പാര്‍ക്കിങ് ഏരിയ കടമുറികളായി; ചട്ടങ്ങള്‍ ലംഘിച്ച കെട്ടിടത്തിനും അനുമതി നല്‍കി നഗരസഭ

Web Desk
Posted on July 18, 2019, 9:16 pm

മാനന്തവാടി: നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ നഗരത്തില്‍ വീണ്ടും ചട്ടങ്ങള്‍ ലംഘിച്ച് കൂറ്റന്‍ ബഹുനില കെട്ടിട നിര്‍മാണം നടത്തിയതായി ജില്ലാ ഓഡിറ്റ് വിഭാഗം കണ്ടെത്തി.150 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട സ്ഥാനത്ത് 107 വാഹനപാര്‍ക്കിങ് ഏരിയകള്‍ കാണിച്ചാണ് കെട്ടിട നിര്‍മാണം ക്രമവല്‍ക്കരണം നടത്തിയത്. ഇതിന് ശേഷം പാര്‍ക്കിഗ് സ്ഥലങ്ങളില്‍ പകുതിയോളം തരം മാറ്റിയതായും ആഡിറ്റിംഗ് സംഘം കണ്ടെത്തി. മൈസൂര്‍ റോഡില്‍ സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് 11241.46 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള എട്ട് നില വാണിജ്യ കെട്ടിടമാണ് ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടത്തിയതായി 201718 വര്‍ഷത്തെ ആഡിറ്റിംഗ് വിഭാഗം കണ്ടെത്തിയത്. മുന്‍സിപ്പാലിറ്റിച്ചട്ട പ്രകാരം ഇരു ചക്ര വാഹന പാര്‍ക്കിംഗിനുള്‍പ്പെടെ കെട്ടിടത്തില്‍ 149 കാര്‍പാര്‍ക്കിഗ് സ്ഥലമാണ് നീക്കിവെക്കേണ്ടത്. എന്നാല്‍ മുന്‍സിപ്പാലിറ്റിയില്‍ സമര്‍പ്പിച്ച കെട്ടിടത്തിന്റെ ക്രമ വല്‍ക്കരണ പ്ലാനില്‍ തന്നെ 107 കാര്‍പാര്‍ക്കിംഗ് സ്ഥലമാണ് കാണിച്ചത്.

ഇരു ചക്രവാഹനങ്ങള്‍ക്കായി സ്ഥലം നീക്കിവെച്ചിട്ടില്ല. എന്നാല്‍ മുന്‍സിപ്പാലിറ്റി അംഗീകരിച്ച ക്രമ വല്‍ക്കരണ പ്ലാനില്‍ നിന്നും വിത്യസ്തമായിക്കൊണ്ട് പ്ലാനില്‍ പാര്‍ക്കിഗിനായി കാണിച്ച സ്ഥലങ്ങള്‍ പിന്നീട് കടമുറികളാക്കി മാറ്റിയതായാണ് ആഡിറ്റിംഗ് വിഭാഗം സ്ഥല പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത്. ക്രമവല്‍ക്കരണ പ്ലാനില്‍ അടിസ്ഥാന നിലയില്‍ 43,തറനിലയില്‍ 32,ഒന്നാം നിലയില്‍ 19,മൂന്നാം നിലയില്‍ 13 എന്നിങ്ങനെയാണ് പ്ലാനില്‍ കാണിച്ച കാര്‍പ്പാര്‍ക്കിംഗ് സ്ഥലങ്ങള്‍.ഇതില്‍ അടിസ്ഥാന നിലയില്‍ മൂന്ന് മീറ്റര്‍ മാത്രം വീതിയുള്ള െ്രെഡവ് വേയിലാണ് പത്തോളം വാഹനങ്ങളുടെ പാര്‍ക്കിഗ് കാണിച്ചിരിക്കുന്നത്.തറനിലയില്‍ കാണിച്ച നിലവില്‍ നാല് കാര്‍പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കടമുറികളാക്കി മാറ്റിയതായും മറ്റ് സ്ഥലങ്ങളിലും നിര്‍മാണം നടക്കുന്നതായും ആഡിറ്റ് വിഭാഗം കണ്ടെത്തുകയുണ്ടായി.ഒന്നാം നിലയിലും കാര്‍പ്പാര്‍ക്കിംഗായി കാണിച്ച ആറ് സ്ഥലങ്ങള്‍ കടമുറികളാക്കിക്കഴിഞ്ഞു. മൂന്നാം നിലയില്‍ ഡബ്ള്‍ലെയര്‍ മെക്കനൈസ്ഡ് കാര്‍പാര്‍ക്കിഗ് ഒരുക്കാനായി പ്ലാനില്‍ കാണിച്ച ഭാഗത്ത് കെട്ടിടത്തിനാവശ്യമായ ജനറേറ്ററാണ് സ്ഥാപിച്ചിരിക്കുന്നത്.കെട്ടിടത്തില്‍ ലോഡിംഗ് അണ്‍ലോഡിംഗ് സ്ഥലമായി മുന്‍സിപ്പാലിറ്റി ചട്ടപ്രകാരം അവശ്യമായിരിക്കേണ്ട 210 ചതുരശ്ര മീറ്റര്‍ സ്ഥലവും നിലവിലില്ല.ഇതിനായി പ്ലാനില്‍ കാണിച്ച ഭാഗങ്ങളും നിലവില്‍ കടമുറികളാക്കി മാറ്റിയിട്ടുണ്ട്.

ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധത്തില്‍ ഉയരം ലഭ്യമല്ലാത്തതിനാല്‍ എട്ട് നില വാണിജ്യ കെട്ടിടത്തിലേക്കെത്തുന്ന ചരക്കു വാഹനങ്ങളും റോഡില്‍ നിര്‍ത്തി കയറ്റിറക്ക് നടത്തേണ്ടി വരും.മാനന്തവാടി നഗരസഭയില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചെല്ലാം നേരത്തെ മുതല്‍ തന്നെ പരാതികളുയര്‍ന്നതാണ്. കാര്‍പ്പാര്‍ക്കിഗ് സ്ഥലമായി ക്കാണിച്ച് കെട്ടിട നമ്പര്‍ വാങ്ങിയ ശേഷം പിന്നീട് കടമുറികളാക്കി മാറ്റി വാടകക്ക് നല്‍കുന്നിതാനാല്‍ കെട്ടിത്തിലേക്കെത്തുന്ന വാഹനങ്ങള്‍ റോഡ് കൈയ്യേറിയാണ് പാര്‍ക്കിഗ് നടത്തുന്നത്.ഇത് കാരണം വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള കാല്‍ നടയാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിക്കുകയും ചെയ്യുന്നു.നഗരസഭയുടെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്നാണ് ആരോപണമുയരുന്നത്.