മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി വേണമെന്ന തമിഴ്‌നാട് സർക്കാരിന്റെ അപേക്ഷക്ക് സുപ്രീം കോടതിയുടെ അംഗീകാരം. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഡാമിലെ അറ്റകുറ്റ പണി നടക്കാനും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര അധ്യക്ഷനായ മൂന്നംഗം ബെഞ്ച് അനുമതി നൽകി. തമിഴ്‌നാടിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം കേന്ദ്രത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം.
ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി. ഡാം വിഷയത്തിൽ കേരളം വലിയ രാഷ്ട്രീയ വിവാദം ഉണ്ടാക്കുന്നു എന്ന തമിഴ്‌നാടിന്റെ വാദം തള്ളിയ കോടതി രാഷ്ട്രീയ വിവാദത്തിലേക്ക് കടക്കുന്നില്ലെന്നും നിയമവശം മാത്രമാണ് പരിഗണിക്കുന്നതെന്നും വ്യക്തമാക്കി. 2021ലെ മരം മുറിക്കുള്ള അനുമതി കേരളത്തിന്റെ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ നിർത്തിവച്ചിരുന്നു. അപകട സാധ്യത മുൻനിർത്തി പുതിയ ഡാം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ അപകട സാധ്യതയില്ലെന്നും അറ്റകുറ്റപ്പണി നടത്തി 142 അടിയിലേക്ക് സംഭരണ ശേഷി ഉയർത്തണം എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.