Janayugom Online
Peter-paul

സൗമ്യം, മധുരം, ദീപ്തം

Web Desk
Posted on February 24, 2019, 7:45 am

പീറ്റര്‍ പോള്‍ റൂബന്‍സ് (1577–1640)

സൂര്‍ദാസ് രാമകൃഷ്ണന്‍

തീക്ഷ്ണ പ്രതിഭയുള്ള കലാകാരന്മാരുടെ ജീവിതം അനുസരണക്കേടിന്റെയും അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ലോകമാണ് എന്നത് നമ്മളില്‍ ഉറച്ചുപോയൊരു ധാരണയാണ്. അങ്ങനെയല്ലെങ്കില്‍ ഒരാള്‍ക്കും കലാകാരനാകാന്‍ കഴിയില്ലെന്നുപോലും നമ്മള്‍ വിശ്വസിക്കുന്നു. സകലതും തകിടം മറിഞ്ഞ് സ്വാസ്ഥ്യമില്ലാതാകുന്ന ഒരു ജീവിതം കലാകാരന് നേര്‍ന്നിട്ട്, അവന്‍ സൃഷ്ടിക്കുന്ന കലയിലെ സൗന്ദര്യം മുഴുവന്‍ നുകര്‍ന്നു മദിച്ചുനടക്കാനാണ് നമുക്കിഷ്ടം. വാസ്തവത്തില്‍ അത് നമ്മുടെ കുറ്റമല്ല. കലയെയും ജീവിതത്തെയും വിഭ്രാമകമായ അസന്തുലിതത്വത്തില്‍ ലയിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ക്രമരാഹിത്യത്തിന്റെയും സര്‍ഗോന്മാദത്തിന്റെയും സ്‌ഫോടനാത്മകമായ ഒരു കൊളാഷായി കലാകാരന്റെ ജീവിതം മാറുന്നതുകൊണ്ടാണത്. ലോക ചിത്രകലയുടെ ചരിത്രത്തില്‍ നാം കാണുന്നത് ഇത്തരം ജീവിതം കൊണ്ടു വിസ്മയിപ്പിച്ച കാലാതിവര്‍ത്തികളെയാണ്. പക്ഷേ, അവര്‍ക്കിടയില്‍ ഒരേയൊരാള്‍ മാത്രം വഴിമാറി നടന്നു. സ്വന്തം ജീവിതത്തെയും കലയെയും അസാധാരണമായ കൃത്യതയോടെ ചിട്ടപ്പെടുത്തിക്കൊണ്ട് ജീനിയസായ കലാകാരന് ഇങ്ങനെയുമൊരു ജീവിതമാകാമെന്ന് കാണിച്ചുതന്ന ഒരാള്‍. ജര്‍മ്മന്‍കാരനായ പീറ്റര്‍ പോള്‍ റൂബന്‍സ് ആയിരുന്നു ആ പ്രതിഭാശാലിയായ ചിത്രകാരന്‍. ഫ്‌ളാന്‍ഡേഴ്‌സില്‍, ഫ്‌ളെമിഷ് സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന റിയലിസ്റ്റിക്ക് ചിത്രകാരന്മാരുടെ സംഘത്തിലെ ഏറ്റവും വലിയ പ്രതിഭ.

അറുപത്തിമൂന്നു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും താന്‍ നെഞ്ചിലേറ്റിയിരുന്ന ധാര്‍മ്മിക മൂല്യബോധത്തില്‍ നിന്നും റൂബന്‍സ് വഴുതിമാറിയില്ല. പ്രശസ്തിയുടെ തിളക്കത്തില്‍ മതിമറന്നില്ല. രതിസുഖത്തിനായി പ്രണയനാടകമാടിയില്ല. ജീവിതത്തില്‍ പലതരം പ്രലോഭനങ്ങള്‍ വലയം ചെയ്തപ്പോഴും അദ്ദേഹത്തിലെ യുവത്വം നിര്‍മ്മമതയോടെ അതിനെയെല്ലാം മറികടന്നു. ദിവസവും പ്രഭാതത്തില്‍ നാലുമണിക്ക് എഴുന്നേല്‍ക്കും. ആദ്യത്തെ കുര്‍ബാനയില്‍ പങ്കെടുക്കും. പിന്നെ തന്റെ സ്റ്റുഡിയോയിലെത്തി ചിത്രരചനയില്‍ ധ്യാനനിരതനാകും. വരച്ചുകൊണ്ടിരിക്കുന്ന സമയം മുഴുവന്‍ ഒരു ബാലന്‍ റൂബന്‍സിന്റെ അരികിലിരുന്ന് തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കും. ഉച്ചനേരത്ത് ലഘുവായ ഭക്ഷണവും അല്‍പം വിശ്രമവും. റൂബന്‍സ് തികഞ്ഞ സസ്യഭുക്കായിരുന്നു. മാംസാഹാരം കലാകാരന്റെ സര്‍ഗാത്മകതയെ വികൃതമാക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. വിശ്രമം കഴിഞ്ഞാല്‍ വീണ്ടും തത്ത്വചിന്ത ശ്രവിച്ചുകൊണ്ട് നിറങ്ങളുടെ ലോകത്തേക്ക്. കൃത്യം അഞ്ചു മണിക്ക് വര അവസാനിപ്പിക്കും. പിന്നെ കുതിരപ്പുറത്തേറി മനോഹരമായ കാഴ്ചകള്‍ കണ്ടൊരു സായാഹ്ന സവാരി. കുടുംബത്തോടും സുഹൃത്തുക്കളോടും ചേര്‍ന്ന് കലയെയും തത്ത്വചിന്തയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായ ഡിന്നര്‍. ഇതായിരുന്നു ഒരു ഓഫീസ് ടൈമിന്റെ കൃത്യതയോടെ റൂബന്‍സ് ചിട്ടപ്പെടുത്തിയിരുന്ന ജീവിതചര്യ. ജീവിതാന്ത്യം വരെയും അതില്‍ നിന്നും വ്യതിചലിച്ചില്ല.

