Web Desk

ചെന്നൈ

April 26, 2021, 9:03 pm

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി

Janayugom Online

വേദാന്ത ഗ്രൂപ്പിന്റെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനത്തിനായി തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി.

ഓക്സിജന്‍ ഉല്പാദനത്തിനായി ചെമ്പ് പ്ലാന്റിലെ ഓക്സിജന്‍ പ്ലാന്റ് നാലുമാസം മാത്രം തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി. ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. എന്നാല്‍, പ്ലാന്റ് തുറന്നാല്‍ പ്രതിഷേധം ആരംഭിക്കുമെന്നറിയിച്ച് പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. പ്ലാന്റ് തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ വേദാന്ത ഗ്രൂപ്പിന്റെ ഓഹരി മൂല്യം അഞ്ച് ശതമാനം ഉയര്‍ന്നു.

അതേസമയം ഓക്സിജന്‍ ഉല്പാദനത്തിനായി സ്റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശേഷി തമിഴ്‌നാട് സര്‍ക്കാരിനില്ലെന്ന് വേദാന്ത ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഓക്സിജൻ പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവും സാമ്പത്തിക ശേഷിയും സർക്കാരിനില്ലെന്ന് വേദാന്ത അവകാശപ്പെട്ടു. ഓക്സിജൻ പ്ലാന്റിനെ അതിന്റെ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ച 45 പേര്‍ വേണം. മികച്ച പരിജ്ഞാനമുള്ള എന്‍ജിനീയർമാർക്കും 10 വര്‍ഷം വരെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മാത്രമേ പ്ലാന്റ് കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്നും വേദാന്ത ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത ഓക്സിജനായിരിക്കുമെന്നും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും കമ്പനി കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ 23നാണ് വേദാന്തയുടെ ഓക്സിജന്‍ പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം സുപ്രീം കോടതി മുന്നോട്ടുവച്ചത്. ഓക്സിജന്‍ ഉല്പാദനത്തിനായി പ്ലാന്റ് തുറക്കാനുള്ള അനുമതി ആവശ്യപ്പെട്ട് വേദാന്തഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നിര്‍ദ്ദേശം. പ്ലാന്റിനെതിരേ മലിനീകരണം ആരോപിച്ച് പ്രതിഷേധിച്ച പ്രദേശവാസികള്‍ക്കെതിരായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2018ലാണ്‌ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നത്.

Eng­lish sum­ma­ry: Per­mis­sion to open Thoothuku­di Ster­lite plant

You may also like this video: