ചിന്മയാനന്ദിന്റെ പീഡനക്കേസില്‍ യുപി സര്‍ക്കാരിനെതിരെ പരാതിക്കാരി

Web Desk
Posted on September 18, 2019, 10:31 pm

ലഖ്‌നൗ: ബിജെപി നേതാവ് ചിന്മയാനന്ദിനെതിരായ പീഡനക്കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പരാതിക്കാരി. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാവാത്ത പൊലീസ് നടപടിക്കെതിരെയാണ് പരാതിക്കാരിയായ നിയമവിദ്യാര്‍ഥിനി രംഗത്തെത്തിയത്. സിആര്‍പിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്.

എസ്‌ഐടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയുടെ പ്രതികരണം. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിദ്യാര്‍ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. യുവതിയുടെ മൊഴി മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്മയാനനന്ദ് ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയിലാണ്.

ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നത്.