1577 ല്‍ ജര്‍മ്മനിയിലാണ് റൂബന്‍സ് ജനിച്ചത്. വാസ്തവത്തില്‍ നെതര്‍ലാന്റിലെ ആന്റെപ് ആയിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ദേശം. സ്വഭാവ ദൂഷ്യം കൊണ്ട് നാടുകടത്തപ്പെട്ട് ജര്‍മ്മനിയിലെത്തുകയായിരുന്നു കുടുംബത്തോടൊപ്പം ആ പിതാവ്. ഫ്രാന്‍സിന് തെക്കുള്ള ഓറഞ്ച് രാജവംശത്തിലെ ആന്‍ രാജ്ഞിയുടെ നിയമോപദേഷ്ടാവായിരുന്ന അദ്ദേഹം, രാജ്ഞിയുമായുള്ള അവിഹിതബന്ധത്തെ തുടര്‍ന്ന് പിടിക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. ഒടുവില്‍ ഭാര്യയുടെ കണ്ണീരിന്റെ വിലകൊണ്ടുമാത്രം ഭരണകൂടം അദ്ദേഹത്തെ വധശിക്ഷയില്‍ നിന്നും ഒഴുവാക്കി നാടുകടത്തി. ഈ ദുരനുഭവം റൂബന്‍സിന്റെ കുടുംബത്തില്‍ സദാ മ്ലാനമായൊരു അന്തരീക്ഷം നിലനിര്‍ത്തിയിരുന്നു. പിതാവ് കുടുംബത്തിനുമേല്‍ ഏല്‍പ്പിച്ച അപമാന ഭാരം റൂബന്‍സിന്റെ ബാലമനസില്‍ ഉണങ്ങാത്തൊരു മുറിവായി. കൗമാരത്തിലേക്കും യൗവനത്തിലേക്കും കടന്നപ്പോള്‍ അത് റൂബന്‍സിന്റെ ജീവിതവീക്ഷണത്തെയും സദാചാരബോധത്തെയും പാശ്ചാത്യ സംസ്‌കൃതിയുടെ പൊതുവായ ധാരണകളില്‍ നിന്നും വ്യത്യസ്തമായൊരു തലത്തിലേക്ക് ഉയര്‍ത്തി. പ്രത്യേകിച്ചും സ്ത്രീകളോടുള്ള സമീപനത്തില്‍ തികഞ്ഞ സദാചാര നിഷ്ഠയുള്ളവനായി മാറി അദ്ദേഹം. അതേസമയം സ്ത്രീയുടെ നഗ്നലാവണ്യത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി അനേകമനേകം ക്യാന്‍വാസുകളില്‍ കാഴ്ചക്കാരനെ മോഹിപ്പിക്കുംവിധം പകര്‍ന്നുവയ്ക്കുകയും ചെയ്തു. ഉര്‍വ്വരതയെ സൂചിപ്പിക്കും വിധം വിടര്‍ന്നു സമൃദ്ധമായ അരക്കെട്ടും ഉടയാത്ത മാറിടവും സ്‌നിഗ്ധമായ ഉടലും ഉള്ളവരായിരുന്നു റൂബന്‍സിന്റെ സ്ത്രീകള്‍. നഗ്നലാവണ്യത്തിന്റെ ദീപ്ത രൂപങ്ങളായി മാറിയ ഈ സ്ത്രീകളുടെ മുഖങ്ങള്‍ക്കെല്ലാം വിസ്മയകരമായ ഒരു ഏകീഭാവമുണ്ടായിരുന്നു. അവര്‍ ആനന്ദത്തിലോ വിഷാദത്തിലോ കാമത്തിലോ അങ്ങനെ വ്യത്യസ്തമായ ഏതൊരു വികാരത്തില്‍ ലയിച്ചുനില്‍ക്കുന്നവരോ ആകട്ടെ, അവരുടെ മുഖങ്ങളിലെല്ലാം നിഷ്‌കളങ്കതയുടെ തെളിമയാര്‍ന്നൊരു ലയം ബോധപൂര്‍വമോ അല്ലാതെയോ റൂബന്‍സ് സൃഷ്ടിച്ചിരുന്നു. ഒരു പക്ഷേ, അദ്ദേഹത്തിന്റെ നിര്‍മ്മലമായ മനസ് സ്ത്രീയുടെ മനശരീരങ്ങളില്‍ കണ്ടെത്തിയ ഉദാത്ത ഭാവമായിരിക്കാം അത്.
റൂബന്‍സിന് സ്ത്രീകളോടുണ്ടായിരുന്ന മനോഭാവത്തെ വെളിവാക്കുന്ന രസകരമായ ഒരു സംഭവമുണ്ട്.

