കർണാടക വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് രണ്ടര വർഷം മുൻപ് നിർമ്മാണം നിലച്ച കൂട്ടുപുഴ പാലം നിർമ്മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയിൽ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ വീഡിയോ കോൺഫ്രൻസ് വഴി നടന്ന യോഗത്തിലാണ് പാലം നിർമ്മാണത്തിന് അനുമതി നൽകിയത്. ഇതോടെ കേരള-കർണാടക അതിർത്തിയിൽ നിർമ്മിക്കുന്ന പാലത്തിന്റെ തടസ്സങ്ങൾ നീങ്ങി.
നേരത്തെ ബംഗളുരുവിൽ വച്ച് നടന്ന എംപവേർഡ് കമ്മിറ്റിയുടെ സിറ്റിങ്ങിൽ പാലത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാൽ നിർമ്മാണം തുടങ്ങാമെന്ന് ധാരണയിലെത്തിയിരുന്നു. ഇരിട്ടി ‑വിരാജ്പേട്ട അന്തർസംസ്ഥാന പാതയിൽ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ ഇരു സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിർമാണം 2017 ഡിസംബറിലാണ് മാക്കൂട്ടം വന്യജീവി സങ്കേതം അധികൃതർ തടഞ്ഞത്.
you may also like this video;
മാക്കൂട്ടം വനമേഖലയോട് ചേർന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേതാണെന്നും നിർമ്മാണത്തിന് മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ചാണ് വനംവകുപ്പ് നിർമ്മാണം തടഞ്ഞത്. എന്നാൽ കേരളത്തിന്റെ റവന്യൂ ഭൂമിയിലാണ് പാലം നിർമ്മിക്കുന്നത് എന്നായിരുന്നു കേരളത്തിന്റെ വാദം. പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മിൽ ഭരണ ഉദ്യോഗതലത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല.
കേരളം സമ്മർദ്ദം ശക്തിപ്പെടുത്തിയതോടെ ആറുമാസം മുൻപ് ബംഗളൂരുവിൽ വച്ച് കർണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന വനം-വന്യജീവി ബോർഡിന്റെ യോഗത്തിൽ നിർമ്മാണ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേതുടർന്നാണ് ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ പാലം നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ട് തീരുമാനമായത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിക്കുന്ന മുറയ്ക്ക് കർണ്ണാടക പ്രൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ടുള്ള കത്ത് ഉടൻ കൈമാറിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.