September 26, 2022 Monday

Related news

August 3, 2022
May 31, 2022
May 25, 2022
May 22, 2022
May 8, 2022
March 18, 2022
March 16, 2022
March 8, 2022
March 2, 2022
March 1, 2022

സംഘർഷത്തിന്റെ മറവിൽ ആയുധക്കച്ചവടം

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2020 5:48 pm

അതിർത്തിയിൽ സംഘർഷം നിലനില്ക്കുന്നതിന്റെ മറവിൽ 38,900 കോടി രൂപ വിലമതിക്കുന്ന ആയുധങ്ങൾ വാങ്ങുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഡിഎസിയുമായി ഇന്നലെ നടന്ന ഉന്നതതല പ്രതിരോധ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. വ്യോമസേനയ്ക്കായി 33 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) അനുമതി നൽകി. റഷ്യയിൽ നിന്നും 21 മിഗ്-29 വിമാനങ്ങളും 12 സുഖോയ് വിമാനങ്ങളും വാങ്ങുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്.

വ്യോമസേനയാണ് വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി നിർദ്ദേശം നൽകിയത്. മിഗ്-29 വിമാനങ്ങൾ നവീകരണവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിനായി 7,418 കോടിയുടെ കരാറാണ് റഷ്യയുമായി ഒപ്പിടുക. 10,730 കോടി ചെലവാക്കി ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡി(എച്ച്എഎല്‍)ൽ നിന്നാണ് സുഖോയ് ‑30 വിമാനങ്ങൾ വാങ്ങുക. റഷ്യൻ സഹായത്തോടെയായിരിക്കും ഇവ നിർമ്മിക്കുക. ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 248 അസ്ട്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ‑ടു-എയർ മിസൈലുകൾ ഏറ്റെടുക്കുന്നതിനും അനുമതി നൽകി. ഡി‌ആർ‌ഡി‌ഒയുടെ 1,000 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ രൂപകൽപ്പനയ്ക്കും അംഗീകാരം നൽകി. 20,400 കോടിയുടെ പദ്ധതി നിർദ്ദേശത്തിനാണ് അനുമതി.

അനുവദിച്ചിട്ടുള്ള 38,900 കോടിയിൽ 31,130 കോടി വിദേശസഹായത്തോടെയുള്ള ഇന്ത്യൻ നിർമ്മിത ഉപകരണങ്ങൾ വാങ്ങുന്നതിനാണ് വിനിയോഗിക്കുക. പിനാക്ക, ബിഎംപി യുദ്ധസാമഗ്രികളും, സോഫ്ട്‌വേർ ഡിഫൈൻഡ് റേഡിയോസ്, വിദൂര ആക്രമണങ്ങൾക്കുപയോഗിക്കുന്ന ക്രൂയിസ് മിസൈൽ സിസ്റ്റം, അസ്ത്ര മിസൈൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മൂന്ന് സായുധ വിഭാഗങ്ങൾക്കും പുതിയ മിസൈൽ സിസ്റ്റം ശക്തിപകരുമെന്ന് ഡിഎസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ — ചൈന സംഘർഷം നിലനില്ക്കേ അടിയന്തര ആയുധ സമാഹരണത്തിനായി കഴിഞ്ഞയാഴ്ച 500 കോടി രൂപ അനുവദിച്ചിരുന്നു.

പുൽവാമ ആക്രമണത്തിന് ശേഷവും അടിയന്തരമായി ആയുധങ്ങൾ വാങ്ങുന്നതിനായി 300 കോടി രൂപ അനുവദിക്കുകയുണ്ടായി. ദേശസുരക്ഷക്കായി ആയുധങ്ങൾ വാങ്ങുന്നതും സൈനിക ശേഷി വർധിപ്പിക്കുന്നതും അനിവാര്യമാണ്. എന്നാൽ കോവിഡ് മഹാമാരിയുടെ പിടിയിൽ രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്ക് ഒരു മാസം അഞ്ച് കിലോ അരിയും ഒരു കിലോ കടലയും മാത്രം നൽകി കോടികളുടെ ആയുധ കച്ചവടം നടത്തുന്ന മോഡി സർക്കാരിന്റെ തന്ത്രങ്ങൾ ബിജെപിയുടെ കമ്മിഷൻ ലാക്കാണ് വെളിപ്പെടുത്തുന്നത്.

ആറുമാസത്തിനിടെ 20 ആയുധ ഇടപാടുകൾ

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയും ജനങ്ങൾ രൂക്ഷമായ പട്ടിണി അഭിമുഖീകരിക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കിടെ മോഡിസർക്കാർ ഒപ്പിട്ടത് 20 ആയുധ ഇടപാടുകൾ. ആറുമാസത്തിനിടെയാണ് ഈ ഇടപാടുകൾക്ക് കരാർ ഒപ്പിട്ടത്. ഇപ്പോഴും തുടരുന്ന ഇന്ത്യാ- ചൈന അതിർത്തിയിലെ സംഘർഷത്തിന്റെ പേരിലും യുഎസ്, റഷ്യ, ഇസ്രയേൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായും കോടികളുടെ ആയുധ ഇടപാടുകളാണ് നടത്തുന്നത്. യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി ഫെബ്രുവരിയിൽ 17,167 കോടി രൂപയുടെ കരാറാണ് തുർക്കി കമ്പനിയുമായി ധാരണയായത്. ആറ് അപ്പാച്ചി ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി യുഎസുമായി 6,941 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശത്തിനിടെ 24 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്ന 19,406 കോടിയുടെ കരാർ യുഎസുമായി ഒപ്പുവച്ചു. ഭാരം കുറഞ്ഞ തോക്കുകൾ വാങ്ങുന്നതിനായി 800 കോടി രൂപയുടെ കരാർ ഇസ്രയേലുമായി ഒപ്പിട്ടു. ഇത് കൂടാതെ ബലാക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്പൈസ് ബോംബുകൾ വാങ്ങാനുള്ള തീരുമാനം കഴിഞ്ഞ ദിവസം മോഡി സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർക്ക് യാത്ര ചെയ്യുന്നതിനായി മിസൈൽ കവചങ്ങളുള്ള രണ്ട് വിമാനങ്ങൾ വാങ്ങുന്നതിനായി 1,417 കോടിരൂപയുടെ കരാർ യുഎസുമായി ഒപ്പിട്ടതും ഈ വർഷം ഫെബ്രുവരിയിലാണ്.

ENGLISH SUMMARY;

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.