 

1622ല്‍ ഫ്രാന്‍സിലെ രാജ്ഞിയുമായി റൂബന്‍സ് ഒരു കരാര്‍ ഒപ്പുവച്ചു. ലക്‌സംബര്‍ഗ് കൊട്ടാരത്തിന്റെ ചുവരുകളില്‍ ഇരുപത്തൊന്നു കൂറ്റന്‍ ചുമര്‍ച്ചിത്രങ്ങള്‍ വരയ്ക്കാനായിരുന്നു കരാര്‍. ഒട്ടും അമാന്തിച്ചില്ല, മോഡലുകളെത്തേടിയിറങ്ങി റൂബന്‍സ്. തെളിഞ്ഞ പകല്‍. പാരീസിന്റെ പ്രാന്തപ്രദേശത്തുകൂടി നടക്കുകയാണ് അദ്ദേഹം. ഒരു വീടിന്റെ താഴത്തെ നിലയില്‍ വലിയ ജനാലക്കരികില്‍ തുന്നലില്‍ മുഴുകിയിരിക്കുന്ന സുന്ദരികളായ മൂന്നു യുവതികളെ റൂബന്‍സ് കണ്ടു. പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത ഒരു നോട്ടം അവരുടെ മേല്‍ എറിഞ്ഞുകൊണ്ട് അനുവാദം ചോദിക്കാതെ മുറിയിലേക്ക് കടന്നുചെന്ന് മൂന്നുപേരെയും മാറിമാറി നോക്കി. പിന്നെ മുഖവുരയൊന്നുമില്ലാതെ സൗമ്യമായി കല്‍പിച്ചു; ”മൂന്നു പേരും വസ്ത്രങ്ങളഴിച്ച് നഗ്നരാകൂ.” യുവതികള്‍ പകച്ചുപോയി. തൊപ്പിവച്ച സുമുഖനായ ഒരാള്‍ അനുവാദമില്ലാതെ കടന്നുവന്ന് ഇങ്ങനെ പറഞ്ഞതില്‍ അവരൊന്നു അമ്പരന്നു. പക്ഷേ, ആ വാക്കുകള്‍ ഏറ്റവും മാന്യമായിരുന്നുവെന്നും അവര്‍ക്കു തോന്നി. ചിത്രശലഭത്തെ തിരയുന്ന ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയായിരുന്നു ആ കണ്ണുകളില്‍. മൂന്നുപേരും നിര്‍ഭയം വിവസ്ത്രരായി. റൂബന്‍സ് സ്വയം പരിചയപ്പെടുത്തിയിട്ട് അവരെ ആദരപൂര്‍വം മോഡലിങിന് ക്ഷണിച്ചുകൊണ്ട് ഇറങ്ങി നടന്നു.

