14,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ലണ്ടനില്‍ ജയിലില്‍ കഴിയുന്ന വിവാദ വജ്രവ്യാപാരി നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്കി. ബ്രിട്ടന് ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. എന്നാല്‍ നീരവിന് ഇതിനെതിരെ കോടതിയെ സമീപിക്കാം. നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമാണെന്നും കോടതി അറിയിച്ചിരുന്നു.
കോവിഡ് വ്യാപനവും ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നുള്ള വാദങ്ങൾ നീരവ് ഉന്നയിച്ചെങ്കിലും കോടതി നേരത്തേ തള്ളിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.
പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ഋണ ബാധ്യത, ജാമ്യം നിന്ന പിഎന്‍ബിക്കായി. നീരവ് മോഡി, ഭാര്യ ആമി, സഹോദരന് നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വന്‍ ക്രമക്കേടുകള്‍ പുറത്തു വന്നത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വേർഡ്സ്വർത്ത് ജയിലിലാണ് നീരവ് നിലവിൽ തടവിൽ കഴിയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഫയല്‍ ചെയ്ത രണ്ട് പ്രധാന കേസുകളാണ് നീരവിനു നേരിടേണ്ടി വന്നത്. നീരവും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്ന് 14,000 കോടിയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി നടത്തിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സഹോദരി പൂര്‍വി മോഡിയുടെ അക്കൗണ്ടിലൂടെ കടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ നീരവിനെ ഇന്ത്യയ്ക്കു കൈമാറും.
english summary;Permission to extradite Neerav Modi to India
you may also like this video;