പെരുമണ്‍ ട്രെയിന്‍ ദുരന്ത സ്മാരക നിര്‍മ്മാണം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യും: മന്ത്രി കെ രാജു

peruman tragedy- train accident
കുണ്ടറ: പെരുമണ്‍ ട്രെയിന്‍ ദുരന്ത സ്മാരക നിര്‍മ്മാണം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കേരളാ വനംവന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പെരുമണ്‍ ദുരന്തത്തിന്റെ 30-ാമത് വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണ കമ്മീഷന്റെ രണ്ടു റിപ്പോര്‍ട്ടും ജനങ്ങള്‍ക്ക് ബോദ്ധപ്പെടാന് സാധിക്കാത്തതായിരുന്നു.
ദുരന്ത സ്മരണ നിലനിര്‍ത്തുന്നതിനായി 2012ല്‍ പെരുമണ്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കയര്‍ കശുവണ്ടി മത്സ്യ തൊഴിലാളികള്‍ക്കായി കിടത്തി ചികിത്സക്കായി ഇടതു സര്‍ക്കാര്‍ ഒരു വാര്‍ഡ് നിര്‍മ്മിച്ചു നല്കി. അതു് ഇപ്പോഴും തുറന്നു നല്‍കിയിട്ടില്ല. ഈആരോഗ്യ കേന്ദ്രത്തില്‍ രോഗികളെ കിടത്തി ചികിത്സികുന്നതിന് വകുപ്പുതല മന്ത്രിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അനുസ്മരണ കമ്മിറ്റി ചെയര്മാന് ഡോ. കെ വി ഷാജി അദ്ധ്യക്ഷത വഹിച്ചു. കേരളാ പൗള്‍ട്രി കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ജെ ചിഞ്ചുറാണി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗവ. പ്ലീഡര്‍ അഡ്വ. ആര് സേതുനാഥ്, കൗണ്‍സിലര്‍ എം എസ് ഗോപകുമാര്‍, പെരിനാട് മോഹന്‍, പുന്തല മോഹന്‍, ആര് സി പണിക്കര്‍, മങ്ങാട് സുബിന് നാരായണന്, പി സുരേന്ദ്രന്, അഡ്വ. ജി വിജയകുമാര്‍, പെരുമണ്‍ ഷാജി, പരവൂര്‍ സജീവ് എന്നിവര്‍ സംസാരിച്ചു. എസ് ബിജുകുമാര്‍, യു ബിനു, ഉണ്ണിരാജന്പിള്ള, ഗിരിജ, ഓസോണ്‍ ബാബു, പനയം സജീവ്, വിശ്വേശരന് പിള്ള, രവീന്ദ്രന്, മോഹനന് പിള്ള, ഷൈന്‍ കുമാര്‍, ജെ ഗോപകുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
ട്രെയിന്‍ ദുരന്തത്തില്‍ അന്തരിച്ച റയില്‍വേ കാന്റീന് ജീവനക്കാരന് മുരളീധരന്‍പിള്ളയുടെ മാതാവ് എം ശാന്തമ്മയമ്മ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. അന്തരിച്ച ചങ്ങനാശ്ശേരി സ്വദേശി വിനയന്റെ സഹോദരി വിമലയും മകള്‍ വീണയുമെത്തി പുഷ്പാര്‍ച്ചന നടത്തി.
കൊട്ടാരക്കര സദാനന്ദപുരം സജീഭവനില്‍ മോനച്ചന്റെ സഹോദരന് സാബുവും മകന് ആല്‍ബിനും എത്തി സ്മരണ പുതുക്കി. മോനച്ചന് മിലിട്ടറി ട്രെയിനിംഗ് കഴിഞ്ഞ് മടങ്ങി വരും വഴിയാണ് അപകടത്തില്‍ മരണമടഞ്ഞത്.