തന്റെ മുപ്പത്തിരണ്ടാം വയസില്‍ തന്നേക്കാള്‍ പതിനാലു വയസ് ഇളപ്പമുള്ള ഇസബെല്ലാ ബ്രാന്റ് എന്ന സുന്ദരിയെ റൂബന്‍സ് വിവാഹം ചെയ്തു. ഏറ്റവും ആഹ്ലാദകരമായിരുന്നു ആ ദാമ്പത്യജീവിതം. പക്ഷേ, വിധി അതിന് ഏഴു വര്‍ഷത്തെ ദൈര്‍ഘ്യമേ നല്‍കിയുള്ളു. മൂന്നു മക്കളെയും റൂബന്‍സിനെയും തനിച്ചാക്കി ഇസബെല്ലാ മരണത്തിന്റെ ക്യാന്‍വാസിലൊടുങ്ങി. ഭാര്യയുടെ വേര്‍പാട് അദ്ദേഹത്തിന്റെ കലാജീവിതത്തെതന്നെ തകര്‍ത്തുകളയുമെന്ന് സുഹൃത്തുക്കള്‍ക്കു തോന്നി. നാലു വര്‍ഷം ജീവിതം നയിച്ച റൂബന്‍സ് പിന്നീട് പതിനാറുകാരിയായ ഹെലേനയെ ജീവിതത്തിലേയ്ക്ക് കൂട്ടി. പില്‍ക്കാലത്തു വരച്ച ധാരാളം ചിത്രങ്ങളില്‍ ഹെലേന റൂബന്‍സിനു പ്രിയപ്പെട്ട മോഡലായിരുന്നു.
റൂബന്‍സിന്റെ മോഹിപ്പിക്കുന്ന സ്ത്രീ രൂപങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെടാത്ത ഒരു ആര്‍ട്ട് ഗ്യാലറി പോലും യൂറോപ്പിലില്ല. ഗ്രീക്ക് മിഥോളജിയുമായി ബന്ധപ്പെട്ട് മാത്രം ഇരുനൂറ്റിയെണ്‍പതില്‍ പരം ചിത്രങ്ങള്‍! റൂബന്‍സിന്റെ മാസ്റ്റര്‍പീസ് എന്ന് എല്ലാവരാലും വാഴ്ത്തപ്പെട്ട ചിത്രം. ആന്റെപ്പിലെ പള്ളിയില്‍ വരച്ചിട്ടുള്ള ‘ക്രിസ്തുവിന്റെ കുരിശവരോഹണം’ ആണ്. ക്രിസ്തുവിന്റെ കുരിശാരോഹണം മഹാപ്രതിഭകളായ ചിത്രകാരന്മാരെല്ലാം വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ കുരിശവരോഹണം അപൂര്‍വം ചിലര്‍ മാത്രമാണ് ചിത്രീകരിച്ചത്. അവയില്‍തന്നെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടി ഈ ചിത്രമാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഒടിഞ്ഞുപോയൊരു കുരിശുപോലെയാണ് അവരോഹിതനാകുന്ന ക്രിസ്തുവിന്റെ ശരീരനിലയെ റൂബന്‍സ് ചിത്രീകരിച്ചിട്ടുള്ളത്. ദൈവപുത്രന്‍ ഏറ്റുവാങ്ങിയ പീഡാനുഭവങ്ങളുടെ തീവ്രത മുഴുവന്‍ നമുക്കാ ശരീരനിലയില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. വേദനയും ശാന്തതയും ആഴത്തില്‍ ഇടകലര്‍ന്നൊരു മുഖമാണ് റൂബന്‍സിന്റെ ക്രിസ്തുവിന്. അവരോഹിതനാകുമ്പോഴും ഒരു കരം പിതാവായ ദൈവത്തിന്റെ സവിധത്തിലേയ്‌ക്കെന്നവണ്ണം ഉയര്‍ന്നിരിക്കുന്നു. ചിത്രത്തിന് ദിവ്യതയുടെ പരിവേഷം നല്‍കുന്നതിനേക്കാള്‍ കാഴ്ചക്കാരനെ വേദനാജനകമായൊരു മൂകതയിലാഴ്ത്തുന്ന തികച്ചും യഥാര്‍ത്ഥമായ അന്തരീക്ഷ സൃഷ്ടിയിലാണ് റൂബന്‍സ് ശ്രദ്ധിച്ചിട്ടുള്ളത്. ഈ ചിത്രത്തെ മഹത്തരമാക്കുന്നതും റിയലിസത്തിന്റെ കലര്‍പ്പില്ലാത്ത ഈ രചനാതന്ത്രം തന്നെയാണ്.
റൂബന്‍സിന്റെ അവസാന വര്‍ഷങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു. കഠിനമായ വാതരോഗം കൊണ്ട് അദ്ദേഹത്തിലെ ചിത്രകാരന്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടു. വരയ്ക്കുമ്പോള്‍ ബ്രഷ് സ്ഥാനംതെറ്റി, നിങ്ങള്‍ കൂടിക്കലര്‍ന്നു, പലപ്പോഴും ബ്രഷ് കൈയില്‍ നിന്നും വഴുതിവീണു. പക്ഷേ, റൂബന്‍സ് പിന്മാറിയില്ല. ശരീരത്തിന്റെ ബലഹീനതയെ വെറുക്കുകയും ശപിക്കുകയും അതില്‍ സങ്കടപ്പെടുകയും ചെയ്യാതെ മരണത്തിനു കീഴ്‌പ്പെടും വരെ വരച്ചുകൊണ്ടേയിരുന്നു അദ്ദേഹം.