍ 2021–2022 വര്‍ഷത്തിനുള്ളില്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ സാന്നിധ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. 50 ഡീസല്‍ ഇലക്ട്രിക്, അന്തര്‍വാഹിനികളും 10 ആണവ അന്തര്‍വാഹിനികളുമാണ് ചൈനയ്ക്കുള്ളത്. പാകിസ്ഥാന്റെ പക്കല്‍ അഞ്ച് അന്തര്‍വാഹിനികളുണ്ട്. അത്യാധുനിക എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളുള്ള എട്ടെണ്ണം ചൈനയില്‍ നിന്ന് വാങ്ങാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് മുന്നോട്ടുപോകാന്‍ കേന്ദ്രം അനുവാദം നല്‍കിയിരിക്കുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.