പെർമിറ്റ് ലഭിച്ചവർക്ക് പട്ടയ ഭൂമിയിൽ നിന്നു മരം മുറിക്കാം; ഹൈക്കോടതി

Web Desk

കൊച്ചി

Posted on September 04, 2020, 3:27 pm

പട്ടയ ഭൂമിയിൽ നിന്നു മരം മുറിക്കാൻ അനുവദിച്ച റവന്യു സർക്കുലറിനു നേരത്തേ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ഭേദഗതി ചെയ്തു. പെർമിറ്റ് ലഭിച്ചവർക്ക് പട്ടയ ഭൂമിയിൽ നിന്നു മരം മുറിക്കാമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ, പെർമിറ്റിലെ വ്യവസ്ഥകൾ ബാധകമാണെന്നും കോടതി വ്യക്തമാക്കി.

നിയമലംഘനം ഉണ്ടാകുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഭൂമിയുടെ കൈവശത്തിന് ആധാരമായ പട്ടയം യഥാർഥമാണോ എന്ന് അധികൃതർ വിലയിരുത്തണം. പട്ടയ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഭൂ ഉടമകൾ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും നിലനിർത്തിയതുമായ ചന്ദനം ഒഴികെ സംരക്ഷിത ഇനം മരങ്ങളുടെ അവകാശം ഭൂമി പതിച്ചു കിട്ടിയവർക്കു നൽകിക്കൊണ്ട് കഴിഞ്ഞ മാർച്ച് 11ന് റവന്യു സെക്രട്ടറി സർക്കുലർ ഇറക്കിയിരുന്നു. സർക്കുലറിനെതിരെ പാലക്കാട്ടെ ‘വൺ എർത്ത് വൺ ലൈഫ്’ നൽകിയ ഹർജിയിലാണു സ്റ്റേ ഉത്തരവുണ്ടായത്. എന്നാൽ, അടിമാലിയിലെ അതിജീവന പോരാട്ട വേദിയും ഏതാനും വ്യക്തികളും ഹർജിയെ എതിർത്ത് കക്ഷിചേർന്നു.

പാർപ്പിടങ്ങൾക്കു ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അനുവദിക്കണമെന്ന് വയനാട്ടിലെ കർഷകരെ പ്രതിനിധീകരിച്ച് ടി. എം. ബേബി ഉൾപ്പെടെയുള്ളവർ വാദിച്ചു. പലർക്കും മരം മുറിക്കാനുള്ള പെർമിറ്റ് ഉണ്ടെന്നും അറിയിച്ചു. മരം മുറിക്കാൻ പെർമിറ്റ് നിയമാനുസൃതം കിട്ടിയവർക്ക് അതിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.